ഹാര്‍ദ്ദികിനു സ്ഥാനക്കയറ്റം നല്‍കിയത് മഹേലയുടെ തന്ത്രം

- Advertisement -

ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കിയത് കോച്ച് മഹേല ജയവര്‍ദ്ധനയുടെ തന്ത്രമെന്ന് വെളിപ്പെടുത്തി താരം. ഇന്നലത്തെ മത്സരത്തില്‍ രോഹിത് ശര്‍മ്മ പുറത്തായപ്പോള്‍ ജെപി ഡുമിനിയായിരുന്നു ക്രീസിലേക്ക് എത്തുവാന്‍ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഡുമിനി ഇറങ്ങുന്നതിനു തൊട്ട് മുമ്പ് മഹേല ജയവര്‍ദ്ധനേ അത് തടഞ്ഞ് ഹാര്‍ദ്ദിക് പാണ്ഡ്യയോട് ബാറ്റിംഗിനിറങ്ങുവാന്‍ ആവശ്യപ്പെടുകയായിരുന്നു എന്ന് ഹാര്‍ദ്ദിക് തന്നെ പോസ്റ്റ് മാച്ച് പ്രസന്റേഷനില്‍ പറയുകയായിരുന്നു.

തനിക്ക് നേരത്തെ ബാറ്റിംഗിനിറങ്ങുന്നത് ഇഷ്ടമാണെന്ന് പറഞ്ഞ താരം ലഭിച്ച അവസരം മുതലാക്കുവാനായതില്‍ സന്തോഷമുണ്ടെന്നും അറിയിച്ചു. 106/2 എന്ന സ്കോറില്‍ ക്രീസിലെത്തിയ പാണ്ഡ്യ ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ 20 പന്തില്‍ 35 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുകയായിരുന്നു. ടീമില്‍ ഇന്നലെ തിളങ്ങിയ താരങ്ങളില്‍ ഏറ്റവുമധികം സ്ട്രൈക്ക് റേറ്റും ഹാര്‍ദ്ദിക്കിനു തന്നെയായിരുന്നു. മത്സരത്തില്‍ ബൗളിംഗിലും തിളങ്ങിയ ഹാര്‍ദ്ദിക്കിന്റെ ഓള്‍റഔണ്ട് പ്രകടനം ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement