ബ്രിസ്ബെയിനില്‍ തന്റെ മുഖത്ത് ഇടിക്കുമെന്ന് പറഞ്ഞ ഹെയ്ഡന്‍ പിന്നീട് ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ തന്റെ അടുത്ത സുഹൃത്തായി – പാര്‍ത്ഥിവ് പട്ടേല്‍

- Advertisement -

ഓസ്ട്രേലിയന്‍ ഓപ്പണറും ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ തന്റെ സഹ ഓപ്പണറുമായിരുന്ന മാത്യു ഹെയ്ഡനുമായുള്ള രസകരമായ അനുഭവം പങ്കുവെച്ച് പാര്‍ത്ഥിവ് പട്ടേല്‍. തനിക്ക് വെറും 18 വയസ്സുള്ളപ്പോളുള്ള കാര്യമാണ് പാര്‍ത്ഥിവ് ഈ ലോക്ക്ഡൗണ്‍ കാലത്ത് ആരാധകരുമായി പങ്കുവെച്ചത്. ബ്രിസ്ബെയിനില്‍ 2004ല്‍ മാത്യു ഹെയ്ഡന്‍ പുറത്തായി പവലിയനിലേക്ക് മടങ്ങുമ്പോളുള്ളതാണ് ഈ സംഭവം.

ഇന്ത്യ നല്‍കിയ 304 റണ്‍സ് ലക്ഷ്യം ചേസ് ചെയ്ത ഓസ്ട്രേലിയയെ മാത്യു ഹെയ്ഡന്‍ ശതകവുമായി മുന്നോട്ട് നയിച്ചുവെങ്കിലും 109 റണ്‍സില്‍ ഇര്‍ഫാന്‍ പത്താന്‍ പുറത്താക്കുകയായിരുന്നു. ഇന്ത്യ പിന്നീട് മത്സരം 19 റണ്‍സിന് വിജയിച്ചു.ഹെയ്ഡന്‍ പുറത്തായ ശേഷം അന്ന് വെള്ളം കൊണ്ടുപോകുകയായിരുന്നു പാര്‍ത്ഥിവ് താരത്തെ കളിയാക്കി – ഹൂ ഹൂ എന്ന് ശബ്ദമുണ്ടാക്കിയിരുന്നു. തിരിച്ച് പാര്‍ത്ഥിവ് മടങ്ങുമ്പോള്‍ ബ്രിസ്ബെയിനിലെ ഡ്രസ്സിംഗ് റൂമിലേക്കുള്ള ടണലിന്റെ അവിടെ ഹെയ്ഡന്‍ തന്നെ കാത്തിരിക്കുകയായിരുന്നുവെന്ന് പാര്‍ത്ഥിവ് പറഞ്ഞു.

ഇത് ഒരു തവണ കൂടി ആവര്‍ത്തിക്കുകയാണെങ്കില്‍ നിന്റെ മുഖത്ത് ഇടി വീഴുമെന്നാണ് അന്ന് ഹെയ്ഡന്‍ പാര്‍ത്ഥിവിനോട് പറഞ്ഞു. താന്‍ മാപ്പ് പറഞ്ഞപ്പോള്‍ താരം നടന്നകന്നുവെന്നും പാര്‍ത്ഥിവ് സൂചിപ്പിച്ചു. പിന്നീട് ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ എത്തിയപ്പോള്‍ ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളായെന്നും പാര്‍ത്ഥിവ് വ്യക്തമാക്കി. ഹെയ്ഡന്റെ കൂടെ ഓപ്പണിംഗ് ചെയ്യുക വളരെ അധികം താന്‍ ആസ്വദിച്ചിരുന്നുവെന്നും ബ്രിസ്ബെയിനിലെ സംഭവം മറന്ന് ഞങ്ങള്‍ മികച്ച സുഹൃത്തുക്കളായെന്നും പാര്‍ത്ഥിവ് അഭിപ്രായപ്പെട്ടു.

Advertisement