ഞങ്ങളുടെ കൈകളിലുള്ള കാര്യങ്ങളെക്കുറിച്ച് മാത്രമേ ആലോചിക്കുന്നുള്ളു

- Advertisement -

ആര്‍സിബിയ്ക്കെതിരെ വിജയം നേടി പ്ലേ ഓഫ് സാധ്യത ഒരു ദിവസം കൂടി നീട്ടിയെടുക്കുവാന്‍ സാധിച്ച രാജസ്ഥാന്‍ റോയല്‍സിനു ഇന്ന് നടക്കുന്ന രണ്ട് മത്സരങ്ങളിലെ ഫലങ്ങള്‍ നിര്‍ണ്ണായകമാണ്. മുംബൈയും കിംഗ്സ് ഇലവന്‍ പഞ്ചാബും പരാജയം നേരിടുകയാണെങ്കില്‍ രാജസ്ഥാന്‍ നാലാം സ്ഥാനക്കാരായി പ്ലേ ഓഫിലേക്ക് കടക്കും. അതേ സമയം മുംബൈ ജയം നേടിയാല്‍ രാജസ്ഥാനും കിംഗ്സ് ഇലവന്‍ പഞ്ചാബും പുറത്താകും. മുംബൈയുടെ ശക്തമായ റണ്‍റേറ്റിനെ മറികടക്കുവാന്‍ കിംഗ്സിനു അപ്രാപ്യമായ മാര്‍ജിനിലുള്ള ജയമാവും ആവശ്യമാവുക എന്നാണ് അറിയുന്നത്.

ഇതിനെക്കുറിച്ച് രാജസ്ഥാന്‍ നായകന്‍ അജിങ്ക്യ രഹാനെ പറയുന്നത് ഇപ്രകാരമാണ്. ഞങ്ങളുടെ നിയന്ത്രണത്തിലുള്ള കാര്യങ്ങളെക്കുറിച്ച് മാത്രം ചിന്തിച്ചാല്‍ മതിയെന്നാണ് ടീം മാനേജ്മെന്റ് പറഞ്ഞത്. ജയം രാജസ്ഥാനു അനിവാര്യമായിരുന്നു അതു പോലെ തന്നെ ബാംഗ്ലൂരിനും ഞങ്ങളുടെ താരങ്ങള്‍ മധ്യ ഓവറുകളില്‍ ബാംഗ്ലൂരിന്റെ കരുത്തുറ്റ ബാറ്റിംഗ് നിരയെ വരിഞ്ഞുകെട്ടിയതിനെ രഹാനെ പ്രകീര്‍ത്തിച്ചു.

ശ്രേയസ്സ് ഗോപാലും ഇഷ് സോധിയും കൃഷ്ണപ്പ ഗൗതവുമാണ് ബാംഗ്ലൂരിനെ സമ്മര്‍ദ്ദത്തിലാക്കിയത്. വാലറ്റത്തെ തുടച്ച് നീക്കുകയെന്ന ലക്ഷ്യം ഫാസ്റ്റ് ബൗളര്‍മാര്‍ ഏറ്റെടുത്തപ്പോള്‍ 30 റണ്‍സിന്റെ ജയം രാജസ്ഥാനു സ്വന്തമാക്കാനായി. ഇനി മത്സരങ്ങള്‍ തങ്ങള്‍ക്കനുകൂലമാകുമെന്ന് പ്രതീക്ഷിക്കാം അല്ലാത്തപക്ഷം അടുത്ത സീസണില്‍ സ്ഥിതി മെച്ചപ്പെടുത്തുവാനുള്ള കാര്യങ്ങള്‍ ചെയ്യുകയാണ് ലക്ഷ്യമെന്ന് അജിങ്ക്യ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement