
ക്രുണാല്‍ പാണ്ഡ്യയും രോഹിത് ശര്‍മ്മയും ചേര്‍ന്നുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് മുംബൈയുടെ ജയം ഉറപ്പാക്കി. അവസാന മൂന്നോവറില്‍ 36 റണ്‍സ് വേണ്ടിയിരുന്ന മുംബൈയെ 6 പന്തുകള്‍ ബാക്കി നില്‍ക്കെ 6 വിക്കറ്റ് വിജയത്തിലേക്ക് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് നയിക്കുകയായിരുന്നു. 21 പന്തില്‍ നിന്ന് 56 റണ്‍സാണ് കൂട്ടുകെട്ട് നേടിയത്. 12 പന്തില്‍ നിന്ന് 31 റണ്‍സ് നേടി ക്രുണാലും 15 പന്തില്‍ 24 റണ്‍സ് നേടി രോഹിത് ശര്‍മ്മയും പുറത്താകാതെ നിന്നു. ജയത്തോടെ മുംബൈ ഇന്ത്യന്‍സ് ആറ് പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. അത്രയും തന്നെ പോയിന്റുകളുള്ള രാജസ്ഥാന് റോയല്‍സ് അവസാന സ്ഥാനത്താണ്. ഡല്‍ഹി, ബാംഗ്ലൂര്‍ എന്നീ ടീമുകള്‍ക്കും ആറ് പോയിന്റാണ് ഇതുവരെ നേടാനായത്. 57 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവ് ആണ് കളിയിലെ താരം.
175 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ മുംബൈയ്ക്ക് സൂര്യകുമാര്‍ യാദവ് നേടിയ അര്‍ദ്ധ ശതകമാണ് തുണയായി എത്തിയത്. എവിന്‍ ലൂയിസ് തന്റെ മോശം ഫോം തുടര്‍ന്നപ്പോള്‍ ഇഷാന് കിഷന്(25), ഹാര്‍ദ്ദിക് പാണ്ഡ്യ(23) എന്നിവര്‍ ചെറുതെങ്കിലും നിര്‍ണ്ണായകമായ സംഭാവനകള്‍ നല്കി. ലൂയിസിനെയും ഇഷാന് കിഷനെയും മുജീബ് പുറത്താക്കിയപ്പോള്‍ 13 പന്തില്‍ 23 റണ്‍സ് നേടി മത്സരം പഞ്ചാബില്‍ നിന്ന് തട്ടിയെടുക്കുമെന്ന് തോന്നിപ്പിച്ച ഹാര്‍ദ്ദിക്കിനെ ആന്‍ഡ്രൂ ടൈ പുറത്താക്കി.
അവസാന മൂന്നോവറില്‍ 36 റണ്‍സ് ജയത്തിനായി നേടേണ്ടിയിരുന്ന മുംബൈയ്ക്ക് വേണ്ടി രോഹിത് ശര്‍മ്മ-ക്രുണാല്‍ പാണ്ഡ്യ കൂട്ടുകെട്ട് ടീമിനെ ജയത്തിനു അരികിലേക്ക് കൊണ്ടെത്തിച്ചു. സ്റ്റോയിനിസ് എറിഞ്ഞ 18ാം ഓവറില്‍ 20 റണ്‍സാണ് മുംബൈ നേടിയത്. ലക്ഷ്യം 12 പന്തില്‍ 16 റണ്‍സാക്കി മാറ്റുവാന്‍ ഇതുവഴി മുംബൈയ്ക്കായി.
ആന്‍ഡ്രൂ ടൈ എറിഞ്ഞ 19ാം ഓവറില്‍ തന്നെ ഈ സ്കോര്‍ നേടി മുംബൈ തങ്ങളുടെ മൂന്നാം ജയം സ്വന്തമാക്കുകയായിരുന്നു. രവിചന്ദ്രന്‍ അശ്വിന് 4 ഓവറില്‍ വിക്കറ്റ് നേടാനായില്ലെങ്കിലും 23 റണ്‍സ് മാത്രം വിട്ടു നല്കിയപ്പോള് മുജീബ് ഉര് റഹ്മാന് ആണ് ടീമിനായി രണ്ട് വിക്കറ്റ് വീഴ്ത്തിയത്. മാര്‍ക്കസ് സ്റ്റോയിനിസ്, ആന്‍ഡ്രൂ ടൈ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial