മുജീബിനു മുന്നില്‍ തകര്‍ന്നടിഞ്ഞ് രാജസ്ഥാന്‍, ബട്‍ലര്‍ക്ക് അര്‍ദ്ധ ശതകം

- Advertisement -

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഓപ്പണര്‍ റോളില്‍ ഇറങ്ങിയ ജോസ് ബട്‍ലറുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിനു ശേഷം മുജീബ് റഹ്മാനു മുന്നില്‍ തകര്‍ന്നടിഞ്ഞ് രാജസ്ഥാന്‍ റോയല്‍സ്. അവസാന ഓവറുകളില്‍ 24 റണ്‍സ് നേടിയ ശ്രേയസ്സ് ഗോപാലിന്റെ പ്രകടനമാണ് രാജസ്ഥാനെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്.  20 ഓവറില്‍ 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ 152 റണ്‍സില്‍ അവസാനിക്കുകയായിരുന്നു റോയല്‍സിന്റെ ഇന്നിംഗ്സ്. ടോസ് നേടിയ കിംഗ്സ് ഇലവന്‍ പഞ്ചാബ് നായകന്‍ രവിചന്ദ്രന്‍ അശ്വിന്‍ രാജസ്ഥാനോട് ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.

മൂന്നാം പന്തില്‍ ഡാര്‍സി ഷോര്‍ട്ട് മടങ്ങിയപ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 3 റണ്‍സ് മാത്രമാണ് പിറന്നത്. അശ്വിനായിരുന്നു വിക്കറ്റ്. അജിങ്ക്യ രഹാനെയെ ഗെയില്‍ അക്സര്‍ പട്ടേലിന്റെ ഓവറില്‍ മികച്ചൊരു ക്യാച്ച് നേടി പുറത്താക്കുകയായിരുന്നു. 32 റണ്‍സാണ് ബട്‍ലര്‍-രഹാനെ കൂട്ടുകെട്ട് രണ്ടാം വിക്കറ്റില്‍ നേടിയത്. ഇതില്‍ അഞ്ച് റണ്‍സ് മാത്രമാണ് രഹാനെയുടെ സംഭാവന. പകരം ക്രീസിലെത്തിയ സഞ്ജു സാംസണുമായി ചേര്‍ന്ന് 49 റണ്‍സ് കൂടി രാജസ്ഥാനു വേണ്ടി ബട്‍ലര്‍ നേടി.

ഡീപ് സ്ക്വയര്‍ ലെഗില്‍ ക്യാച് നല്‍കി മടങ്ങുന്ന പതിവ് ഈ മത്സരത്തിലും സഞ്ജു സാംസണ്‍ തുടരുകയായിരുന്നു. 23 പന്തില്‍ 28 റണ്‍സാണ് സഞ്ജു ഇന്നത്തെ മത്സരത്തില്‍ നേടിയത്. രണ്ട് ഓവറുകള്‍ക്ക് ശേഷം ബെന്‍ സ്റ്റോക്സിനെ(12) ബൗണ്ടറി ലൈനില്‍ മികച്ചൊരു ടീം വര്‍ക്ക് ക്യാച്ചിലൂടെ മയാംഗ് അഗര്‍വാല്‍-മനോജ് തിവാരി കൂട്ടുകെട്ട് പുറത്താക്കുകയായിരുന്നു. മുജീബ് ഉര്‍ റഹ്മാന്‍ മത്സരത്തിലെ തന്റെ ആദ്യ വിക്കറ്റ് നേടുകയായിരുന്നു.

12.5 ഓവറില്‍ സ്കോര്‍ 100ല്‍ നില്‍ക്കെയാണ് രാജസ്ഥാനു ബെന്‍ സ്റ്റോക്സിന്റെ വിക്കറ്റ് നഷ്ടമായത്. തൊട്ടടുത്ത തന്റെ ഓവറിലെ ആദ്യ പന്തില്‍ ജോസ് ബട്‍ലറെയും പുറത്താക്കി മുജീബ് മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റഅ നേടി. 39 പന്തില്‍ 51 റണ്‍സാണ് ബട്‍ലര്‍ നേടിയത്. തൊട്ടടുത്ത പന്തില്‍ ജോഫ്ര ആര്‍ച്ചറെയും പുറത്താക്കി മുജീബ് ഹാട്രിക്ക് നേട്ടത്തിനരികെ എത്തി. എന്നാല്‍ കൃഷ്ണപ്പ ഗൗതം താരത്തിനു ഹാട്രിക്ക് നിഷേധിച്ചു.

അവസാന അഞ്ചോവറില്‍ രാജസ്ഥാന്‍ 42 റണ്‍സാണ് നേടിയത്. ശ്രേയസ്സ് ഗോപാല്‍ 16 പന്തില്‍ നേടിയ 24 റണ്‍സാണ് 150 കടക്കുവാന്‍ രാജസ്ഥാനെ സഹായിച്ചത്.

പഞ്ചാബിനു വേണ്ടി മുജീബ് റഹ്മാന്‍ മൂന്നും ആന്‍ഡ്രൂ ടൈ രണ്ടും വിക്കറ്റ് നേടിയപ്പോള്‍ അശ്വിന്‍, അങ്കിത് രാജ്പുത്, അക്സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement