ഭാഗ്യം തുണയ്ക്കുമോ വിഷ്ണു വിനോദിനെ?

കേരളത്തിന്റെ വെടിക്കെട്ട് ബാറ്റ്സ്മാന്‍ ഐപിഎല്‍-ല്‍ ഇക്കുറി സ്ഥാനം ലഭിയ്ക്കുമെന്ന് ഏറെക്കുറെ പ്രതീക്ഷിച്ചിരുന്നുവെങ്കിലും തന്റെ അഭ്യന്തര ക്രിക്കറ്റിലെ പ്രകടനം കുട്ടിക്രിക്കറ്റിന്റെ അധികാരികള്‍ ശ്രദ്ധിക്കാതെ പോയതിനാല്‍ ഐപിഎല്‍ ലേലത്തില്‍ ആരും തന്നെ താരത്തെ സ്വന്തമാക്കിയിരുന്നില്ല. എന്നാല്‍ വീണ്ടും പുറത്ത് വരുന്ന വാര്‍ത്തകള്‍ വിഷ്ണുവിനു നേരിയ പ്രതീക്ഷകളാണ് നല്‍കുന്നത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ തങ്ങളുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനു പകരക്കാരനായി പരിഗണിക്കുന്ന നാല് കളിക്കാരില്‍ വിഷ്ണു വിനോദും ഉണ്ടെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.

പരിക്ക് വിടാതെ പിന്തുടരുകയാണ് ആര്‍സിബിയെ. ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലേറ്റ് ധര്‍മ്മശാലയിലെ അവസാന ടെസ്റ്റില്‍ നിന്ന് പിന്മാറിയ വിരാട് കോഹ്‍ലി ആദ്യ മത്സരങ്ങളില്‍ ബാംഗ്ലൂര്‍ ടീമിനായി ഇറങ്ങാന്‍ സാധ്യതയില്ല. പകരം ക്യാപ്റ്റന്‍സി സ്ഥാനം കൈകാര്യം ചെയ്യുമെന്ന് കരുതപ്പെട്ട ഡിവില്ലിയേഴ്സ് ആവട്ടെ ദക്ഷിണാഫ്രിക്കയിലെ മൊമ്മന്റം ട്രോഫി ഫൈനലില്‍ നിന്ന് കരുതലിനായി പിന്മാറിയിരുന്നു. കെഎല്‍ രാഹുലിനേറ്റ പരിക്ക ചലഞ്ചേഴ്സിനു കാര്യമായ തിരിച്ചടിയാണ്. മികച്ച ബാറ്റിംഗ് ഫോമിലുള്ള രാഹുല്‍ ആര്‍സിബിയ്ക്ക് വേണ്ടി കീപ്പിംഗ് ദൗത്യങ്ങളും വഹിച്ചിരുന്നു. വിക്കറ്റ് കീപ്പിംഗ് ചുമതല മുമ്പ് കൈകാര്യം ചെയ്തിട്ടുള്ള എബിഡി ഈയൊരു അവസ്ഥയില്‍ ക്യാപ്റ്റന്‍സിയും കീപ്പിംഗ് കൈയ്യാളുമെന്ന് തോന്നുന്നില്ല. ഈ അവസരത്തിലാണ് കേഥാര്‍ ജാധവ് എന്ന ഇന്ത്യന്‍ താരത്തിന്റെ പ്രസക്തി വരുന്നത്. ഇന്ത്യയുടെ പുത്തന്‍ വെടിക്കെട്ട് താരമായി ഉദിച്ച കേധാര്‍ കീപ്പിംഗ് ചുമതലകളും ഭംഗിയായി വഹിക്കാറുണ്ട്. എന്നാല്‍ ഏറെക്കാലമായി കീപ്പിംഗ് ചുമതലകളില്‍ നിന്ന് താരം വിട്ടു നിന്നിട്ടുണ്ടെന്നുള്ളതാണ് മറ്റൊരു സാധ്യത പരിഗണിക്കാന്‍ ടീം മാനേജ്മെന്റിനെ പ്രേരിപ്പിക്കുന്നത്.

തമിഴ്നാടിന്റെ എന്‍ ജഗദീശനും കേരളത്തിന്റെ വിഷ്ണു വിനോദുമാണ് പരിഗണനയില്‍ മുന്‍പന്തിയിലുള്ളതെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. പിന്നീട് പരിഗണനയിലുള്ളത് കര്‍ണ്ണാടകയുടെ തന്നെ പവന്‍ ദേഷ്പാണ്ഡേ, ഹിമാചലിന്റെ പ്രശാന്ത് ചോപ്ര എന്നിവരാണ്. നാല് പേരും ട്രയല്‍സില്‍ പങ്കെടുക്കുകയും പ്രതീക്ഷയോടെ ഫലത്തിനായി കാത്തിരിക്കുകയാണെന്നാണ് ആര്‍സിബിയില്‍ നിന്ന് പുറത്ത് വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ദിയോദര്‍ ട്രോഫിയിലും തമിഴ്നാടിനായി ഈ സീസണ്‍ മുഴുവനും നല്ല പ്രകടനം കാഴ്ചവെച്ച് ജഗദീശനും കേരളത്തിനായി ഓപ്പണിംഗിലെ മിന്നല്‍പ്പിണറായി മാറിയ വിഷ്ണു വിനോദും സ്ഥിരം കീപ്പര്‍മാരാണെന്ന ആനുകൂല്യം ഇരുവര്‍ക്കും ഉണ്ട്.

കേരളം മുഴുവന്‍ കാത്തിരിയ്ക്കുകയാണ് ഇത്തവണ ഭാഗ്യം വിഷ്ണു വിനോദിനെ തുണയ്ക്കുമോ എന്നറിയാന്‍. സ്ഥിരീകരിച്ച വാര്‍ത്തകള്‍ ഉടന്‍ പുറത്ത് വരുമെന്ന് പ്രതീക്ഷയോടെയാണ് കായിക കേരളം കാത്തിരിക്കുന്നത്.

Previous articleടി20 പരമ്പര 3-1 നു സ്വന്തമാക്കി പാക്കിസ്ഥാന്‍
Next articleരാജകീയ വിജയത്തോടെ ബാഴ്‌സ റയലിന് തൊട്ടു പിറകിൽ