
ഐപിഎല്‍ 2017ല്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനു വേണ്ടി ഏറ്റവുമധികം റണ്‍സ് നേടിയ താരമായിരുന്നു പാര്‍ത്ഥിവ് പട്ടേല്‍. 16 മത്സരങ്ങളില്‍ നിന്ന് 395 റണ്‍സ് നേടി പാര്‍ത്ഥിവിന്റെ കഴിഞ്ഞ സീസണിലെ ഉയര്‍ന്ന സ്കോര്‍ 70 റണ്‍സായിരുന്നു. എന്നാല്‍ മുംബൈ ഇന്ത്യന്‍സില്‍ നിന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിലേക്ക് എത്തിയപ്പോള്‍ ടീമില്‍ പോലും ഇടം കണ്ടെത്തുവാന്‍ പാര്‍ത്ഥിവ് പട്ടേലിനു സാധിക്കാതെ പോകുകയായിരുന്നു.
8 മത്സരങ്ങള്‍ക്ക് ശേഷം ഒമ്പതാം മത്സരത്തില്‍ ടീമിലെത്തിയത് തന്നെ ക്വിന്റണ്‍ ഡിക്കോക്ക് നാട്ടിലേക്ക് വിവാഹത്തില്‍ പങ്കെടുക്കുവാന്‍ യാത്രയായത് കൊണ്ടു മാത്രമാണ്. 37 പന്തില്‍ നിന്ന് 50 റണ്‍സ് തികച്ചാണ് പാര്‍ത്ഥിവ് തനിക്ക് ലഭിച്ച അവസരം ഇരുകൈയ്യും നീട്ടി സ്വീകരിച്ചത്. പേരുകേട്ട ബാംഗ്ലൂര്‍ ബാറ്റിംഗ് നിര ചെന്നൈ സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയ്ക്കും ഹര്ഭജന് സിംഗിനും മുന്നില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ഒരുവശത്ത് പിടിച്ച് നിന്നത് പാര്‍ത്ഥിവ് മാത്രമായിരുന്നു.
തന്റെ 11ാം ഐപിഎല്‍ അര്‍ദ്ധ ശതകം തികച്ച് ഏറെ വൈകാതെ പാര്‍ത്ഥിവ് രവീന്ദ്ര ജഡേജയ്ക്ക് വിക്കറ്റ് നല്കി മടങ്ങുകയായിരുന്നു. 41 പന്തില്‍ 53 റണ്‍സാണ് പാര്‍ത്ഥിവ് ഇന്ന് നേടിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial