
മികച്ച തുടക്കത്തിനു ശേഷം മികച്ച തിരിച്ചുവരവ് നടത്തി രാജസ്ഥാന് റോയല്‍സ്. ഒരു ഘട്ടത്തില്‍ 200നടുത്തുള്ള സ്കോര്‍ ടീം നേടുമെന്ന് തോന്നിപ്പിച്ചുവെങ്കിലും അവസാന ഓവറുകളില്‍ മികച്ച ബൗളിംഗ് പ്രകടനമാണ് ജോഫ്ര ആര്‍ച്ചറുടെ നേതൃത്വത്തില്‍ രാജസ്ഥാന് പുറത്തെടുത്തത്. 20 ഓവറില്‍ മുംബൈയെ 167/7 എന്ന സ്കോറിനു ചെറുത്ത് നിര്‍ത്താനായി എന്നത് രാജസ്ഥാന് റോയല്‍സിന്റെ ആത്മവിശ്വാസം പുറത്തെടുക്കുന്ന പ്രകടനമായിരുന്നു. തന്റെ നാലോവറില്‍ വെറും 22 റണ്‍സ് വഴങ്ങി 3 വിക്കറ്റ് നേടിയ ജോഫ്ര അര്‍ച്ചറുടെ പ്രകടനമാണ് രാജസ്ഥാന് ബൗളര്‍മാരില്‍ എടുത്ത് പറയുവാനുള്ളത്.
ഇന്നിംഗ്സിന്റെ നാലാം പന്തില്‍ സ്കോര്‍ ഒരു റണ്‍സില്‍ നില്‍ക്കെ ഓപ്പണര്‍ എവിന്‍ ലൂയിസിനെ നഷ്ടമായ ശേഷം മികച്ച തിരിച്ചുവരവ് നടത്തി മുംബൈ ഇന്ത്യന്‍സ്. രണ്ടാം വിക്കറ്റില്‍ സൂര്യകുമാര്‍ യാദവും ഇഷാന് കിഷനും ചേര്‍ന്ന് മുംബൈയെ ശക്തമായ നിലയിലേക്ക് എത്തിക്കുകയായിരുന്നു. ലൈനും ലെംഗ്തും കണ്ടെത്താന്‍ ബൗളര്‍മാര്‍ ബുദ്ധിമുട്ടിയപ്പോള്‍ ക്യാച്ചുകള്‍ കൈവിട്ടും യഥേഷ്ടം മിസ് ഫീല്‍ഡ് ചെയ്തും രാജസ്ഥാന്റെ ദുരിതാവസ്ഥയ്ക്ക് ആക്കം കൂട്ടി.
സൂര്യകുമാര്‍ യാദവും ഇഷാന് കിഷനും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 129 റണ്‍സാണ് നേടിയത്. എവിന്‍ ലൂയിസിനെയും ഇഷാന് കിഷനെയും ധവാല്‍ കുല്‍ക്കര്‍ണിയാണ് പുറത്താക്കിയത്. 4 ബൗണ്ടറിയും 3 സിക്സുമാണ് കിഷന് നേടിയത്. 47 പന്തില്‍ 72 റണ്‍സ് നേടി യാദവ് 16ാം ഓവറില്‍ ഔട്ട് ആവുകയായിരുന്നു. 6 ബൗണ്ടറിയും 3 സിക്സുമാണ് സൂര്യകുമാര്‍ യാദവ് നേടിയത്. ജയ്ദേവ് ഉനഡ്കട്ടിനാണ് വിക്കറ്റ് ലഭിച്ചത്.
നേരിട്ട ആദ്യ പന്തില്‍ തന്നെ റണ്‍ഔട്ട് ആയി രോഹിത് ശര്‍മ്മ മടങ്ങിയപ്പോള്‍ മുംബൈ നിര പ്രതിസന്ധിയിലായി. അവസാന ഓവറുകളില്‍ കണിശതയോടെ പന്തെറിഞ്ഞ രാജസ്ഥാനു വേണ്ടി ജോഫ്ര ആര്‍ച്ചര്‍ 19ാം ഓവറില്‍ മൂന്ന് വിക്കറ്റ് നേടി. അതില്‍ രണ്ട് തകര്‍പ്പന്‍ യോര്‍ക്കറുകളും പെടും. റണ്‍ പൊള്ളാര്‍ഡ് 21 റണ്‍സ് നേടി പുറത്താകാതെ നിന്നു. 20 പന്തുകളാണ് തന്റെ 21 റണ്‍സിനായി കീറണ്‍ പൊള്ളാര്‍ഡ് നേരിട്ടത്.
ജോഫ്ര ആര്‍ച്ചറുടെ മൂന്ന് വിക്കറ്റുകള്‍ക്ക് പുറമേ ധവാല്‍ കുല്‍ക്കര്‍ണി രണ്ടും ജയ്ദേവ് ഉനഡ്കട് ഒരു വിക്കറ്റും നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial