
കിംഗ്സ് ഇലവന് പഞ്ചാബിനെതിരെ 158 റണ്‍സ് വിട്ടു നല്‍കാതെ വിജയം സ്വന്തമാക്കി രാജസ്ഥാന് റോയല്‍സ്. കൃത്യതയോടെ രാജസ്ഥാന് ബൗളര്‍മാര്‍ പന്തെറിഞ്ഞപ്പോള്‍ കിംഗ്സ് ഇലവന് പഞ്ചാബിനു 20 ഓവറില്‍ 7 വിക്കറ്റുകളുടെ നഷ്ടത്തില്‍ 143 റണ്‍സ് മാത്രമേ നേടാനായുള്ളു. മത്സരത്തില്‍ 15 റണ്‍സിന്റെ ജയമാണ് രാജസ്ഥാന് സ്വന്തമാക്കിയത്. 95 റണ്‍സുമായി കെഎല്‍ രാഹുല്‍ മാത്രമാണ് പഞ്ചാബ് നിരയില്‍ പൊരുതി നോക്കിയത്. എന്നാല്‍ വേണ്ടത്ര വേഗതയില്‍ റണ്‍സ് നേടാന്‍ രാഹുലിനും സാധിക്കാതെ വന്നത് പഞ്ചാബിനു വിനയായി. അവസാന ഓവറുകളില്‍ മാത്രമാണ് രാഹുലിനും കൂറ്റനടികളിലൂടെ റണ്‍സ് നേടുവാന്‍ ആയത്. 70 പന്തില്‍ 95 റണ്‍സാണ് രാഹുല്‍ നേടിയത്. 11 ബൗണ്ടറിയും 2 സിക്സും ആണ് താരം നേടിയത്.
നേരത്തെ 82 റണ്‍സ് നേടി ജോസ് ബട്ലറുടെ പ്രകടനത്തിനു ശേഷം ആന്‍ഡ്രൂ ടൈയുടെ നാല് വിക്കറ്റ് നേട്ടത്തിന്റെ ബലത്തില്‍ രാജസ്ഥാനെ പഞ്ചാബ് 158/8 എന്ന നിലയില്‍ ചെറുത്ത് നിര്‍ത്തുകയായിരുന്നു. ജോസ് ബട്ലറാണ് കളിയിലെ താരം.
മൂന്നാം ഓവര്‍ എറിഞ്ഞ കൃഷ്ണപ്പ ഗൗതം ക്രിസ് ഗെയിലിനെയും പിഞ്ച് ഹിറ്ററായി ഇറങ്ങിയ രവിചന്ദ്രന്‍ അശ്വിനെയും പുറത്താക്കി രാജസ്ഥാനു ആദ്യ ബ്രേക്ക് ത്രൂ നല്‍കുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ ജോഫ്ര ആര്‍ച്ചര്‍ കരുണ്‍ നായരെ വീഴ്ത്തി. പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ 33/3 എന്ന നിലയില്‍ ടൂര്‍ണ്ണമെന്റിലെ തന്നെ മോശം തുടക്കമായിരുന്നു പഞ്ചാബിന്റേത്.
രാഹുല്‍ ഒരു വശത്ത് പൊരുതിയെങ്കിലും മറുവശത്ത് നിന്ന് വേണ്ടത്ര പിന്തുണ നല്കുവാന് മറ്റു താരങ്ങള്‍ക്കാര്‍ക്കും തന്നെയായില്ല. ഇഷ് സോധിയും കണിശതയോടെ പന്തെറിഞ്ഞപ്പോള്‍ പഞ്ചാബ് നേടേണ്ട റണ്‍റേറ്റ് കുത്തനെ ഉയരുകയായിരുന്നു. തന്റെ നാലോവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി ഇഷ് സോധി ഒരു വിക്കറ്റ് നേടി. 11 റണ്‍സ് നേടിയ മാര്‍ക്കസ് സ്റ്റോയിനിസ് ആണ് രണ്ടക്കം കടന്ന മറ്റൊരു പഞ്ചാബ് താരം.
അവസാന മൂന്നോവറില്‍ 57 റണ്‍സായിരുന്നു പഞ്ചാബിനു വിജയിക്കുവാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ 20 ഓവര്‍ അവസാനിക്കുമ്പോള്‍ 143 റണ്‍സാണ് പഞ്ചാബിനു നേടാനായത്. 19ാം ഓവര്‍ എറിഞ്ഞ ജോഫ്ര ആര്‍ച്ചറെ സ്പെല്ലിന്റെ അവസാന മൂന്ന് പന്തില്‍ ബൗണ്ടറി നേടി ലക്ഷ്യം അവസാന ഓവറില്‍ 32 റണ്‍സായി രാഹുല്‍ കുറച്ചിരുന്നു.16 റണ്‍സാണ് ജോഫ്ര ആര്‍ച്ചറുടെ ഓവറില്‍ പിറന്നത്.
അവസാന ഓവറിലെ ആദ്യ പന്തില്‍ സ്റ്റോയിനിസിനെ പുറത്താക്കി ജയ്ദേവ് ഉനഡ്കടും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു. ഓവറില്‍ ഒരു സിക്സും രണ്ട് ബൗണ്ടറിയും നേടി തന്റെ വ്യക്തിഗത സ്കോര്‍ 95ല്‍ എത്തിച്ച് താരത്തിനു പുറത്താകാതെ നില്‍ക്കാനായി രാഹുലിനു.
ഗൗതം രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്സ്, ഇഷ് സോധി, ഉനഡ്കട് എന്നിവരാണ് മറ്റു വിക്കറ്റ് നേട്ടക്കാര്‍.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial