
സണ്‍റൈസേഴ്സ് ഹൈദ്രാബാദിനു ആദ്യ പരാജയം സമ്മാനിച്ച് കിംഗ്സ് ഇലവന് പഞ്ചാബ്. ക്രിസ് ഗെയിലിന്റെ തകര്‍പ്പന്‍ ശതകത്തിന്റെ ബലത്തില്‍ 193 റണ്‍സ് നേടിയ പഞ്ചാബിനെതിരെ സണ്‍റൈസേഴ്സിനു 20 ഓവറില്‍ 4 വിക്കറ്റുകളുടെ നഷ്ടത്തില്‍ 178 റണ്‍സ് മാത്രമേ നേടാനായുള്ളു. നേരിട്ട ആദ്യ പന്തില്‍ പരിക്കേറ്റ് ശിഖര്‍ ധവാനു മടങ്ങേണ്ടി വന്നതും ടീമിനു തിരിച്ചടിയായി. ഗെയില്‍ 104 റണ്‍സുമായി പഞ്ചാബ് നിരയില്‍ പുറത്താകാതെ നിന്നു.
കെയിന്‍ വില്യംസണ്, മനീഷ് പാണ്ഡേ എന്നിവര്‍ അര്‍ദ്ധ ശതകം നേടിയെങ്കിലും ഗെയില്‍ നല്കിയ വെടിക്കെട്ടിനു പകരം വയ്ക്കാനാകാതെ പോയത് ഹൈദ്രാബാദിനെ 15 റണ്‍സ് തോല്‍വിയിലേക്ക് നയിച്ചു. കെയിന്‍ വില്യംസണ് 54 റണ്‍സ് നേടി പുറത്തായപ്പോള്‍ മനീഷ് പാണ്ഡേ 57 റണ്‍സ് നേടി പുറത്താകാതെ നിന്നു.
അവസാന ഓവറില്‍ അശ്വിനെ സിക്സര്‍ പറത്തിയ ഷാകിബിന്റെ പ്രകടനമാണ് സണ്‍റൈസേഴ്സിന്റെ തോല്‍വിയുടെ ഭാരം കുറച്ചത്. 12 പന്തില്‍ നിന്ന് 24 റണ്‍സ് നേടി ഷാകിബും പുറത്താകാതെ നിന്നു. മോഹിത് ശര്‍മ്മ ബൗളിംഗില്‍ അധികം റണ്‍ വഴങ്ങിയെങ്കിലും നിര്‍ണ്ണായകമായ രണ്ട് വിക്കറ്റ് നേടി. ആന്‍ഡ്രൂ ടൈയും രണ്ട് വിക്കറ്റ് നേടി. മുജീബ് ഉര് റഹ്മാന് വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും കൃത്യതയോടെയുള്ള ബൗളിംഗാണ് അഫ്ഗാന് താരം പുറത്തെടുത്തത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial