ഫിര്‍ ഹല്ല ബോല്‍ – രാജസ്ഥാന്‍ റോയല്‍സിന്റെ പുതിയ ക്യാംപൈന്‍ സോംഗ്

ഐപിഎല്‍ 2019 സീസണിലേക്കുള്ള തങ്ങളുടെ ഔദ്യോഗിക ഗാനം പുറത്തിറക്കി ഐപിഎല്‍ ഫ്രാഞ്ചൈസി രാജസ്ഥാന്‍ റോയല്‍സ്. ഐപിഎ 2018ല്‍ പ്ലേ ഓഫിനു യോഗ്യത നേടിയെങ്കിലും ടീമിനു ആദ്യ എലിമിനേറ്ററില്‍ തോല്‍വി വാങ്ങി പുറത്തേക്ക് പോകുകയായിരുന്നു. ഇന്ത്യന്‍ ടെസ്റ്റ് ഉപനായകന്‍ അജിങ്ക്യ രഹാനെ നയിച്ച ടീമില്‍ ഇംഗ്ലണ്ട് താരങ്ങളായ ജോസ് ബട്‍ലറും ബെന്‍ സ്റ്റോക്സും ഇംഗ്ലണ്ടിനു വേണ്ടി അടുത്ത് തന്നെ കളിക്കുവാന്‍ തയ്യാറെടുക്കുന്ന ജോഫ്ര ആര്‍ച്ചറും ഓസ്ട്രേലിയയുടെ പുത്തന്‍ കണ്ടുപിടിത്തമായ ആഷ്ടണ്‍ ടര്‍ണറും അടക്കം ശക്തമായ നിര തന്നെയുണ്ട്. മലയാളി താരം സഞ്ജു സാംസണും ടീമിനായി കളിക്കും.

14 മത്സരങ്ങളില്‍ നിന്ന് 7 ജയവും 7 പരാജയവും അടക്കം 14 പോയിന്റായിരുന്നു രാജസ്ഥാന്‍ റോയല്‍സ് കഴിഞ്ഞ സീസണില്‍ നേടിയത്. പ്ലേ ഓഫ് യോഗ്യതയ്ക്കൊപ്പം കഴിഞ്ഞ തവണത്തേതിലും അധികാരിക പ്രകടനം പുറത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാവും രാജസ്ഥാന്‍ ഇത്തവണ കളത്തിലെത്തുക.