അശ്വിന്റെ ക്വാട്ട തികയ്ക്കാത്തത് തങ്ങളുടെ ഭാഗത്തെ പിഴവ് – റിക്കി പോണ്ടിംഗ്

Ravichandranashwin

ഡല്‍ഹി ക്യാപിറ്റല്‍സ് ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന് തന്റെ നാലോവര്‍ നല്‍കുവാതിരുന്നത് ഡല്‍ഹിയുടെ ഭാഗത്തെ പിഴവാണെന്ന് പറഞ്ഞ് ടീം മുഖ്യ കോച്ച് റിക്കി പോണ്ടിംഗ്. മൂന്നോവര്‍ എറിഞ്ഞ അശ്വിന് വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും താരം വെറും 14 റണ്‍സ് മാത്രമാണ് വിട്ട് നല്‍കിയത്.
അവസാന ഓവറുകളില്‍ ഡല്‍ഹി ബൗളര്‍മാരുടെ താളം തെറ്റിയപ്പോള്‍ ക്രിസ് മോറിസ് രാജസ്ഥാനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

അശ്വിന് തന്റെ ക്വാട്ട തികയ്ക്കാന്‍ അവസരം നല്‍കാതിരുന്നത് ഡല്‍ഹിയുടെ വലിയ പിഴവായി മാറുകയായിരുന്നു പിന്നീട്. താരം ഒരു ബൗണ്ടറി പോലും വിട്ട് നല്‍കിയിരുന്നില്ല. ക്രീസില്‍ രാഹുല്‍ തെവാത്തിയയും ഡേവിഡ് മില്ലറും നില്‍ക്കുമ്പോള്‍ ഇരുവരും ഇടം കൈയ്യന്മാര്‍ എന്ന നിലയില്‍ അശ്വിനെ ബൗളിംഗില്‍ കൊണ്ടുവരുന്നതിന് പകരം ഡല്‍ഹി നായകന്‍ ഋഷഭ് പന്ത് മാര്‍ക്കസ് സ്റ്റോയിനിസിനാണ് അവസരം നല്‍കിയത്.

ഡേവിഡ് മില്ലര്‍ താരത്തെ മൂന്ന് ബൗണ്ടറി പായിച്ചപ്പോള്‍ ഓവറില്‍ നിന്ന് 15 റണ്‍സാണ് പിറന്നത്. അതിന് ശേഷം അശ്വിനെ ഡല്‍ഹി പരിഗണിച്ചില്ല. അശ്വിന് എന്ത് കൊണ്ട് നാല് ഓവര്‍ നല്‍കിയില്ല എന്നത് തീര്‍ച്ചയായും ഡല്‍ഹി ടീം മീറ്റിംഗില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്ന് റിക്കി പോണ്ടിംഗ് വ്യക്തമാക്കി.

താരം മികച്ച രീതിയിലാണ് പന്തെറിഞ്ഞതെന്നും ഒരു ബൗണ്ടറി പോലും വഴങ്ങാതെയാണ് ഈ പ്രകടനം എന്നും റിക്കി പോണ്ടിംഗ് പറഞ്ഞു. ആദ്യ മത്സരത്തില്‍ താരത്തിന്റെ പ്രകടനം മോശമായെങ്കിലും ശക്തമായ തിരിച്ചുവരവാണ് അശ്വിന്‍ നടത്തിയതെന്നും ആ നാലാം ഓവര്‍ അശ്വിന് നല്‍കാതിരുന്നത് ഡല്‍ഹിയുടെ പിഴവാണെന്നും റിക്കി പോണ്ടിംഗ് സൂചിപ്പിച്ചു.

Previous articleബൗളര്‍മാര്‍ തുടക്കത്തില്‍ മികച്ച് നിന്നു, എന്നാല്‍ അവസാനം രാജസ്ഥാന് കാര്യങ്ങള്‍ എളുപ്പമാക്കി – ഋഷഭ് പന്ത്
Next articleഒബാമയങ്ങിന് മലേറിയ