
മയാംഗ് മാര്‍ക്കണ്ടേ തന്റെ രണ്ടാം മത്സരത്തിലും മനം കവരല്‍ തുടര്‍ന്നുവെങ്കിലും മുംബൈ ഇന്ത്യന്‍സിനു വിജയമില്ല. ഇരു ടീമുകളുടെയും സാധ്യത മാറി മറിഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്സ് അനായാസം വിജയത്തിലേക്ക് നീങ്ങുമെന്ന് കരുതിയ മത്സരത്തില്‍ രണ്ട് തവണയാണ് മുംബൈ ബൗളര്‍മാര്‍ മത്സരത്തിലേക്ക് തിരികെ എത്തിയത്. എന്നാല്‍ ഒരറ്റത്ത് സണ്‍റൈസേഴ്സിന്റെ രക്ഷകനായി ദീപക് ഹൂഡ അവതരിക്കുകയായിരുന്നു. തന്റെ 18 ഡോട്ട് ബോള്‍ അടങ്ങിയ നാലോവര്‍ സ്പെല്ലിനു സണ്‍റൈസേഴ്സിന്റെ അഫ്ഗാനിസ്ഥാന് താരം റഷീദ് ഖാന് ആണ് കളിയിലെ താരം.
ബെന്‍ കട്ടിംഗ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ തന്നെ സിക്സര്‍ പറത്തി ഹൂഡ വീണ്ടും ഹൈദ്രാബാദ് ക്യാമ്പുകളില്‍ പ്രതീക്ഷ നല്കി. ലക്ഷ്യം അവസാന പന്തില്‍ ഒരു റണ്‍സ് എന്ന സ്ഥിതിയില്‍ ബില്ലി സ്റ്റാന്‍ലേക്ക് ഒരു റണ്‍സ് നേടി ഹൈദ്രാബാദിനെ ഒരു വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
മുംബൈയുടെ 147/8 എന്ന സ്കോര്‍ പിന്തുടര്ന്ന് ശക്തമായ നിലയില്‍ കുതിക്കുകയായിരുന്നു സണ്‍റൈസേഴ്സിനു പെട്ടെന്നാണ് മത്സരത്തില്‍ തകര്‍ച്ച നേരിട്ടത്. 4 ഓവറില്‍ 23 റണ്‍സ് വഴങ്ങി 4 വിക്കറ്റ് വീഴത്തിയ മാര്‍ക്കണ്ടേയുടെ പ്രകടനമാണ് മത്സരത്തിലേക്ക് മുംബൈയെ തിരികെ കൊണ്ടുവന്നത്.
മികച്ച ഫോമില്‍ കളിക്കുകയായിരുന്ന ശിഖര്‍ ധവാന്റെ വിക്കറ്റുകള്‍ ഉള്‍പ്പെടെ നാല് ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാരെയാണ് മയാംഗ് മാര്‍ക്കണ്ടേ പുറത്താക്കിയത്. 62/0 എന്ന നിലയില്‍ നിന്ന് 77/3 എന്ന നിലയിലേക്കും പിന്നീട് 107/5 എന്ന നിലയിലേക്കും ഹൈദ്രാബാദ് വീണുവെങ്കിലും ആറാം വിക്കറ്റില്‍ ദീപക് ഹൂഡ-യൂസഫ് പത്താന് കൂട്ടുകെട്ട് ടീമിനെ മെല്ലെ വിജയത്തിനടുത്തേക്ക് എത്തിച്ചു.
ജയം 12 റണ്‍സ് അകലെ നില്‍ക്കെ ജസ്പ്രീത് ബുംറ എറിഞ്ഞ 18ാം ഓവറില്‍ യൂസഫ് പത്താനും(14) റണ്ണൊന്നുമെടുക്കാതെ റഷീദ് ഖാനെയും ഹൈദ്രാബാദിനു നഷ്ടമായതോടെ മത്സരത്തില്‍ വീണ്ടും മുംബൈ പിടിമുറുക്കി. അഞ്ച് വിക്കറ്റുകള്‍ കൈവശം ഇരിക്കെ 3 ഓവറില്‍ 15 എന്ന ലക്ഷ്യം ബുംറയുടെ ഓവര്‍ അവസാനിച്ചപ്പോള്‍ 3 വിക്കറ്റ് ബാക്കി നില്‍ക്കെ 12 പന്തില്‍ 12 റണ്‍സ് എന്നായി മാറുകയായിരുന്നു.
19ാം ഓവറില്‍ വെറും ഒരു റണ്‍സ് മാത്രം വഴങ്ങി സിദ്ധാര്‍ത്ഥ് കൗളിനെയും സന്ദീപ് ശര്‍മ്മയെയും പുറത്താക്കി മുസ്തഫിസുര്‍ ലക്ഷ്യം അവസാന ഓവറില്‍ 11 റണ്‍സാക്കി മാറ്റി. അവസാന ഓവറില്‍ 11 റണ്‍സ് ലക്ഷ്യം ഹൂഡയും സ്റ്റാന്‍ലേക്കും ചേര്‍ന്ന് സ്വന്തമാക്കുകയായിരുന്നു.
മാര്‍ക്കണ്ടേയുടെ 4 വിക്കറ്റുകള്‍ക്ക് പുറമേ രണ്ട് വീതം വിക്കറ്റാണ് ജസ്പ്രീത് ബുംറയും മുസ്തഫിസുര്‍ റഹ്മാനും നേടിയത്.
22 റണ്‍സ് നേടിയ സാഹയെയാണ് ഹൈദ്രാബാദിനു ആദ്യം നഷ്ടമായത്. മാര്ക്കണ്ടേയ്ക്കാണ് വിക്കറ്റ് ലഭിച്ചത്. തൊട്ടടുത്ത ഓവറില്‍ കെയിന്‍ വില്യംസണെ മുസ്തഫിസുര്‍ റഹ്മാന് പുറത്താക്കിയപ്പോള്‍ ധവാന്(28 പന്തില്‍ 45), മനീഷ് പാണ്ഡേ, ഷാകിബ് അല്‍ ഹസന് എന്നിവരെ മാര്‍ക്കണ്ടേ പുറത്താക്കി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial