പേടിക്കേണ്ട, റായിഡു അടുത്ത മത്സരത്തില്‍ തിരികെയെത്തും, ചെന്നൈ ആരാധകര്‍ക്ക് ശുഭവാര്‍ത്ത നല്‍കി എംഎസ് ധോണി

മുംബൈയ്ക്കെതിരെ ടീമിന്റെ ആദ്യ മത്സരത്തില്‍ വിജയം ഉറപ്പാക്കിയത് മധ്യനിര താരം അമ്പാട്ടി റായിഡു ആയിരുന്നു. എന്നാല്‍ പിന്നീട് പൂര്‍ണ്ണമായി ഫിറ്റ് അല്ലാതിരുന്ന താരം അടുത്ത രണ്ട് മത്സരങ്ങളിലും പുറത്തിരിക്കുകയായിരുന്നു. എന്നാല്‍ ഈ മത്സരങ്ങളില്‍ രണ്ടും ചെന്നൈ തോല്‍വിയേറ്റ് വാങ്ങുകയായിരുന്നു.

മുംബൈയ്ക്കെതിരെ റായിഡുവിനൊപ്പം ബാറ്റ് വീശി ടീമിനെ വിജയ തീരത്തേക്ക് നയിച്ച ഫാഫ് ഡു പ്ലെസി മാത്രമാണ് ഈ രണ്ട് മത്സരങ്ങളിലും ടീമിനായി മികവ് പുലര്‍ത്തിയത്. മറ്റു ടോപ് ഓര്‍ഡര്‍ മധ്യ നിര താരങ്ങള്‍ റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയപ്പോള്‍ കനത്ത പരാജയമാണ് ചെന്നൈ ഏറ്റുവാങ്ങിയത്.

ഇന്നലെ ഡല്‍ഹിയ്ക്കെതിരെയുള്ള തോല്‍വിയ്ക്ക് ശേഷം സംസാരിക്കുമ്പോള്‍ ആണ് ധോണി അമ്പാട്ടി റായിഡുവിന്റെ തിരിച്ചുവരവ് അടുത്ത മത്സരത്തിലുണ്ടാകുമെന്ന് അറിയിച്ചത്. ടീം ഘടന മികച്ചതാക്കുവാന്‍ റായിഡുവിന്റെ മടങ്ങി വരവ് സഹായിക്കുമെന്നാണ് ധോണി പറഞ്ഞത്. റായിഡു തിരിച്ചെത്തുന്നതോടെ ഒരു അധിക ബൗളറെ ടീമിലുള്‍പ്പെടുത്തുവാനാകുമെന്നും ചെന്നൈ നായകന്‍ വ്യക്തമാക്കി.

റായിഡു തിരികെ ടീമിലെത്തുമ്പോള്‍ റുതുരാജ് ഗായ്‍ക്വാഡിന്റെ സ്ഥാനമാകും നഷ്ടമാകുക എന്ന് വേണം കരുതുവാന്‍.

Previous articleസുവാരസിന് പിന്നാലെ കവാനിയെയും ടീമിൽ എത്തിക്കാൻ അത്ലറ്റിക്കോ മാഡ്രിഡ്
Next articleഐ എസ് എൽ ഒരുക്കങ്ങൾക്കായി മോഹൻ ബഗാൻ ടീം ഗോവയിലേക്ക്