ഡല്‍ഹിയെ തകര്‍ത്ത് കൊല്‍ക്കത്തന്‍ ബൗളര്‍മാര്‍

ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ എറിഞ്ഞിട്ട് കൊല്‍ക്കത്തന്‍ ബൗളര്‍മാര്‍. 201 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ ഡല്‍ഹി മത്സരത്തില്‍ ഋഷഭ് പന്തും ഗ്ലെന്‍ മാക്സ്വെല്ലും ഗ്രൗണ്ടില്‍ നിന്നപ്പോള്‍ മാത്രമാണ് മത്സരബുദ്ധിയോടെ പൊരുതിയത്. കുല്‍ദീപ് യാദവ് ഇരുവരെയും പുറത്താക്കിയ ശേഷം സുനില്‍ നരൈനും സംഘവും ബാക്കി ബാറ്റ്സ്മാന്മാരെ എറിഞ്ഞിടുകയായിരുന്നു. 129 റണ്‍സിനു 14.2 ഓവറില്‍ ഡല്‍ഹി ഓള്‍ഔട്ട് ആവുകയായിരുന്നു. 71 റണ്‍സിന്റെ ജയമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്.

24/3 എന്ന നിലയില്‍ നിന്ന് പന്ത്-മാക്സ്വെല്‍ കൂട്ടുകെട്ട് 62 റണ്‍സ് 33 പന്തില്‍ കൂട്ടിചേര്‍ത്ത് ടീമിനെ തിരിച്ച് മത്സരത്തിലേക്ക് കൊണ്ടുവരുന്നതിനിടെ കുല്‍ദീപ് യാദവ് പന്തിനെയും(26 പന്തില്‍ 43) ഗ്ലെന്‍ മാക്സ്വെല്ലിനെയും(22 പന്തില്‍ 47) പുറത്താക്കി മത്സരം കൊല്‍ക്കത്തയ്ക്ക് അനുകൂലമാക്കുകയായിരുന്നു. മാക്സ്വെല്‍ പുറത്താകുമ്പോള്‍ 113/6 എന്ന നിലയിലായിരുന്ന ഡല്‍ഹി. 16 റണ്‍സ് എടുക്കുന്നതിനിടെ ഡല്‍ഹി ഓള്‍ഔട്ട് ആവുകയായിരുന്നു.

സുനില്‍ നരൈനും കുല്‍ദീപ് യാദവും 3 വീതം വിക്കറ്റ് നേടിയപ്പോള്‍ ശിവം മാവി, പിയൂഷ് ചൗള, ആന്‍ഡ്രേ റസ്സല്‍, ടോം കറന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി കൊല്‍ക്കത്ത വിജയത്തില്‍ പങ്കുചേര്‍ന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഐപിഎലില്‍ 100 വിക്കറ്റ് നേട്ടം കുറിച്ച് സുനില്‍ നരൈന്‍
Next articleവിദാലിന് പരിക്ക്, റയലിനെതിരായ മത്സരം നഷ്ടമാകും