
ഇന്‍ഡോറിലെ ഹോള്‍ക്കര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ന് സൂപ്പര്‍ സണ്ടേ ദിനത്തില്‍ നടന്ന രണ്ടാം മത്സരത്തില്‍ വിജയം നേടി കിംഗ്സ് ഇലവന് പഞ്ചാബ്. രാജസ്ഥാന് റോയല്‍സിനെതിരെ 6 വിക്കറ്റിന്റെ ജയമാണ് പഞ്ചാബ് ഇന്ന് നേടിയത്. കെഎല്‍ രാഹുല്‍ പുറത്താകാതെ നേടിയ 84 റണ്‍സാണ് 8 പന്തുകള്‍ ബാക്കി നില്‍ക്കെ പഞ്ചാബിനെ ലക്ഷ്യം നേടുവാന്‍ സഹായിച്ചത്. നാല് പന്തിനിടെ മൂന്ന് വിക്കറ്റുകള്‍ നേടി രാജസ്ഥാന് തകര്‍ച്ചയ്ക്ക് തുടക്കമിട്ട മുജീബ് ഉര് റഹ്മാന് ആണ് കളിയിലെ താരം.
ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാന് റോയല്‍സ് 20 ഓവറില്‍ 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ 152 റണ്‍സാണ് നേടിയത്. 153 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ കിംഗ്സ് ഇലവന് പഞ്ചാബിനു 18.4 ഓവറുകളില്‍ 4 വിക്കറ്റുകളുടെ നഷ്ടത്തില്‍ 155 റണ്‍സ് നേടി.
നാലാം ഓവറില്‍ ക്രിസ് ഗെയിലിനെയും(8) തൊട്ടടുത്ത ഓവറില്‍ മയാംഗ് അഗര്‍വാലിനെയും(2) നഷ്ടമായ പഞ്ചാബിനെ കരുണ്‍ നായര്‍-കെഎല്‍ രാഹുല്‍ കൂട്ടുകെട്ട് വീണ്ടും മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. 50 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടി കുതിയ്ക്കുകയായിരുന്നു കൂട്ടുകെട്ടിനെ അനുരീത് സിംഗ് തകര്‍ക്കുകയായിരുന്നു. 23 പന്തില്‍ 31 റണ്‍സായിരുന്നു കരുണ്‍ നായര്‍ നേടിയത്. രണ്ടോവറുകള്‍ക്ക് അകം ഒരു വിക്കറ്റ് കൂടി പഞ്ചാബിനു നഷ്ടമായി.
പഞ്ചാബിനെ വിജയത്തിലേക്ക് നയിക്കുക എന്ന ദൗത്യം രാഹുല്‍-സ്റ്റോയിനിസ് കൂട്ടുകെട്ടില്‍ നിക്ഷിപ്തമാവുകയായിരുന്നു. അവസാന അഞ്ചോവറില്‍ 51 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിനു വേണ്ടി അടുത്ത രണ്ടോവറില്‍ കൂട്ടുകെട്ട് 24 റണ്‍സാണ് നേടിയത്. ജോഫ്ര ആര്‍ച്ചറെ സിക്സര്‍ പറത്തി കെഎല്‍ രാഹുല്‍ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കുകയും ചെയ്തു.
സ്റ്റോക്സ് എറിഞ്ഞ 16ാം ഓവറില്‍ 8 റണ്‍സ് മാത്രമേ നേടാനായുള്ളുവെങ്കിലും 16 റണ്‍സ് അടിച്ചെടുത്ത് ജോഫ്ര ആര്‍ച്ചര്‍ ഓവറില്‍ പഞ്ചാബ് മേല്‍ക്കൈ നേടി. മത്സരം അവസാന 18 പന്തിലേക്ക് കടന്നപ്പോള്‍ പഞ്ചാബിന്റെ ലക്ഷ്യം 27 ആയിരുന്നു.
18ാം ഓവറില്‍ വിക്കറ്റുകള്‍ക്കിടയിലുള്ള ഓട്ടം കൈമുതലാക്കി രാഹുലും സ്റ്റോയിനിസും റണ്‍റേറ്റ് വരുതിയില്‍ നിര്‍ത്തുകയായിരുന്നു. ഉനഡ്കട് ഓവറിന്റെ ആദ്യ രണ്ട് പന്തുകളും ഡബിള്‍ നേടിയ രാഹുല്‍ മൂന്നാം പന്തില്‍ സിക്സര്‍ നേടി. തൊട്ടടുത്ത പന്ത് ബൗണ്ടറി നേടിയ രാഹുല്‍ ഓവര്‍ അവസാനിച്ചപ്പോള്‍ പഞ്ചാബിന്റെ ലക്ഷ്യം 12 പന്തില്‍ 12 എന്ന രീതിയില്‍ അനായാസമാക്കി മാറ്റുകയായിരുന്നു.
18ാം ഓവറില്‍ 15 റണ്‍സാണ് കൂട്ടുകെട്ട് നേടിയത്. 8 പന്തുകള്‍ ബാക്കി നില്‍ക്കെ കിംഗ്സ് ഇലവന് പഞ്ചാബ് വിജയം ഉറപ്പിക്കുമ്പോള്‍ കെഎല്‍ രാഹുല്‍ 84 റണ്‍സും മാര്‍ക്കസ് സ്റ്റോയിനിസ് 23 റണ്‍സും നേടി പുറത്താകാതെ നില്‍ക്കുകയായിരുന്നു.
35 പന്തില്‍ 68 റണ്‍സാണ് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് നേടിയത്. 7 ബൗണ്ടറിയും 3 സിക്സും നേടിയാണ് രാഹുല്‍ 54 പന്തില്‍ നിന്ന് 84 റണ്‍സ് നേടിയത്. 16 പന്തില്‍ നിന്നാണ് സ്റ്റോയിനിസ് തന്റെ 23 റണ്‍സ് നേടിയത്.
കൃഷ്ണപ്പ ഗൗതം, ജോഫ്ര അര്‍ച്ചര്‍, ബെന്‍ സ്റ്റോക്സ്, അനുരീത് സിംഗ് എന്നിവരാണ് രാജസ്ഥാന്റെ വിക്കറ്റ് വേട്ടക്കാര്‍. ജയ്ദേവ് ഉനഡ്കട്, ഗൗതം എന്നിവരാണ് ബൗളര്‍മാരില്‍ മികച്ച് നിന്നതെന്ന് പറയാവുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial