കെയിന്‍ വില്യംസണിനു അര്‍ദ്ധ ശതകം, കോഹ്‍ലി പടയ്ക്ക് 147 റണ്‍സ് വിജയലക്ഷ്യം

- Advertisement -

കിട്ടാക്കനിയായി വിജയം നേടുന്നതിനായി വിരാട് കോഹ്‍ലിയും സംഘത്തിനും നേടേണ്ടത് 147 റണ്‍സ്. 9 മത്സരങ്ങളില്‍ വെറും മൂന്ന് ജയം മാത്രം സ്വന്തമാക്കിയ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനു ഇന്നത്തെ മത്സരത്തില്‍ വിജയം നേടിയാല്‍ മാത്രമേ ടൂര്‍ണ്ണമെന്റില്‍ സജീവമായി നില്‍ക്കാനാകുള്ളു. മോയിന്‍ അലിയും യൂസുവേന്ദ്ര ചഹാലും കണിശതയോടെ പന്തെറിഞ്ഞ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സണ്‍ റൈസേഴ്സ് ഹൈദ്രാബാദ് 20 ഓവറില്‍ 147 റണ്‍സിനു ഓള്‍ഔട്ട് ആകുകയായിരുന്നു. അര്‍ദ്ധ ശതകം നേടിയ കെയിന്‍ വില്യംസണും 35 റണ്‍സ് നേടി ഷാകിബ് അല്‍ ഹസനും നാലാം വിക്കറ്റില്‍ ഒത്തുകൂടിയാണ് സണ്‍റൈസേഴ്സ് ബൗളര്‍മാര്‍ക്ക് ഡിഫെന്‍ഡ് ചെയ്യാനാകുന്ന സ്കോര്‍ നേടിക്കൊടുത്തത്.

മികച്ച തുടക്കം നേടുകയെന്ന സണ്‍റൈസേഴ്സ് പതിവാണ് ഇന്നത്തെ മത്സരത്തില്‍ തെറ്റിയത്. അലക്സ് ഹെയില്‍സും ശിഖര്‍ ധവാനും വേഗം മടങ്ങിയപ്പോള്‍ തൊട്ടുപുറകെയെത്തിയ മനീഷ് പാണ്ഡേയും തന്റെ മോശം ഫോം തുടര്‍ന്ന് പവലിയനിലേക്ക് മടങ്ങി. 8.2 ഓവറില്‍ 48/3 എന്ന നിലയില്‍ നിന്നാണ് നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ വിദേശ താരങ്ങള്‍ 64 റണ്‍സ് നേടി വീണ്ടും ടീമിനു പ്രതീക്ഷ നല്‍കിയത്.

ഉമേഷ് യാദവ് തന്റെ സ്പെല്ലിന്റെ അവസാന പന്തില്‍ വില്യംസണിന്റെ വിക്കറ്റഅ് നേടുകയായിരുന്നു. ടോപ് ഗിയറിലേക്ക് തന്റെ ബാറ്റിംഗ് ശൈലി മാറ്റിയ അവസരത്തിലാണ് 56 റണ്‍സ് നേടിയ കെയിനിന്റെ മടക്കം. തൊട്ടടുത്ത ഓവറില്‍ 35 റണ്‍സ് നേടിയ ഷാകിബ് മടങ്ങി. സൗത്തിയ്ക്കായിരുന്നു വിക്കറ്റ്.

യൂസഫ് പത്താന്‍ 12 റണ്‍സുമായി മുഹമ്മദ് സിറാജിനു വിക്കറ്റ് നല്‍കി മടങ്ങി. യൂസഫ് പത്താനെയും വൃദ്ധിമന്‍ സാഹയെയും സിറാജ് ബൗള്‍ഡാക്കിയപ്പോള്‍ റഷീദ് ഖാനും സിദ്ധാര്‍ത്ഥ് കൗളും റണ്‍ഔട്ട് ആയി. ഇന്നിംഗ്സിലെ അവസാന പന്തില്‍ സന്ദീപ് ശര്‍മ്മയെ വിക്കറ്റിനു മുന്നില്‍ ടിം സൗത്തി കുടുക്കുകയായിരുന്നു.

അവസാന ഓവറുകളില്‍ ബാംഗ്ലൂര്‍ ബൗളര്‍മാര്‍ മികച്ച തിരിച്ചുവരവ് നടത്തിയപ്പോള്‍ ഇന്നിംഗ്സിലെ അവസാന പന്തില്‍ സണ്‍റൈസേഴ്സ് ഓള്‍ഔട്ട് ആയി. മുഹമ്മദ് സിറാജും ടിം സൗത്തിയും മൂന്ന് വീതം വിക്കറ്റുമായി സണ്‍റൈസേഴ്സ് ബാറ്റിംഗ് നിരയെ തകര്‍ത്തെറിയുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement