ബാംഗ്ലൂരിനു മുന്‍കൈ നല്‍കി ഉമേഷ് യാദവിന്റെ പ്രകടനം, ആര്‍സിബിയ്ക്ക് 156 റണ്‍സ് വിജയ ലക്ഷ്യം

മികച്ച തുടക്കത്തിനു ശേഷം തകര്‍ന്നടിഞ്ഞ് കിംഗ്സ് ഇലവന്‍ പഞ്ചാബ്. ലോകേഷ് രാഹുലും മയാംഗ് അഗര്‍വാലും ചേര്‍ന്ന് മൂന്നോവറില്‍ 32 റണ്‍സിലേക്ക് പഞ്ചാബിനെ നയിച്ചുവെങ്കിലും ഉമേഷ് യാദവ് തന്റെ രണ്ടാം ഓവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി പഞ്ചാബിനെ 36/3 എന്ന നിലയിലേക്ക് തകര്‍ക്കുകയായിരുന്നു. ഒരു വശത്ത് മൂന്ന് വിക്കറ്റുകള്‍ വീണുവെങ്കിലും അത് ബാധിക്കാത്ത പ്രകടനവുമായി കെഎല്‍ രാഹുല്‍ തന്റെ ഫോം തുടര്‍ന്ന് മുന്നേറി.

കരുണ്‍ നായരുമായി ചേര്‍ന്ന് നാലാം വിക്കറ്റില്‍ 58 റണ്‍സ് നേടി ഇരുവരും പഞ്ചാബിനെ വീണ്ടും ട്രാക്കിലേക്കെത്തിച്ചുവെങ്കിലും വാഷിംഗ്ടണ്‍ സുന്ദര്‍ വിക്കറ്റുകളുമായി വീണ്ടും ബാംഗ്ലൂരിനു മുന്‍കൈ നല്‍കി. 30 പന്തില്‍ 47 റണ്‍സ് നേടിയ രാഹുലിനെ വാഷിംഗ്ടണ്‍ സുന്ദര്‍ പുറത്താക്കിയപ്പോള്‍ കരുണ്‍ നായര്‍(29) കുല്‍വന്ത് ഖേജ്രോലിയയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങി. സ്റ്റോയിനിസിനെ(11) പുറത്താക്കി സുന്ദര്‍ 94/3 എന്ന നിലയില്‍ നിന്ന് പഞ്ചാബിനെ 110/6 എന്ന നിലയിലേക്ക് വരിഞ്ഞുകെട്ടി. 19.2 ഓവറില്‍ പഞ്ചാബ് 155 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

പഞ്ചാബ് നായകന്‍ രവിചന്ദ്രന്‍ അശ്വിന്‍ നേടിയ 33 റണ്‍സാണ് ടീമിന്റെ സ്കോര്‍ 155ല്‍ എത്തിക്കുവാന്‍ സഹായിച്ചത്. 21 പന്തുകളാണ് അശ്വിന്‍ നേരിട്ടത്. ഉമേഷ് യാദവ് നാലോവറില്‍ 23 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദറും കുല്‍വന്ത് ഖേജ്രോലിയയും  ക്രിസ് വോക്സും രണ്ട് വീതം വിക്കറ്റ് നേടി. യൂസുവേന്ദ്ര ചഹാലിനു ഒരു വിക്കറ്റും ലഭിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleനികോ കോവാച്ച് ബയേണിന്റെ പുതിയ കോച്ചാവും
Next articleബാന്‍ക്രോഫ്ടിനു പകരം മാറ്റ് റെന്‍ഷായെ ടീമിലെത്തിച്ച് സോമര്‍സെറ്റ്