
ഇന്‍ഡോറില്‍ തങ്ങളുടെ പുതിയ ഹോം ഗ്രൗണ്ടില്‍ ആദ്യം ബാറ്റ് ചെയ്ത് 174 റണ്‍സ് നേടി കിംഗ്സ് ഇലവന് പഞ്ചാബ്. ടോസ് നേടിയ രോഹിത് ശര്‍മ്മ പഞ്ചാബിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. ഗെയിലും രാഹുലും നല്കിയ മികച്ച തുടക്കത്തിനു ശേഷം വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി കിംഗ്സ് ഇലവന് മുംബൈ ബൗളര്‍മാരുടെ ജോലി എളുപ്പമാക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലേതിനു സമാനമായി അവസാന ഓവറില്‍ അധികം റണ്‍സ് വഴങ്ങി മുംബൈ മത്സരത്തില്‍ കിംഗ്സ് ഇലവന് പഞ്ചാബിനെ പൊരുതാവുന്ന സ്കോറിലേക്ക് എത്തുവാന്‍ സഹായിക്കുകയായിരുന്നു. ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറില്‍ 22 റണ്‍സാണ് സ്റ്റോയിനിസ് നേടിയത്. രണ്ട് സിക്സും രണ്ട് ബൗണ്ടറിയും അടക്കം 15 പന്തില്‍ 29 റണ്‍സ് സ്റ്റോയിനിസ് നേടിയപ്പോള്‍ കിംഗ്സ് ഇലവന് പഞ്ചാബ് 20 ഓവറില്‍ 174/6 എന്ന സ്കോര്‍ നേടി.
ഒന്നാം വിക്കറ്റില്‍ അര്‍ദ്ധ ശതകം കൂട്ടുകെട്ട് നേടിയ ശേഷം കെഎല്‍ രാഹുല്‍ 24 റണ്‍സ് നേടി പുറത്താകുകയായിരുന്നു. മെല്ലെ തുടങ്ങിയ ഗെയില്‍ പിന്നീട് തന്റെ വിശ്വരൂപം പുറത്തെടുത്ത് അര്‍ദ്ധ ശതകം നേടിയെങ്കിലും 50 റണ്‍സ് തികച്ചയുടനെ പുറത്താകുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ യുവരാജ് സിംഗും(14) റണ്‍ഔട്ട് ആയപ്പോള്‍ പഞ്ചാബ് 12.3 ഓവറില്‍ 96/3 എന്ന നിലയിലായി.
നാലാം വിക്കറ്റില്‍ കരുണ്‍ നായര്‍-അക്സര്‍ പട്ടേല്‍ കൂട്ടുകെട്ട് നേടിയ 36 റണ്‍സ് നേടി സ്ഥിതി പഞ്ചാബിനു അനുകൂലമാക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും മികച്ചൊരു ക്യാച്ചിലൂടെ മക്ലെനാഗെന്റെ ബൗളിംഗില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ കരുണ്‍ നായരെ പുറത്താക്കുകയായിരുന്നു. 12 പന്തില്‍ 23 റണ്‍സാണ് കരുണ്‍ നായര്‍ നേടിയത്. തൊട്ടടുത്ത ഓവറില്‍ അക്സര്‍ പട്ടേലിനെ(13) പഞ്ചാബിനു നഷ്ടമായി. ജസ്പ്രീത് ബുംറയ്ക്കാണ് വിക്കറ്റ്.
7 ബൗളര്‍മാരെയാണ് രോഹിത് ശര്‍മ്മ മത്സരത്തില്‍ ഉപയോഗിച്ചത്. മയാംഗ് മാര്‍ക്കണ്ടേ, മിച്ചല്‍ മക്ലെനാഗന്, ജസ്പ്രീത് ബുംറ, ബെന്‍ കട്ടിംഗ്, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ക്കാണ് മുംബൈ നിരയില്‍ വിക്കറ്റുകള്‍ ലഭിച്ചത്. 4 ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയാണ് മുംബൈ ബൗളര്‍മാരിലെ താരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial