രാജ്പുതിനു അഞ്ച് വിക്കറ്റ്, അര്‍ദ്ധ ശതകം നേടി മനീഷ് പാണ്ഡേ

- Advertisement -

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സണ്‍റൈസേഴ്സ് ഹൈദ്രാബാദിനു ബാറ്റിംഗ് തകര്‍ച്ച. അങ്കിത് രാജ്പുത് ഹൈദ്രാബാദ് ടോപ് ഓര്‍ഡറിനെ എറിഞ്ഞിട്ടപ്പോള്‍ നാലാം വിക്കറ്റില്‍ മനീഷ് പാണ്ഡേയും ഷാകിബ് അല്‍ ഹസനും ചേര്‍ന്നാണ് സണ്‍റൈസേഴ്സ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇരുവര്‍ക്കും ഇന്നിംഗ്സിന്റെ തുടക്കത്തില്‍ ലൈഫ് ലഭിച്ചത് ഹൈദ്രാബാദിനു ഗുണമായി. മനീഷ് പാണ്ഡേയെ രാജ്പുതിന്റെ ഓവറില്‍ ആന്‍ഡ്രൂ ടൈ കൈവിട്ടപ്പോള്‍ നേരിട്ട ആദ്യ പന്തില്‍ ക്യാച്ച് നല്‍കിയ ഷാകിബിനു രക്ഷയായത് ബരീന്ദര്‍ സ്രാന്‍ എറിഞ്ഞ നോബോള്‍ ആയിരുന്നു. നാലാം വിക്കറ്റിലെയും അഞ്ചാം വിക്കറ്റിലെയും കൂട്ടുകെട്ടാണ് സണ്‍റൈസേഴ്സിനെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്. 20 ഓവറില്‍ 132 റണ്‍സാണ് സണ്‍റൈസേഴ്സ് ഹൈദ്രാബാദ് 6 വിക്കറ്റുകളുടെ നഷ്ടത്തില്‍ നേടിയത്.

52 റണ്‍സാണ് നാലാം വിക്കറ്റില്‍ ഷാകിബ്-പാണ്ഡേ കൂട്ടുകെട്ട് നേടിയത്. മുജീബ് റഹ്മാന്‍ ആണ് കൂട്ടുകെട്ട് തകര്‍ത്തത്. നാല് ഓവറില്‍ 17 റണ്‍സ് മാത്രമേ മുജീബ് വഴങ്ങിയുള്ളു. 28 റണ്‍സാണ് ഷാകിബ് നേടിയത്. മനീഷ് പാണ്ഡേ 54 റണ്‍സ് നേടി അവസാന ഓവറില്‍ രാജ്പുതിനു വിക്കറ്റ് നല്‍കി മടങ്ങി. യൂസഫ് പത്താന്‍ 21 റണ്‍സ് നേടി പുറത്താകാതെ നിന്നു. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 49 റണ്‍സാണ് നേടിയത്.

അവസാന ഓവറില്‍ മനീഷ് പാണ്ഡേയെയും മുഹമ്മദ് നബിയെയും പുറത്താക്കി അങ്കിത് രാജ്പുത് തന്റെ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. അങ്കിത് രാജ്പുതിനു(5) പുറമേ മുജീബ് ഉര്‍ റഹ്മാന്‍ മാത്രമാണ് പഞ്ചാബ് നിരയില്‍ വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement