ലിന്‍ തുടങ്ങി ഗില്‍ അവസാനിപ്പിച്ചു, പഞ്ചാബിനു മേല്‍ കൊല്‍ക്കത്തയുടെ വിജയം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

അടിച്ച് തുടങ്ങിയ ക്രിസ് ലിന്നിന്റെയും ക്ലാസ്സിക് ഷോട്ടുകളോടെ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ ശുഭ്മന്‍ ഗില്ലിന്റെയും മികവില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനു മേല്‍ ആധികാരിക വിജയം കരസ്ഥമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. വിജയിക്കുവാന്‍ 184 റണ്‍സ് വേണ്ടിയിരുന്ന കൊല്‍ക്കത്തയ്ക്ക് തുടക്കം മുതല്‍ തന്നെ മികച്ച തുടക്കമാണ് ഗില്ലും ക്രിസ് ലിന്നും നല്‍കിയത്. 18 ഓവറിലാണ് ടീം 7 വിക്കറ്റ് വിജയം ഉറപ്പിച്ചത്. ശുഭ്മന്‍ ഗില്‍ 49 പന്തില്‍ 65 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ദിനേശ് കാര്‍ത്തിക് 9 പന്തില്‍ നിന്ന് 21 റണ്‍സ് നേടി വിജയ റണ്‍സ് നേടി. 19 പന്തില്‍ നിന്ന് ഏറെ നിര്‍ണ്ണായകമായ 35 റണ്‍സാണ് നാലാം വിക്കറ്റില്‍ ഗില്‍-കാര്‍ത്തിക് കൂട്ടുകെട്ട് നേടിയത്.

പവര്‍പ്ലേയില്‍ 62 റണ്‍സ് നേടിയ ശേഷം ക്രിസ് ലിന്‍ മടങ്ങുമ്പോള്‍ താരത്തിനു തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കുവാനായിരുന്നില്ല. 22 പന്തില്‍ നിന്ന് 46 റണ്‍സാണ് ക്രിസ് ലിന്‍ നേടിയത്. 5 ഫോറും 3 സിക്സുമാണ് താരം നേടിയത്. പകരമെത്തിയ റോബിന്‍ ഉത്തപ്പയും ഗില്ലും കൂടി 38 റണ്‍സ് നേടിയെങ്കിലും അശ്വിന്‍ ഉത്തപ്പയെ മടക്കി. 22 റണ്‍സാണ് 14 പന്തില്‍ നിന്ന് താരം നേടിയത്.

ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം ആന്‍ഡ്രേ റസ്സല്‍ തന്റെ പതിവു ശൈലിയിലേക്ക് വരുന്നതിനു മുമ്പ് പുറത്താകുകയായിരുന്നു. 14 പന്തില്‍ 24 റണ്‍സ് നേടിയ ശേഷമാണ് താരത്തിന്റെ പുറത്താകല്‍. മയാംഗ് അഗര്‍വാല്‍ ആന്‍ഡ്രേ റസ്സലിന്റെ ക്യാച്ച് കൈവിട്ട ക്യാച്ച് കൈവിടുകയും അത് സിക്സില്‍ ചെന്നവസാനിക്കുകയും ചെയ്ത ശേഷം അവസരം മുതലാക്കുവാന്‍ റസ്സലിനു സാധിച്ചില്ലെങ്കിലും ജയത്തില്‍ നിന്ന് ടീമിനെ തടയുവാന്‍ അത് മതിയാകുമായിരുന്നില്ല.

അധികം ബുദ്ധിമുട്ടില്ലാതെ അവശേഷിച്ച റണ്ണുകള്‍ ശുഭ്മന്‍ ഗില്ലും ദിനേശ് കാര്‍ത്തിക്കും ചേര്‍ന്ന് മറികടക്കുകയായിരുന്നു. അവസാന നാലോവറില്‍ 27 റണ്‍സായിരുന്നു കൊല്‍ക്കത്ത ജയിക്കുവാനായി നേടേണ്ടിയിരുന്നത്. 2 ഓവര്‍ അവശേഷിക്കെ വിജയം ഉറപ്പാക്കുവാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു സാധിച്ചു. ജയത്തോടെ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി നിര്‍ത്തുവാനും ടീമിനു സാധിച്ചു.