
ഐപിഎലിലേക്കുള്ള മടങ്ങി വരവില്‍ ആരാധകരുടെ പ്രിയങ്കരരായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെയാണ് ഏവരും ഉറ്റുനോക്കിയിരുന്നത്. 2018 ഐപിഎലിന്റെ ആദ്യ ദിവസം മുതല്‍ അവര്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഡ്വെയിന്‍ ബ്രാവോ കൊടുങ്കാറ്റ് മുംബൈ ഇന്ത്യന്‍സില്‍ നിന്ന് വിജയം തട്ടിയെടുത്തപ്പോള്‍ വീണ്ടും അവര്‍ വാര്‍ത്തകളില്‍ നിറഞ്ഞു. പിറ്റേന്ന് കേധാര്‍ ജാഥവിനു പരിക്കേറ്റ് ഐപിഎല്‍ നഷ്ടമാകുമെന്നറിഞ്ഞു.
അടുത്ത മത്സരത്തില്‍ സാം ബില്ലിംഗ്സിന്റെ മികവില്‍ വീണ്ടുമൊരു അപ്രതീക്ഷിത വിജയം നേടി ചെന്നൈ തിളങ്ങുമ്പോളാണ് ആരാധകര്‍ക്ക് തിരിച്ചടിയായി കാവേരി വിഷയത്തില്‍ അനിഷ്ഠ സംഭവങ്ങള്‍ ചെപ്പോക്ക് സ്റ്റേഡിയത്തിലും ചെന്നൈയിലും അരങ്ങേറുന്നത്. ഇത് മൂലം ചെന്നൈയുടെ ഹോം മത്സരങ്ങളെല്ലാം തന്നെ പൂനെയിലേക്ക് മാറ്റുവാന്‍ ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ തീരുമാനിച്ചു.
അതേ മത്സരത്തില്‍ പരിക്ക് വീണ്ടുമെത്തിയത് സുരേഷ് റെയ്നയുടെ രൂപത്തിലാണ്. പിതാവിന്റെ നിര്യാണം മൂലം ലുംഗിസാനി ഗിഡി നാട്ടിലേക്ക് മടങ്ങിയപ്പോള്‍ വീണ്ടുമൊരു തിരിച്ചടിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിനു നേരിടേണ്ടി വന്നത്.
റെയ്ന രണ്ട് മത്സരത്തിലേക്ക് മാത്രമാണ് പുറത്തിരിക്കേണ്ടി വരുന്നതെങ്കിലും ചെന്നൈയുടെ ബാറ്റിംഗ് നിരയില്‍ അതു വരുത്തുന്ന വിടവ് ഏറെ വലുതാണ്. ദക്ഷിണാഫ്രിക്കന്‍ നായകന് ഫാഫ് ഡു പ്ലെസിയും പരിക്കില്‍ നിന്ന് പൂര്‍ണ്ണമായും മുക്തമായിട്ടില്ല. അതിനിടയിലാണ് റെയ്നയുടെ പരിക്ക് തിരിച്ചടിയായി എത്തുന്നത്.
റെയ്നയ്ക്ക് പകരക്കാരനായി ടീമില്‍ ആരും തന്നെയില്ലെന്നാണ് കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ് പറയുന്നത്. മറ്റു താരങ്ങളില്‍ നിന്ന് കൂടുതല്‍ മികവ് പുറത്ത് വന്നാല്‍ മാത്രമേ റെയ്നയുടെ അഭാവത്തിന്റെ ആഘാതം കുറച്ച് കൊണ്ടുവരാനാകൂ എന്നും ഫ്ലെമിംഗ് അഭിപ്രായപ്പെട്ടു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial