ട്വിസ്റ്റുകളുടെ മത്സരത്തില്‍ കൃഷ്ണപ്പ ഗൗതം രാജസ്ഥാനെ വിജയിപ്പിച്ചു

- Advertisement -

സൂര്യകുമാര്‍ യാദവ്-ഇഷാന്‍ കിഷന്‍ കൂട്ടുകെട്ട് നല്‍കിയ തുടക്കം കൈമോശം വരുത്തി 168 റണ്‍സിന്റെ വിജയലക്ഷ്യം രാജസ്ഥാനു മുന്നില്‍ വെച്ച മുംബൈയെ 3 വിക്കറ്റുകള്‍ക്ക് കീഴടക്കി ആതിഥേയര്‍. മത്സരത്തിലേക്ക് തിരികെയെത്തിയ മുംബൈയില്‍ നിന്ന് മത്സരം തട്ടിയെടുത്തത് കൃഷ്മപ്പ ഗൗതമായിരുന്നു. 11 പന്തില്‍ 33 റണ്‍സാണ് ഗൗതം നേടിയത്.

ആവേശകരമായ മത്സരത്തില്‍ നിര്‍ണ്ണായകമായ മൂന്നാം വിക്കറ്റില്‍ കൂട്ടുകെട്ടില്‍ സഞ്ജു സാംസണും-ബെന്‍ സ്റ്റോക്സും കൂറ്റന്‍ടികളെക്കാള്‍ വിക്കറ്റുകള്‍ക്കിടയിലെ ഓട്ടത്തിനാണ് പ്രാധാന്യം നല്‍കിയത്. 72 റണ്‍സിന്റെ നിര്‍ണ്ണായകമായ കൂട്ടുകെട്ടാണ് സഞ്ജുവും-സ്റ്റോക്സും ചേര്‍ന്ന് നേടിയത്.

എന്നാല്‍ സ്റ്റോക്സിനെ പുറത്താക്കി ഹാര്‍ദ്ദിക് പാണ്ഡ്യ രാജസ്ഥാന്റെ ശ്രമങ്ങള്‍ക്ക് വിലങ്ങ് തടിയായി മാറി. 27 പന്തില്‍ 40 റണ്‍സാണ് സ്റ്റോക്സ് നേടിയത്. അവസാന അഞ്ചോവറില്‍ 50 റണ്‍സായിരുന്നു രാജസ്ഥാനു വേണ്ടിയിരുന്നത്. ബുംറ എറിഞ്ഞ 17ാം ഓവറിന്റെ രണ്ടാം പന്തില്‍ സഞ്ജു പുറത്തായതോടെ രാജസ്ഥാന്റെ നില പരുങ്ങലിലായി. തൊട്ടടുത്ത പന്തില്‍ ജോസ് ബട്‍ലറെ ക്ലീന്‍ ബൗള്‍ഡാക്കി ബുംറ മത്സരം മുംബൈ പക്ഷത്തേക്ക് മാറ്റി. ഒരു റണ്‍സ് മാത്രമാണ് ബുംറ ആ ഓവറില്‍ വഴങ്ങിയത്.

തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ ക്ലാസെനെ പൂജ്യത്തിനു പുറത്താക്കി മുസ്തഫിസുര്‍ ആധിപത്യം മുംബൈയ്ക്കായി നേടിക്കൊടുത്തുവെങ്കിലും കൃഷ്ണപ്പ ഗൗതം അവസാന രണ്ട് പന്തുകളില്‍ നിന്ന് 10 റണ്‍സ് നേടി ഓവറിലെ നേട്ടം 15 ആക്കി വീണ്ടും രാജസ്ഥാന്‍ ക്യാമ്പില്‍ പ്രതീക്ഷ പരത്തി. 19ാം ഓവറിന്റെ ആദ്യ പന്തില്‍ ബൗണ്ടറി നേടി ജോഫ്ര ആര്‍ച്ചര്‍ മത്സരം വീണ്ടും ആവേശകരമാക്കി. ഓവറില്‍ ബുംറ 18 റണ്‍സ് വഴങ്ങിയതോടെ രാജസ്ഥാനു അവസാന ഓവറില്‍ 10 റണ്‍സ് അകലെയായി വിജയം.

അവസാന ഓവറില്‍ ആദ്യ പന്തില്‍ ജോഫ്ര ആര്‍ച്ചറെ പുറത്താക്കി ഹാര്‍ദ്ദിക് പാണ്ഡ്യ വീണ്ടും മുംബൈ ക്യാമ്പിനെ ഉണര്‍ത്തി. എന്നാല്‍ രണ്ടാമത്തെ പന്ത് ബൗണ്ടറി കടത്തി ഗൗതം തിരിച്ചടിച്ചു. മൂന്നാം പന്തില്‍ സിംഗിള്‍ എടുക്കാതിരുന്ന ഗൗതം നാലാം പന്തില്‍ സിക്സടിച്ച് കളി രാജസ്ഥാനു അനുകൂലമാക്കി മാറ്റി. നാല് ബൗണ്ടറിയും 2 സിക്സുമാണ് ഗൗതം അടിച്ചത്.

മുംബൈയ്ക്ക് വേണ്ടി ബുംറയും ഹാര്‍ദ്ദിക്കും രണ്ട് വിക്കറ്റ് നേടി. മക്ലെനാഗന്‍, ക്രുണാല്‍ പാണ്ഡ്യ, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement