ഐപിഎല്‍ 2017 ഇതാ ഇതുവരെ: മുംബൈ ഇന്ത്യന്‍സ്

ക്രിക്കറ്റിന്റെ കച്ചവട മൂല്യം തിരിച്ചറിഞ്ഞ് 2008ൽ ആരംഭിച്ച മഹാമാമാംഗത്തിന്റെ വിജയകരമായ പത്താമധ്യായത്തിൽ എത്തി നിൽക്കുകയാണ് നമ്മൾ. ഈ ലേഖനം എഴുതുമ്പോൾ പകുതിയിലധികം മത്സരങ്ങൾ പിന്നിട്ടു കഴിഞ്ഞു. കൃത്യമായി പറഞ്ഞാൽ 40 മത്സരങ്ങൾ. മറ്റു എഡിഷനുകളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ആദ്യം തന്നെ അടുത്ത ഘട്ടത്തിലേക്കെത്തുന്ന ടീമുകളെപ്പറ്റി ഒരേകദേശ ധാരണ നമുക്ക് കിട്ടുകയുണ്ടായി. ഇതിൽ ഏറ്റവും മികച്ച ഫോമിൽ ഉള്ള മൂന്നു ടീമുകളിൽ ഒന്നാണ് മുംബൈ ഇന്ത്യൻസ്.

ഒരു ‘സെറ്റിൽഡ് ടീം’ എന്ന വിശേഷണത്തിന് എന്തുകൊണ്ടും യോഗ്യരാണ് മുംബൈ ഇന്ത്യൻസ്. ആദ്യ സീസണുകളിൽ തുടങ്ങി പത്താം സീസണിൽ എത്തി നിൽക്കുമ്പോഴും മുഖഛയയിൽ കാര്യമായ മാറ്റമില്ലാത്ത ടീം. രോഹിത് ശർമ, ഹർഭജൻ സിംഗ്, കിറോൺ പൊള്ളാർഡ്, ലസിത് മലിംഗ ഇവരൊക്കെ തന്നെയാണ് അന്നും ഇന്നും മുംബൈ ഇന്ത്യൻസ്. തങ്ങളുടെ ടീം കോമ്പിനേഷൻ എന്തെന്ന് ശരിയായ ബോധത്തോടെ ടീമിൽ അനാവശ്യമായ അഴിച്ചുപണികൾക്ക് മുതിരാതെ കൃത്യമായ ഗെയിംപ്ലാനോടെ ഓരോ മത്സരത്തെയും സമീപിക്കുന്നു എന്നത് തന്നെയാണ് മുംബൈയുടെ വിജയരഹസ്യം. പിന്നണിയിൽ പ്രവർത്തിക്കുന്ന ‘ജീനിയസു’മാരുടെ ആ നീണ്ട നിരയെടുത്താൽ ഇതിൽ അത്ഭുതപ്പെടാനുമില്ല. സച്ചിൻ ടെണ്ടുൽക്കർ, റിക്കി പോണ്ടിംഗ്, ജോണ്ടി റോഡ്സ്, ഷെയ്ൻ ബോണ്ട് ഇങ്ങനെ പോകുന്നു ആ ലിസ്റ്റ്. രോഹിത് ശർമയുടെ ക്യാപ്റ്റനെന്ന നിലയിലുള്ള ഫീൽഡിനകത്തെ പ്രകടനവും ശ്രദ്ധേയമാണ്.

കൗമാരക്കാരനായി ഇന്ത്യൻ ടീമിൽ ഇടം പിടിച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ പാർത്ഥിവ് പട്ടേലിന് പക്ഷെ ദേശീയ ടീമിൽ സ്ഥാനം നിലനിർത്താനായില്ല. MSD എന്ന പ്രതിഭാസം ഇന്ത്യൻ ക്രിക്കറ്റിന്റെ പര്യായമായി മാറിയപ്പോൾ അവസരം നഷ്ടപ്പെട്ട വിക്കറ്റ് കീപ്പർ മാരുടെ ഒരു നീണ്ട നിര തന്നെ ഇന്ത്യൻ ക്രിക്കറ്റിലുണ്ട്. അവരിൽ ഒരാൾ മാത്രമായിരുന്നു പാർത്ഥിവ്. പക്ഷെ ഈ സീസണിൽ പാർത്ഥിവ് പട്ടേൽ മുംബൈയുടെ അവിഭാജ്യഘടകമായി മാറുകയാണ്. കൗമാരക്കാരന്റെ ബേബി ഫെയ്സ്ഡ് ലുക്ക് ഇന്നും നഷ്ടമാവാത്ത ഈ ‘ചെറിയ’ താരത്തിന്റെ ബാറ്റിൽ നിന്നുതിരുന്ന വമ്പൻ ഷോട്ടുകൾ ഏവരെയും അത്ഭുതപ്പെടുത്തുന്നു. പാർത്ഥിവിനൊപ്പം ഓപ്പൺ ചെയ്യുമെന്ന് നാമെല്ലാം പ്രതീക്ഷിച്ചത് ക്യാപ്റ്റൻ കൂടിയായ രോഹിത് ശർമയാണ്. ഏകദിന ക്രിക്കറ്റിൽ രണ്ട് ഡബിൾ സെഞ്ചുറിയടിച്ച ഏക താരമെന്ന നിലയിലും കഴിഞ്ഞ സീസണുകളിൽ പിന്തുടർന്നു പോന്ന രീതികൾ വച്ചും രോഹിത് ആദ്യ മൂന്നു സ്ലോട്ടുകളിൽ തീർച്ചയായും ഉണ്ടാവുമെന്നാണ് കരുതപ്പെട്ടിരുന്നത്. പക്ഷെ പാർത്ഥിവിനൊപ്പം ഓപ്പൺ ചെയ്യാനെത്തിയത് ഇംഗ്ലണ്ടിന്റെ മധ്യനിര വെടിക്കെട്ട് ബാറ്റ്സ്മാൻ ജോസ് ബട്ട് ലറാണ്. ഇത് കമന്റേറ്റർമാരുടെയും നിരൂപകരുടെയും വിമർശനം ഏറ്റുവാങ്ങിയ നീക്കമായിരുന്നു. ആദ്യ മത്സരങ്ങളിൽ പരാജയമായിരുന്ന ബട്ലറെ മാറ്റാതെ തുടർച്ചയായി അവസരങ്ങൾ നൽകിയപ്പോൾ തന്നിലർപ്പിച്ച വിശ്വാസത്തോട് നീതി പയർത്താൻ പിന്നീടു വന്ന മത്സരങ്ങളിൽ ബട്ലർക്കായി. മികച്ച തുടക്കങ്ങൾ തുടർച്ചയായി മുംബൈക്ക് ലഭിച്ചു. എങ്കിലും രോഹിത് ഓപ്പൺ ചെയ്യണമെന്ന് വീണ്ടും വാദിച്ചവർക്കായി നാലാമനായിറങ്ങിയ രോഹിത് ഉത്തരവാദിത്തത്തോടെ ബാറ്റ് വീശി കളി ജയിപ്പിച്ച് മറുപടി നൽകി.

ടൂർണമെന്റിലെ ഏറ്റവും മികച്ച മധ്യനിര ബാറ്റിംഗ് ലൈനപ്പ് മുംബൈയുടേതാണ്. ഒന്നോ രണ്ടോ മത്സരങ്ങൾ ഒഴിച്ചാൽ പുത്തൻ താരോദയം നിതീഷ് റാണ മൂന്നാമനായി തിളങ്ങുന്നത് പിന്നീടു വരുന്ന രോഹിതിനും പൊള്ളാർഡിനും പാണ്ഡ്യ സഹോദരങ്ങൾക്കും സമ്മർദ്ദമില്ലാതെ ബാറ്റ് ചെയ്യാൻ സഹായകരമാകുന്നു. ഇവരിലോരോരുത്തരും ഓരോ മത്സരം വീതമെങ്കിലും തങ്ങളുടെ ബാറ്റിംഗിലൂടെ മുംബൈക്ക് വിജയമൊരുക്കി എന്നത് തന്നെ ശ്രദ്ധേയമാണ്.

ബൗളിംഗിൽ ലസിത് മലിംഗ പഴയകാല പ്രതാപം കാട്ടുന്നില്ലെങ്കിലും മിച്ചൽ മക്ലീനഗൻ ആ വിടവ് നികത്തുന്നു. ഹർഭജൻ സിംഗ് വിക്കറ്റെടുക്കാൻ ബുദ്ധിമുട്ടുമ്പോഴും റൺസ് വഴങ്ങാതെ അച്ചടക്കത്തോടെ പന്തെറിയുന്നത് ക്യാപ്റ്റന്റെ ജോലി എളുപ്പമാക്കുന്നു. ദേശീയ ടീമിലെത്തിയ തന്റെ സഹോദരനെക്കാൾ മികച്ച പ്രകടനം പല മത്സരങ്ങളിലും ക്രുണാൽ പാണ്ഡ്യ പുറത്തെടുത്തിട്ടുണ്ട്. അവശ്യ ഘട്ടങ്ങളിൽ തന്റെ ഇടംകൈ സ്പിന്നിലൂടെ ക്രുണാൽ മുംബൈക്ക് വേണ്ടി വിക്കറ്റുകൾ നേടുന്നു.

ഫോമിലല്ലാത്ത മലിംഗയെ രണ്ടു മത്സരങ്ങളിൽ പുറത്തിരുത്താനും മുംബൈ തയ്യാറായി. താരമൂല്യത്തിലല്ല മറിച്ച് കളിമികവിൽ തന്നെയാണ് കാര്യമെന്ന കൃത്യമായ സന്ദേശവും ഇതുവഴി മുംബൈ കളിക്കാർക്കു നൽകി. തിരിച്ചു വന്ന മലിംഗയുടെ പ്രകടനം പിന്നിട്ടുള്ള രണ്ടു കളികളിലും മെച്ചപ്പെട്ടത് ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. അവസാനമായി അവസാനഓവറുകളിലെ ബൗളിംഗ് സ്പെഷ്യലിസ്റ്റ് ജസ്പ്രീത് ബുംറയെക്കുറിച്ച് പറയാതെ വയ്യ. ഈ സീസണിലെ ഏക സൂപ്പർ ഓവർ ഒന്നുമതി ഈ താരത്തിന്റെ സകിൽ ലെവൽ അളക്കാൻ. പരിചയ സമ്പന്നനായ ബ്രണ്ടൻ മക്കലത്തിനു പോലും ബുംറയുടെ തുടർച്ചയായ സ്ലോ ബോളുകൾക്കും യോർക്കറുകൾക്കും ഉത്തരമില്ലായിരുന്നു. ബൗളിംഗിൽ സ്ഥിരത പുലർത്താനും ഇടയ്ക്കിടെ സംഭവിക്കുന്ന ഓവർ സ്റ്റെപ്പിംഗ് പ്രശ്നം പരിഹരിക്കാനുമായാൽ ബുംറയ്ക്ക് അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്നെ താരമായി മാറാം’

കഴിഞ്ഞ സീസണുകളിൽ മെല്ലെ തുടങ്ങി ക്രമേണ ഫോമിലേക്കുയരുന്ന മുംബൈയെയാണ് നമ്മൾ കണ്ടു പോന്നത്. എന്നാൽ ഇത്തവണ അതിനു വിപരീതമായി തുടക്കം മുതൽ തന്നെ ചാമ്പ്യന്മാരുടെ പ്രകടനം പുറത്തെടുക്കുന്ന മുംബൈയെ ആണ് നമ്മൾ കണ്ടത്. 40 മത്സരങ്ങൾ പൂർത്തിയാവുമ്പോൾ പോയിന്റ്സ് ടേബിളിൽ ഒന്നാം സ്ഥാനത്ത് മുംബൈ എത്തി നിൽക്കുന്നതും ഇതുകൊണ്ടുതന്നെ !