റണ്ണടിച്ച് റായിഡു, തുടക്കം പാളിയെങ്കിലും മികച്ച സ്കോര്‍ നേടി ചെന്നൈ

- Advertisement -

സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ ബാറ്റിംഗ് മികവ് പുറത്തെടുക്കാന്‍ ബുദ്ധിമുട്ടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച അമ്പാട്ടി റായിഡുവിന്റെ മികവില്‍ 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് നേടുകയായിരുന്നു. റായിഡു 79 റണ്‍സ് നേടിയപ്പോള്‍ സുരേഷ് റെയ്‍ന 54 റണ്‍സുമായി റായിഡുവിനു പിന്തുണ നല്‍കി.

സുരേഷ് റെയ്‍നയും അമ്പാട്ടി റായിഡവും ടീമിനു വേണ്ടി റണ്‍സ് കണ്ടെത്തിയെങ്കിലും റെയ്‍നയ്ക്ക് വേണ്ടത്ര വേഗതയില്‍ സ്കോറിംഗ് നടത്താനാകാതെ വന്നത് ടീമിനു തിരിച്ചടിയായി. ഓപ്പണിംഗില്‍ അമ്പാട്ടി റായിഡുവിനു പകരം ഫാഫ് ഡുപ്ലെസിയെ ചെന്നൈ പരീക്ഷിച്ചുവെങ്കിലും തീരുമാനം പാളുകയായിരുന്നു. ഫാഫും ഷെയിന്‍ വാട്സണും റണ്‍സ് കണ്ടെത്തുവാന്‍ നന്നേ ബുദ്ധിമുട്ടുകയായിരുന്നു. ഭുവനേശ്വര്‍ കുമാര്‍ വാട്സണെയും ഫാഫ് ഡു പ്ലെസിയെ റഷീദ് ഖാനും പുറത്താക്കി.

രണ്ടാം വിക്കറ്റില്‍ റെയ്‍ന-റായിഡു കൂട്ടുകെട്ടാണ് ചെന്നൈയ്ക്ക് പൊരുതാവുന്ന സ്കോര്‍ നേടുവാന്‍ സഹായിച്ചത്. റായിഡുവിനു വേഗത്തില്‍ റണ്‍സ് നേടാനായപ്പോള്‍ റെയ്‍നയ്ക്ക് തുടക്കത്തില്‍ തന്റെ പതിവു ശൈലിയില്‍ ബാറ്റ് വീശാനായില്ല. ബില്ലി സ്റ്റാന്‍ലേക്ക് എറിഞ്ഞ 14ാം ഓവറില്‍ 19 റണ്‍സ് നേടി റായിഡുവാണ് ചെന്നൈ ഇന്നിംഗ്സിനു വേഗത നല്‍കി സ്കോര്‍ 100 കടത്തിയത്.

13 ഓവറുകള്‍ അവസാനിക്കുമ്പോള്‍ 87/2 എന്ന നിലയിലായിരുന്നു ചെന്നൈ റായിഡുവിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ സഹായത്തില്‍ അടുത്ത മൂന്നോവറില്‍ 50 റണ്‍സ് നേടുകയായിരുന്നു. റഷീദ് ഖാനെയും ഷാകിബിനെയും നിര്‍ബാധം സിക്സുകളും ബൗണ്ടറിയും കടത്തി റായിഡു ഹൈദ്രബാദ് ബൗളിംഗിന്റെ താളം തെറ്റിച്ചു.

27 പന്തില്‍ തന്റെ അര്‍ദ്ധ ശതകം തികച്ച റായിഡു അതേ ഓവറില്‍ ഷാകിബിനെയും രണ്ട് വട്ടം അതിര്‍ത്തി കടത്തി. ചാമ്പ്യന്‍ സ്പിന്നര്‍ റഷീദ് ഖാനെയും റായിഡു വെറുതെ വിട്ടില്ല. 37 പന്തില്‍ 79 റണ്‍സ് നേടിയ റായിഡു റണ്‍ഔട്ട് രൂപത്തില്‍ 17ാം ഓവറില്‍ പുറത്താകുമ്പോള്‍ ചെന്നൈ 144/3 എന്ന നിലയിലായിരുന്നു. 122 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ കൂട്ടുകെട്ട് നേടിയത്.

39 പന്തില്‍ റെയ്‍ന തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി. ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ റെയ്‍ന 54 റണ്‍സും 12 പന്തില്‍ 25 റണ്‍സ് നേടി ധോണിയും ക്രീസിലുണ്ടായിരുന്നു.

റഷീദ് ഖാനും ഭുവനേശ്വര്‍ കുമാറുമാണ് ഹൈദ്രാബാദിന്റെ വിക്കറ്റ് വേട്ടക്കാര്‍. ഭുവിയും സിദ്ധാര്‍ത്ഥ് കൗളും ഷാകിബ് അല്‍ ഹസനുമാണ് റണ്‍സ് കുറച്ച് വിട്ടുകൊടുത്ത് പന്തെറിഞ്ഞത്.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement