ഷാര്‍ജ്ജയില്‍ ഷാ ഷോയ്ക്ക് ശേഷം താണ്ടവമാടി അയ്യരും പന്തും, ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടി ഡല്‍ഹി ക്യാപിറ്റല്‍സ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഷാര്‍ജ്ജയില്‍ റണ്‍ മല തീര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്. ഷാര്‍ജ്ജയിലെ പതിവ് തെറ്റിക്കാതെ റണ്‍സ് യഥേഷ്ടം പിറന്ന മത്സരത്തില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 228 റണ്‍സാണ് നേടിയത്. ശ്രേയസ്സ് അയ്യര്‍ 38 പന്തില്‍ നിന്ന് 88 റണ്‍സ് നേടിയെങ്കിലും അവസാന ഓവറില്‍ താരത്തിന് സ്ട്രൈക്ക് കിട്ടാതെ പോയപ്പോള്‍ അയ്യറിന് ശതകം നേടുവാന്‍ ശ്രമിക്കാന്‍ കഴിയാതെ പോയി.

മിന്നും തുടക്കമാണ് ഡല്‍ഹി ഓപ്പണര്‍മാര്‍ ടീമിന് നല്‍കിയത്. പൃഥ്വി ഷായും ശിഖര്‍ ധവാനും ചേര്‍ന്ന് കൊല്‍ക്കത്ത ബൗളര്‍മാരെ ഷാര്‍ജ്ജയിലെ ചെറിയ ഗ്രൗണ്ടില്‍ തിരഞ്ഞ് പിടിച്ച് അടിയ്ക്കുകയായിരുന്നു. 5.5 ഓവറില്‍ 56 റണ്‍സ് നേടിയ ഓപ്പണിംഗ് കൂട്ടുകെട്ടിനെ വരുണ്‍ ചക്രവര്‍ത്തി പുറത്താക്കുകയായിരുന്നു. 16 പന്തില്‍ നിന്ന് 26 റണ്‍സാണ് ധവാന്‍ നേടിയത്.

Dhawanshaw

പവര്‍പ്ലേയ്ക്ക് ശേഷവും പൃഥ്വി ഷായും ശ്രേയസ്സ് അയ്യരും റണ്‍സ് കണ്ടെത്തിയപ്പോള്‍ 10 ഓവറില്‍ നിന്ന് 89/1 എന്ന നിലയില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് എത്തി.കമലേഷ് നാഗര്‍കോടിയെ സിക്സര്‍ പറത്തി 35 പന്തില്‍ നിന്ന് 53 റണ്‍സ് നേടി പൃഥ്വി ഷാ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കുകയായിരുന്നു.

41 പന്തില്‍ നിന്ന് 73 റണ്‍സ് പാര്‍ട്ണര്‍ഷിപ്പാണ് പൃഥ്വി ഷായും ശ്രേയസ്സ് അയ്യരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ നേടിയത്. 41 പന്തില്‍ നിന്ന് 66 റണ്‍സ് നേടി പൃഥ്വി ഷാ കമലേഷ് നാഗര്‍കോടിയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങി. ഷാ പുറത്തായ ശേഷം ക്രീസിലെത്തിയ ഋഷഭ് പന്ത് ശ്രേയസ്സ് അയ്യരോടൊപ്പം ബാറ്റ് വീശി ഡല്‍ഹി സ്കോര്‍ 15 ഓവറില്‍ 151 റണ്‍സിലേക്ക് എത്തിച്ചു.

അധികം വൈകാതെ ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യര്‍ 26 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി. അവസാന ഓവറുകളില്‍ അടിച്ച് തകര്‍ത്ത ശേഷം ഋഷഭ് പന്ത് 17 പന്തില്‍ നിന്ന് 38 റണ്‍സ് നേടി പുറത്താകുകയായിരുന്നു. റസ്സലിനായിരുന്നു വിക്കറ്റ്. പന്ത് 5 ഫോറും ഒരു സിക്സുമാണ് നേടിയത്. 72 റണ്‍സ് കൂട്ടുകെട്ടാണ് പന്തും അയ്യരും ചേര്‍ന്ന് നേടിയത്.