
മോയിന്‍ അലി-എബി ഡി വില്ലിയേഴ്സ് കൂട്ടുകെട്ടിന്റെ ബാറ്റിംഗ് മികവില്‍ ചിന്നസ്വാമി സ്റ്റേഡിയത്തിലെ കാണികള്‍ക്കായി റണ്‍ വിരുന്ന്. ഇരുവരുടെയും തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിനു ശേഷം റഷീദ് ഖാന് ഇരുവരെയും പുറത്താക്കി. വിരാട് കോഹ്ലിയുടേതുള്‍പ്പെടെ മൂന്ന് വിക്കറ്റുകളാണ് മത്സരത്തില്‍ റഷീദ് ഖാന് നേടിയത്. ഇരുവരും പുറത്തായ ശേഷം കോളിന് ഗ്രാന്‍ഡോമും സര്‍ഫ്രാസ് ഖാനും ചേര്‍ന്ന് ബാംഗ്ലൂരിന്റെ സ്കോര്‍ 20 ഓവറില്‍ 6 വിക്കറ്റുകളുടെ നഷ്ടത്തില്‍ 218 റണ്‍സില്‍ എത്തിക്കുകയായിരുന്നു.
ആദ്യ പന്തില്‍ പാര്‍ത്ഥിവ് പട്ടേല്‍ നല്കിയ അവസരം സണ്‍റൈസേഴ്സ് കൈവിട്ടുവെങ്കിലും ഓവറിന്റെ അവസാന പന്തില്‍ സന്ദീപ് ശര്‍മ്മ താരത്തെ പുറത്താക്കി സണ്‍റൈസേഴ്സിനു മികച്ച തുടക്കം നല്കി. കോഹ്ലിയെ 5ാം ഓവറില്‍ നഷ്ടമാകുമ്പോള്‍ ബാംഗ്ലൂര്‍ സ്കോര്‍ 38/2. പിന്നീട് മത്സരം പാടെ മറിയ്ക്കുന്ന പ്രകടനമാണ് പേരുകേട്ട സണ്‍റൈസേഴ്സ് ബൗളിംഗ് നിരയ്ക്കെതിരെ ബാംഗ്ലൂര്‍ ബാറ്റ്സ്മാന്മാര് നടത്തിയത്. മോയിന്‍ അലിയും എബി ഡി വില്ലിയേഴ്സും യഥേഷ്ടം സണ്‍റൈസേഴ്സിനെതിരെ ബൗണ്ടറികള്‍ നേടുകയായിരുന്നു.
മോയിന്‍ അലിയാണ് കൂടുതല്‍ അപകടകാരിയായി കാണപ്പെട്ടത്. ബേസില്‍ തമ്പിയും സിദ്ധാര്‍ത്ഥ് കൗളുമാണ് ഏറെ പ്രഹരം ഏറ്റുവാങ്ങിയത്. 230നു മേലുള്ള സ്കോറിലേക്ക് ബാംഗ്ലൂര്‍ അനായാസം നീങ്ങുമെന്നു കരുതിയെങ്കിലും റഷീദ് ഖാന് എറിഞ്ഞ 15ാം ഓവറില്‍ ഡി വില്ലിയേഴ്സും(69) മോയിന്‍ അലിയും(65) രണ്ട് പന്തുകളുടെ വ്യത്യാസത്തില്‍ പുറത്താക്കി.
107 റണ്‍സാണ് ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ നേടിയത്. കോളിന് ഗ്രാന്‍ഡോമും സര്‍ഫ്രാസ് ഖാനും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചപ്പോള്‍ ബാംഗ്ലൂര്‍ 218/6 എന്ന കൂറ്റന്‍ സ്കോറിലേക്ക് എത്തി. 17 പന്തില്‍ 40 റണ്‍സാണ് ഗ്രാന്‍ഡോം നേടിയത്. സര്‍ഫ്രാസ് ഖാന് 8 പന്തില്‍ 22 റണ്‍സ് നേടി പുറത്താകാതെ നിന്നു.
റഷീദ് ഖാന് മൂന്നും സിദ്ധാര്‍ത്ഥ് കൗള്‍ രണ്ടും വിക്കറ്റ് നേടിയപ്പോള്‍ സന്ദീപ് ശര്‍മ്മയ്ക്കാണ് ഒരു വിക്കറ്റ്. ബേസില്‍ തമ്പി തന്റെ നാലോവറില്‍ 70 റണ്‍സ് വഴങ്ങി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial