പൂനെയ്ക്ക് പ്ലേ ഓഫ് എതിരാളികള്‍ മുംബൈ

പഞ്ചാബിനെതിരെ 9 വിക്കറ്റ് വിജയം സ്വന്തമാക്കിയ പൂനെയ്ക്ക് പ്ലേ ഓഫ് യോഗ്യത. ആദ്യ ക്വാളിഫയറില്‍ മുംബൈ ആണ് പൂനെയുടെ എതിരാളികള്‍. ഇന്ന് പൂനെയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പൂനെ സൂപ്പര്‍ ജയന്റ് ബൗളിംഗ് തിരഞ്ഞെടുത്തു. ആദ്യ പന്തില്‍ ജയദേവ് ഉനഡ്കട് മാര്‍ട്ടിന്‍ ഗുപ്തിലിനെ പുറത്താക്കിയപ്പോള്‍ ഏറ്റ പ്രഹരത്തില്‍ നിന്ന് പഞ്ചാബ് കരകയറാനാകാതെ തകരുകയായിരുന്നു. 15.5 ഓവറില്‍ ഓള്‍ഔട്ട് ആകുമ്പോള്‍ 73 റണ്‍സാണ് അവര്‍ നേടിയത്. അക്സര്‍ പട്ടേല്‍ 22 റണ്‍സുമായി പഞ്ചാബ് നിരയില്‍ ടോപ് സ്കോറര്‍ ആയി. 19 റണ്‍സ് നല്‍ 3 വിക്കറ്റ് നേടിയ ശര്‍ദ്ധുല്‍ താക്കൂര്‍ ആണ് പൂനെ ബൗളിംഗ് നിരയില്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തത്. ആഡം സംബ, ജയദേവ് ഉനഡ്കട്, ഡാന്‍ ക്രിസ്റ്റ്യന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിനറങ്ങിയ പൂനെ 12ാം ഓവറില്‍ വിജയം സ്വന്തമാക്കി. 28 റണ്‍സ് നേടിയ രാഹുല്‍ ത്രിപാഠിയാണ് പുറത്തായ ഏക ബാറ്റ്സ്മാന്‍. അജിങ്ക്യ രഹാനെ(34*), സ്റ്റീവന്‍ സ്മിത്ത്(15*) എന്നിവരായിരുന്നു വിജയ സമയത്ത് ക്രീസില്‍. ജയദേവ് ഉനഡ്കട് ആണ് കളിയിലെ കേമന്‍.