ഡല്‍ഹിയ്ക്ക് പ്രതീക്ഷ നല്‍കി ഹെറ്റ്മ്യര്‍, അവസാന ഓവറില്‍ ഒരു റണ്‍സ് വിജയം നേടി ആര്‍സിബി

Mohammadsirajrcb

അവസാന ഓവറില്‍ ജയിക്കുവാന്‍ നേടേണ്ടിയിരുന്നത് 14 റണ്‍സായിരുന്നുവെങ്കില്‍ സിറാജ് എറിഞ്ഞ ഓവറില്‍ 12 റണ്‍സ് മാത്രം പിറന്നപ്പോള്‍ ഒരു റണ്‍സ് വിജയം നേടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ‍ആര്‍സിബിയുടെ 171 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹി 4 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സേ നേടിയുള്ളു. ഋഷഭ് പന്തും ഷിമ്രണ്‍ ഹെറ്റ്മ്യറും ചേര്‍ന്നുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് 78 റണ്‍സ് നേടിയെങ്കിലും അവസാന കടമ്പ കടക്കുവാന്‍ ടീമിന് സാധിച്ചില്ല. ഹെറ്റ്മ്യര്‍ 23 പന്തില്‍ 53 റണ്‍സ് നേടിയപ്പോള്‍ പന്ത് 48 പന്തില്‍ 58 റണ്‍സാണ് നേടിയത്. പന്ത് തുടക്കത്തില്‍ അതിവേഗത്തില്‍ സ്കോര്‍ ചെയ്യാത്തത് ടീമിന് തിരിച്ചടിയാകുകയായിരുന്നു.

അവസാന ഓവറിലെ ആദ്യ നാല് പന്തുകളില്‍ വലിയ ഷോട്ടുകള്‍ കളിക്കുവാന്‍ ഡല്‍ഹി താരങ്ങള്‍ക്ക് കഴിയാതെ പോയതോടെ ലക്ഷ്യം രണ്ട് പന്തില്‍ 10 റണ്‍സായി മാറി. ഋഷഭ് പന്ത് രണ്ട് ബൗണ്ടറി നേടിയെങ്കിലും 1 റണ്‍സ് പരാജയം ഏറ്റുവാങ്ങുകയായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സ്.

കൃത്യമായ ഇടവേളകളില്‍ ഡല്‍ഹിയുടെ വിക്കറ്റുകള്‍ വീണപ്പോള്‍ ഒരു മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തുവാന്‍ ഡല്‍ഹിയ്ക്ക് സാധിച്ചില്ല. 47/3 എന്ന നിലയിലേക്ക് വീണ ഡല്‍ഹിയെ ഋഷഭ് പന്തും മാര്‍ക്കസ് സ്റ്റോയിനിസും ചേര്‍ന്ന് 45 റണ്‍സ് നാലാം വിക്കറ്റില്‍ നേടി മുന്നോട്ട് നയിച്ചുവെങ്കിലും പന്തിന് തന്റെ പതിവു ശൈലിയില്‍ ബാറ്റ് വീശുവാനാകാതെ പോയതും ഡല്‍ഹിയ്ക്ക് കാര്യം പ്രയാസമാക്കി.

24 പന്തില്‍ 56 റണ്‍സായിരുന്നു മത്സരത്തില്‍ രണ്ടാമത്തെ സ്ട്രാറ്റജിക് ബ്രേക്ക് അവസാനിച്ചപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നേടേണ്ടിയിരുന്നത്. ഹര്‍ഷല്‍ പട്ടേലെറിഞ്ഞ 17ാം ഓവറില്‍ 10 റണ്‍സാണ് ഡല്‍ഹി നേടിയത്. 18 പന്തില്‍ 46 റണ്‍സെന്ന നിലയില്‍ കാര്യങ്ങള്‍ വളരെ പ്രയാസമേറിയ സ്ഥിതിയില്‍ കൈല്‍ ജാമിസണ്‍ എറിഞ്ഞ ഓവറില്‍ മൂന്ന് സിക്സ് അടക്കം 21 റണ്‍സ് പിറന്നപ്പോള്‍ ലക്ഷ്യം 2 ഓവറില്‍ 25 റണ്‍സായി മാറി.

23 പന്തില്‍ ഷിമ്രണ്‍ ഹെറ്റ്മ്യര്‍ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കുകയായിരുന്നു.ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ 19ാം ഓവറില്‍ 11 റണ്‍സ് വന്നപ്പോള്‍ അവസാന ഓവറില്‍ 14 റണ്‍സായി ലക്ഷ്യം.