ആര്‍ച്ചറിനെക്കുറിച്ചോര്‍ത്ത് വേവലാതിയില്ല – ഡേവിഡ് വാര്‍ണര്‍

- Advertisement -

അടുത്തിടെ കഴിഞ്ഞ ഇംഗ്ലണ്ട് ഓസ്ട്രേലിയ പരിമിത ഓവര്‍ ക്രിക്കറ്റില്‍ നാല് തവണയാണ് ജോഫ്ര ആര്‍ച്ചര്‍ ഡേവിഡ് വാര്‍ണറെ പുറത്താക്കിയത്. എന്നാലത് തന്നെ അലട്ടുന്ന കാര്യമല്ലെന്നും താന്‍ ഐപിഎലിന് പൂര്‍ണ്ണമായും തയ്യാറെടുത്ത് കഴിഞ്ഞുവെന്നും വാര്‍ണര്‍ വ്യക്തമാക്കി. ടി20 പരമ്പരയിലും ഏകദിനത്തിലും രണ്ട് തവണ വീതമാണ് ഈ അടുത്ത് നടന്ന പരമ്പരയില്‍ വാര്‍ണറെ ജോഫ്ര പുറത്താക്കിയത്. ഇതിന് പുറമെ ടെസ്റ്റില്‍ മൂന്ന് തവണയും ജോഫ്രയുടെ ഇരയായി വാര്‍ണര്‍ മടങ്ങി.

എത്ര വേഗത്തില്‍ എറിയുന്നുവോ അത്ര വേഗത്തില്‍ തിരിച്ച് അടിക്കുവാനും സാധിക്കുമെന്ന് മാത്രമേ തനിക്ക് പറയാനുള്ളുവെന്ന് വാര്‍ണര്‍ പറഞ്ഞു. മികച്ച മൂന്ന് ബോളുകള്‍ തനിക്കെതിരെ ജോഫ്ര എറിഞ്ഞപ്പോള്‍ താന്‍ പുറത്തായി എന്നത് മാത്രമേയുള്ളുവെന്നും തനിക്ക് അതില്‍ ഒന്നും ചെയ്യാനില്ലെന്നും വാര്‍ണര്‍ പറഞ്ഞു. ആഷസില്‍ തന്നെ എട്ട് പ്രാവശ്യം സ്റ്റുവര്‍ട് ബ്രോഡ് പുറത്താക്കിയിട്ടുണ്ടെന്നും വാര്‍ണര്‍ വ്യക്തമാക്കി.

എന്നാല്‍ അവസാന മത്സരത്തില്‍ താന്‍ ജോഫ്രയ്ക്കെതിരെ മികച്ച രീതിയില്‍ ബാറ്റ് വീശുകയും ചെയ്തുവെന്ന് അതിനാല്‍ തന്നെ തനിക്ക് ഇതിന്മേല്‍ അധികം വേവലാതിയില്ലെന്നും വാര്‍ണര്‍ അഭിപ്രായപ്പെട്ടു.

Advertisement