
ഐപിഎല്‍ പ്ലേ ഓഫില്‍ സാധ്യത നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. മോയിന്‍ അലി, എബി ഡി വില്ലിയേഴ്സ് എന്നിവരുടെ അര്‍ദ്ധ ശതകങ്ങളുടെ കോളിന് ഡി ഗ്രാന്‍ഡോമിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 218 റണ്‍സ് നേടി കരുത്തുറ്റ നിലയിലായിരുന്നു ബാംഗ്ലൂരിനെ സണ്‍റൈസേഴ്സ് നായകന് കെയിന്‍ വില്യംസണ്-മനീഷ് പാണ്ഡേ കൂട്ടുകെട്ട് മത്സരത്തിന്റെ അവസാന ഓവര്‍ വരെ മുള് മുനയില്‍ നിര്‍ത്തുകയായിരുന്നു.
കെയിന്‍ വില്യംസണിന്റെ വെറും അഞ്ച് റണ്‍സ് മാത്രം വിട്ടു നല്കി സമ്മര്‍ദ്ദത്തെ അതിജീവിച്ച മുഹമ്മദ് സിറാജ് ആണ് അവസാന ഓവറിലെ 20 റണ്‍സ് ലക്ഷ്യത്തെ കാത്ത് രക്ഷിച്ചത്. 14 റണ്‍സിന്റെ വിജയമാണ് ബാംഗ്ലൂര്‍ ഇന്ന് സ്വന്തമാക്കിയത്. ജയത്തോടെ 12 പോയിന്റുമായി ബാംഗ്ലൂര്‍ പ്ലേ ഓഫ് യോഗ്യത സാധ്യത നിലനിര്‍ത്തി.
മൂന്നാം വിക്കറ്റില്‍ 135 റണ്‍സാണ് വില്യംസണ്-പാണ്ടേ കൂട്ടുകെട്ട് നേടിയത്. വില്യംസണ് 42 പന്തില്‍ 81 റണ്‍സ് നേടിയപ്പോള്‍ ടൂര്‍ണ്ണമെന്റില്‍ അത്ര മികച്ച ഫോമില്‍ കളിക്കാന്‍ സാധിക്കാതിരുന്ന മനീഷ് പാണ്ടേ നിര്‍ണ്ണായകമായ ബാറ്റിംഗ് പ്രകടനം പുറത്തെടുക്കുകയായിരുന്നു. 38 പന്തില്‍ 62 റണ്‍സ് നേടി പാണ്ടേ പുറത്താകാതെ നിന്നുവെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ താരത്തിനായില്ല. 20 ഓവറില്‍ 204/3 എന്ന സ്കോറാണ് സണ്‍റൈസേഴ്സ് നേടിയത്.
അവസാന രണ്ടോവറില്‍ 35 റണ്‍സായിരുന്നു സണ്‍റൈസേഴ്സിന്റെ ലക്ഷ്യം. ടിം സൗത്തി എറിഞ്ഞ ആദ്യ പന്ത് വൈഡ് വിധിക്കപ്പെട്ടപ്പോള്‍ തുടരെ രണ്ട് ബൗണ്ടറി നേടി മനീഷ് പാണ്ടേ തന്റെ അര്‍ദ്ധ ശതകം തികച്ചു. എന്നാല്‍ പിന്നീടുള്ള പന്തുകളില്‍ കൂറ്റനടി പിറക്കാതിരുന്നപ്പോള്‍ മത്സരം ബാംഗ്ലൂര്‍ സ്വന്തമാക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തില്‍ അവസാന പന്തില്‍ ബൗണ്ടറി നേടി മനീഷ് പാണ്ടേ ലക്ഷ്യം അവസാന ഓവറില്‍ 20 റണ്‍സാക്കി മാറ്റി. 15 റണ്‍സാണ് സൗത്തിയുടെ ഓവറില്‍ പിറന്നത്.
നിര്‍ണ്ണായകമായ അവസാന ഓവറില്‍ 5 റണ്‍സ് മാത്രം വിട്ടു നല്കി 1 വിക്കറ്റ് നേടിയ മുഹമ്മദ് സിറാജും യൂസുവേന്ദ്ര ചഹാല്‍, ഉമേഷ് യാദവ് എന്നിവരാണ് ബാംഗ്ലൂര്‍ ബൗളര്‍മാരില്‍ മികച്ച് നിന്നത്. ചഹാലിനു ഒരു വിക്കറ്റ് ലഭിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial