പഞ്ചാബ് ഈ സീസണില്‍ കളി കൈവിട്ടത് പവര്‍പ്ലേയില്‍, മത്സരങ്ങള്‍ പലതും വിജയിപ്പിച്ചത് ഷമിയുടെയും കറന്റെയും അവിശ്വസനീയ പ്രകടനങ്ങള്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പവര്‍പ്ലേയില്‍ ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും പരാജയപ്പെട്ടതാണ് പഞ്ചാബിന്റെ ഈ സീസണിലെ ദുരവസ്ഥയ്ക്ക് കാരണമെന്ന് പറഞ്ഞ് ടീം നായകന്‍ രവിചന്ദ്രന്‍ അശ്വിന്‍. പ്ലേ ഓഫിലേക്ക് ഇനി കണക്കിലെ കാര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമായി വന്നാല്‍ മാത്രം അവസരമുള്ള കിംഗ്സ് ഇലവന്‍ പഞ്ചാബ് ഇന്നലെ കൊല്‍ക്കത്തയോട് നിര്‍ണ്ണായക പോരാട്ടത്തില്‍ കീഴടങ്ങുകയായിരുന്നു. തോല്‍വിയ്ക്ക് ശേഷമാണ് അശ്വിന്‍ ഈ കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ വര്‍ഷം പവര്‍പ്ലേയില്‍ ക്രിസ് ഗെയിലും കെഎല്‍ രാഹുലും സ്ഫോടനാത്മകമായ തുടക്കങ്ങളാണ് ടീമിനു നല്‍കിയിരുന്നത്. എന്നാല്‍ ഇത്തവണ അതിനു ടീമിനെക്കൊണ്ട് സാധിച്ചില്ല, ടീമിന്റെ മധ്യനിര അത്ര പ്രഗത്ഭമല്ലാത്തതിന്റെ സമ്മര്‍ദ്ദവും ഇരുവര്‍ക്കും മേലുണ്ടായിരുന്നു എന്നാല്‍ അവര്‍ക്ക് ആ സമ്മര്‍ദ്ദത്തെ അതിജീവിക്കാനായില്ല. ഈ വിഷയത്തെ ടീം അടുത്ത വര്‍ഷം കൃത്യമായി പരിഗണിക്കേണ്ടതുണ്ടെന്നും രവിചന്ദ്രന്‍ അശ്വിന്‍ പറഞ്ഞു, താന്‍ വിശ്വസിക്കുന്നത് ഭൂരിഭാഗം മത്സരങ്ങളും പവര്‍പ്ലേയില്‍ ആണ് ടീം കൈവിട്ടതെന്നാണെന്നും അശ്വിന്‍ വ്യക്തമാക്കി. ഈ സീസണില്‍ മധ്യ ഓവറുകളിലാണ് ടീം തിരിച്ചുവരവ് നടത്തിയിട്ടുള്ളത്, ഭൂരീഭാഗം മത്സരങ്ങളും വിജയിച്ചത് അവസാന ഓവറുകളില്‍ മുഹമ്മദ് ഷമിയുടെയോ സാം കറന്റെയോ മാസ്മരിക പ്രകടനങ്ങളിലൂടെയാണെന്നും അശ്വിന്‍ പറഞ്ഞു.

ഇന്നലെ പവര്‍പ്ലേയ്ക്കുള്ളില്‍ ഇരു ഓപ്പണര്‍മാരെയും പഞ്ചാബിനു നഷ്ടമാകുകയായിരുന്നു. മലയാളി താരം സന്ദീപ് വാര്യര്‍ ആണ് ഇരുവരെയും പവലിയനിലേക്ക് മടക്കിയത്.