ഓള്‍റൗണ്ട് പ്രകടനവുമായി റഷീദ് ഖാന്‍, ഇനി ചെന്നൈ-ഹൈദ്രാബാദ് ഫൈനല്‍ പോരാട്ടം

- Advertisement -

ബാറ്റിംഗിലും ഫീല്‍ഡിംഗിലും ബൗളിംഗിലും റഷീദ് ഖാന്‍ തിളങ്ങിയ മത്സരത്തില്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. ഇന്ന് നടന്ന രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദ്രാബാദ് റഷീദ് ഖാന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ 174/7 എന്ന സ്കോര്‍ നേടുകയായിരുന്നു. 175 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ കൊല്‍ക്കത്തയ്ക്ക 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ 160 റണ്‍സ് മാത്രമേ നേടാനായുള്ളു. റഷീദ് ഖാന്റെ മൂന്ന് വിക്കറ്റ് നേട്ടമാണ് കൊല്‍ക്കത്തയുടെ ഫൈനല്‍ പ്രതീക്ഷയെ തകര്‍ത്തത്.

പവര്‍പ്ലേയില്‍ സുനില്‍ നരൈന്‍ കൊല്‍ക്കത്തയ്ക്ക് വെടിക്കെട്ട് തുടക്കം നല്‍കുകയായിരുന്നു. 3.2 ഓവറില്‍ 40 റണ്‍സ് നേടിയ കൊല്‍ക്കത്തയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത് സുനില്‍ നരൈന്റെ രൂപത്തിലായിരുന്നു. 13 പന്തില്‍ 26 റണ്‍സാണ് നരൈന്‍ നേടിയത്. സിദ്ധാര്‍ത്ഥ് കൗളാണ് വിക്കറ്റ് നേടിയത്. തുടര്‍ന്ന് നിതീഷ് റാണയുമായി ചേര്‍ന്ന് 47 റണ്‍സ് കൂടി ലിന്‍ രണ്ടാം വിക്കറ്റില്‍ നേടിയെങ്കിലും 22 റണ്‍സ് നേടിയ റാണ അനാവശ്യമായ റണ്ണിനോടി റണ്ണൗട്ട് ആവുകയായിരുന്നു.

ഉത്തപ്പയെ റഷീദ് ഖാനും ദിനേശ് കാര്‍ത്തിക്കിനെ ഷാകിബ് അല്‍ ഹസനും ബൗള്‍ഡാക്കിയപ്പോള്‍ അടുത്ത ഓവറില്‍ 48 റണ്‍സ് നേടിയ ക്രിസ് ലിന്നിനെയും കൊല്‍ക്കത്തയ്ക്ക് നഷ്ടമായി. 87/1 എന്ന നിലയില്‍ നിന്ന് 108/5 എന്ന നിലയിലേക്ക് വീണ കൊല്‍ക്കത്ത 21 റണ്‍സ് നേടുന്നതിനിടെ 4 വിക്കറ്റുകളാണ് കളഞ്ഞത്.

റഷീദ് ഖാനായിരുന്നു ക്രിസ് ലിന്നിന്റെയും വിക്കറ്റ്. ഏതാനും ഓവറുകള്‍ക്ക് ശേഷം തന്റെ അവസാന ഓവറില്‍ ആന്‍ഡ്രേ റസ്സലിനെയും റഷീദ് ഖാന്‍ പുറത്താക്കിയപ്പോള്‍ കൊല്‍ക്കത്തയുടെ അവസാന പ്രതീക്ഷയും അവസാനിക്കുകയായിരുന്നു. മത്സരത്തില്‍ റഷീദ് ഖാന്റെ മൂന്നാം വിക്കറ്റായിരുന്നു അത്. തന്റെ നാലോവറില്‍ 19 റണ്‍സാണ് റഷീദ് ഖാന്‍ വഴങ്ങിയത്.

ഖലീല്‍ അഹമ്മദ് എറിഞ്ഞ 16ാം ഓവറില്‍ ഒരു ബൗണ്ടറി നേടി ശുഭ്മന്‍ ഗില്ലും അവസാന പന്തില്‍ സിക്സര്‍ പറത്തി പിയൂഷ് ചൗളയും കൊല്‍ക്കത്ത ക്യാമ്പില്‍ പ്രതീക്ഷ പരത്തി. 24 പന്തില്‍ 43 റണ്‍സായിരുന്നു കൊല്‍ക്കത്ത നേടേണ്ടിയിരുന്നത്. അവസാന ഓവറുകള്‍ എറിയാനെത്തിയ സിദ്ധാര്‍ത്ഥ് കൗളും ഭുവനേശ്വര്‍ കുമാറും കൃത്യതയോടെ പന്തെറിഞ്ഞപ്പോള്‍ കൊല്‍ക്കത്തയുടെ ലക്ഷ്യം 2 ഓവറില്‍ 30 റണ്‍സായി ഉയര്‍ന്നു.

19ാം ഓവറില്‍ ആദ്യ പന്തില്‍ പിയൂഷ് ചൗളയെ നഷ്ടമായെങ്കിലും ഓവറിലെ അവസാന പന്തില്‍ നേടിയ സിക്സ് ഉള്‍പ്പെടെ 11 റണ്‍സ് നേടി ശുഭ്മന്‍ ഗില്‍ കൊല്‍ക്കത്തയുടെ ലക്ഷ്യം 19 റണ്‍സാക്കി കുറച്ചു. കാര്‍ലോസ് ബ്രാത്‍വൈറ്റിനെ ആദ്യ പന്തില്‍ ബൗണ്ടറി പായിച്ചുവെങ്കിലും തൊട്ടടുത്ത രണ്ട് പന്തുകളില് ‍ശിവം മാവിയെയും ശുഭ്മന്‍ ഗില്ലിനെയും പുറത്താക്കി കാര്‍ലോസ് തിരികെ വന്നു. അടുത്ത മൂന്ന് പന്തുകളില്‍ ഒരു റണ്‍സ് മാത്രം കൊല്‍ക്കത്ത നേടിയപ്പോള്‍ 14 റണ്‍സിന്റെ വിജയം സണ്‍റൈസേഴ്സ് സ്വന്തമാക്കി.

ശുഭ്മന്‍ ഗില്‍ 30 റണ്‍സ് നേടി പുറത്തായി.  റഷീദ് ഖാന്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ കാര്‍ലോസ് ബ്രാത്‍വൈറ്റ്, സിദ്ധാര്‍ത്ഥ് കൗള്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും ഷാകിബ് അല്‍ ഹസന്‍ ഒരു വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement