മാറി മറിഞ്ഞ് ഓറഞ്ച്-പര്‍പ്പിള്‍ ക്യാപുകള്‍

- Advertisement -

ഐപിഎലില്‍ ഓരോ മത്സരങ്ങള്‍ കഴിയുമ്പോളും ഓറഞ്ച്-പര്‍പ്പിള്‍ ക്യാപ് ഉടമകളില്‍ മാറ്റം. ഓറഞ്ച് ക്യാപിനായി അത്ര തീവ്രമായ പോരാട്ടമല്ല നടക്കുന്നതെങ്കിലും പര്‍പ്പിള്‍ ക്യാപ് നേട്ടം സ്വന്തമാക്കുന്നയാള്‍ ഓരോ മത്സരത്തിലും മാറി മാറി വരികയാണ്. മുംബൈയുടെ കഴിഞ്ഞ മത്സരത്തില്‍ സൂര്യകുമാര്‍ യാദവ് ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ ശേഷം മിന്നുന്ന ഇന്നിംഗ്സുമായി സഞ്ജു സാംസണ്‍ ആ നേട്ടം സ്വന്തമാക്കിയെങ്കിലും ഇന്നലത്തെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ സഞ്ജുവില്‍ നിന്ന് വിരാട് കോഹ്‍ലി ഓറഞ്ച് ക്യാപ് സ്വന്തമാക്കി.

4 മത്സരങ്ങളില്‍ നിന്ന് വിരാട് 201 റണ്‍സാണ് നേടിയിട്ടുള്ളത്. ഓറഞ്ച് ക്യാപ് തിരിച്ചുപിടിക്കുവാനുള്ള അവസരം ഇന്ന് സഞ്ജുവിനുണ്ട്. ഇന്ന് രാജസ്ഥാന്‍ റോയല്‍സ് ഹോം ഗ്രൗണ്ടില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടുന്നുണ്ട്.

അതേ സമയം പര്‍പ്പിള്‍ ക്യാപ് പോരാട്ടമാണ് കൂടുതല്‍ രസകരം. കഴിഞ്ഞ ദിവസം ഡല്‍ഹിയ്ക്കെതിരെയുള്ള മത്സരത്തില്‍ മയാംഗ് മാര്‍ക്കണ്ടേയില്‍ നിന്ന് സുനില്‍ നരൈന്‍ പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയിരുന്നു. ഇന്നലെ മുംബൈ-ബാംഗ്ലൂര്‍ മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സ് കഴിഞ്ഞപ്പോള്‍ ക്രിസ് വോക്സ് നരൈനില്‍ നിന്ന് ക്യാപ് സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്സില്‍ മുംബൈ ബൗളിംഗ് അവസാനിച്ചപ്പോള്‍ മാര്‍ക്കണ്ടേ വീണ്ടും പര്‍പ്പിള്‍ ക്യാപിനു ഉടമയായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement