അടിച്ച് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹിയ്ക്കെതിരെ മികച്ച സ്കോര്‍

ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് മികച്ച സ്കോര്‍ നേടി മുംബൈ ഇന്ത്യന്‍സ്. ടോസ് നേടിയ ഡല്‍ഹി മുംബൈയോട് ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. രോഹിത് ശര്‍മ്മയ്ക്ക് പകരം സൂര്യകുമാര്‍ യാദവിനെ ഓപ്പണിംഗ് സ്ഥാനത്ത് പരീക്ഷിച്ചാണ് മുംബൈ ഇന്ത്യന്‍സ് കളിക്കാനിറങ്ങിയത്. 32 പന്തില്‍ 53 റണ്‍സ് നേടി സൂര്യകുമാര്‍ ടീം തന്നില്‍ അര്‍പ്പിച്ച വിശ്വാസം കാത്തു രക്ഷിക്കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ എവിന്‍ ലൂയിസ്-സൂര്യകുമാര്‍ സഖ്യം 102 റണ്‍സാണ് ചേര്‍ത്തത്. 9ാം ഓവറില്‍ രാഹുല്‍ തെവാട്ടിയയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങുമ്പോള്‍ 4 സിക്സും 4 ബൗണ്ടറിയും സഹിതം 48 റണ്‍സാണ് 28 പന്തില്‍ നിന്ന് ലൂയിസ് നേടിയത്.

തന്റെ അടുത്ത ഓവറില്‍ സൂര്യകുമാറിനെയും തെവാത്തിയ പുറത്താക്കിയെങ്കിലും ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ പ്രകടനമാണ് വാങ്കഡേ സ്റ്റേഡിയം പിന്നീട് കണ്ടത്. 23 പന്തില്‍ കിഷന്‍ 44 റണ്‍സാണ് നേടിയത്. നിശ്ചിത 20 ഓവറില്‍ മുംബൈ 7 വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് നേടി.

ഡല്‍ഹിയ്ക്കായി രാഹുല്‍ തെവാത്തിയയും ഡാന്‍ ക്രിസ്റ്റ്യനും, ട്രെന്റ് ബൗള്‍ട്ടും രണ്ട് വീതം വിക്കറ്റ് നേടി. മുഹമ്മദ് ഷമിയ്ക്കാണ് ഒരു വിക്കറ്റ് ലഭിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഹാര്‍ദ്ദിക് തിരിച്ചെത്തുന്നു, ഡല്‍ഹി ബൗളിംഗ് തിരഞ്ഞെടുത്തു
Next articleവികാസ് കൃഷ്ണനു സ്വര്‍ണ്ണം, സതീഷ് കുമാര്‍ യാദവിനു വെള്ളി