ബാറ്റിംഗില്‍ പിഴച്ച് സണ്‍റൈസേഴ്സ്, 118 റണ്‍സിനു പുറത്ത്

- Advertisement -

മുംബൈ ബൗളിംഗ് നിരയ്ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാനാകാതെ സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. മുംബൈ ഇന്ത്യന്‍സിന്റെ കൃത്യതയാര്‍ന്ന ബൗളിംഗിനു മുന്നില്‍ സണ്‍റൈസേഴ്സ് 18.4 ഓവറില്‍ 118 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. കെയിന്‍ വില്യംസണും യൂസഫ് പത്താനും 29 റണ്‍സ് വീതം നേടി സണ്‍റൈസേഴ്സിന്റെ ടോപ് സ്കോറര്‍ ആയി.

ഭുവിയ്ക്ക് വിശ്രമവും സ്റ്റാന്‍ലേക്കിന്റെ പരിക്കും മൂലം മൂന്ന് മാറ്റങ്ങളോടെ മത്സരത്തിനു ഇറങ്ങിയ സണ്‍റൈസേഴ്സിനു ടീമിലേക്ക് മടങ്ങിയെത്തിയ ശിഖര്‍ ധവാനെ ആദ്യം നഷ്ടമായി. പിന്നീട് അതേ ഓവറില്‍ വൃദ്ധിമന്‍ സാഹയെയും മിച്ചല്‍ മക്ലെനാഗന്‍ പുറത്താക്കിയപ്പോള്‍ രണ്ടാം ഓവര്‍ മാത്രമാണ് മത്സരത്തിലായത്. 16 റണ്‍സ് നേടിയ മനീഷ് പാണ്ഡേയെ ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താക്കിയപ്പോള്‍ ഷാകിബ് റണ്‍ഔട്ട് രൂപത്തില്‍ മടങ്ങി.

29 റണ്‍സ് നേടിയ കെയിന്‍ വില്യംസണിന്റെ ഊഴമായിരുന്നു അടുത്തത്. നായകനെ പുറത്താക്കി ഹാര്‍ദ്ദിക് പാണ്ഡ്യ മത്സരത്തിലെ രണ്ടാം വിക്കറ്റ് നേടി. യൂസഫ് പത്താനും-മുഹമ്മദ് നബിയും(14) ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി നോക്കിയെങ്കിലും മയാംഗ് മാര്‍ക്കണ്ടേ നബിയുടെ ഇന്നിംഗ്സിനു അവസാനം കുറിച്ചു.

റഷീദ് ഖാനെ ജസ്പ്രീത് ബുംറയാണ് തിരികെ പവലിയനിലേക്ക് മടക്കിയത്. യൂസഫ് പത്താന്‍ നേടിയ 29 റണ്‍സാണ് ടീം സ്കോര്‍ 100 കടക്കുവാന്‍ സഹായിച്ചത്. മുംബൈയ്ക്ക് വേണ്ടി മയാംഗ് മാര്‍ക്കണ്ടേ, ഹാര്‍ദ്ദിക് പാണ്ഡ്യ, മിച്ചല്‍ മക്ലെനാഗന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ ജസ്പ്രീത് ബുംറയും മുസ്തഫിസുറും ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement