
ഒരു മത്സരത്തിന്റെ 18, 19, 20 ഓവറുകള്‍ സ്പിന്നര്‍മാര്‍ എറിയുക. അത് തന്നെയാണ് ഇന്നത്തെ മത്സരത്തില്‍ കൊല്‍ക്കത്തയുടെ സ്പിന്നര്‍മാര്‍ നടപ്പിലാക്കിയ സമ്മര്‍ദ്ദതന്ത്രത്തിന്റെ യഥാര്‍ത്ഥ ചിത്രം. ചെന്നൈ സൂപ്പര്‍ കിംഗ്സ് ബാറ്റ്സ്മാന്മാര് കൊല്‍ക്കത്ത സ്പിന്നര്‍മാര്‍ക്കെതിരെ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് ഇന്ന് ഈഡന് ഗാര്‍ഡന്‍സില്‍ കണ്ടത്. 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ 173 റണ്‍സാണ് ഇന്ന് കൊല്‍ക്കത്തയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്ക നേടാനായത്. ചെന്നൈ നായകന് എംഎസ് ധോണി 25 പന്തില്‍ നേടിയ 43 റണ്‍സാണ് ടീമിനെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്.
ലഭിച്ച തുടക്കങ്ങള്‍ മികച്ച സ്കോറിലേക്ക് മാറ്റുവാന്‍ ചെന്നൈ ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാര്ക്ക് കഴിയാതെ വന്നപ്പോള്‍ അവസാന ഓവറില്‍ ധോണിയുടെ മികവാര്‍ന്ന ഇന്നിംഗ്സാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ രക്ഷയ്ക്കെത്തിയത്. ഷെയിന്‍ വാട്സണ്, ഫാഫ് ഡു പ്ലെസി, സുരേഷ് റെയ്ന എന്നിവരെല്ലാം മികച്ച തുടക്കത്തിനു ശേഷമാണ് കൊല്‍ക്കത്തന്‍ സ്പിന്നര്‍മാര്‍ക്ക് വിക്കറ്റ് നല്കി മടങ്ങിയത്. ഷെയിന്‍ വാട്സണും-ഫാഫ് ഡു പ്ലെസിയും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 5.1 ഓവറില്‍ 48 റണ്‍സാണ് നേടിയത്. ഷെയിന്‍ വാട്സണ് റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയപ്പോള്‍ തുടക്കത്തില്‍ മികച്ച രീതിയിലാണ് ഫാഫ് ഡു പ്ലെസി ബാറ്റ് വീശിയത്. 15 പന്തില്‍ 27 റണ്‍സ് നേടിയ ഡു പ്ലെസിയെ പിയൂഷ് ചൗള ബൗള്‍ഡാക്കുകയായിരുന്നു.
രണ്ടാം വിക്കറ്റില്‍ 43 റണ്‍സ് നേടിയ വാട്സണ്-റെയ്ന കൂട്ടുകെട്ടിനെ സുനില്‍ നരൈന് തകര്‍ക്കുകയായിരുന്നു. 36 റണ്‍സാണ് വാട്സണ് നേടിയത്. അടുത്ത ഓവറില്‍ സുരേഷ് റെയ്നയും(31) പുറത്തായി. കുല്‍ദീപ് യാദവിനാണ് വിക്കറ്റ്. ഏതാനും ഓവറുകള്‍ക്ക് ശേഷം അമ്പാട്ടി റായിഡുവിനെ(21) പുറത്താക്കി സുനില്‍ നരൈന് തന്റെ രണ്ടാം വിക്കറ്റ് നേടി. റായിഡു പുറത്താകുമ്പോള്‍ 14.4 ഓവറില്‍ 119/4 എന്ന നിലയിലായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്സ്.
അവസാന ഓവറുകളില്‍ പന്തെറിയാനെത്തിയ പേസര്‍മാരെ ബൗണ്ടറിയും സിക്സറും പറത്തി എംഎസ് ധോണി ടീമിന്റെ സ്കോര്‍ 150 കടത്തുകയായിരുന്നു. 18ാം ഓവറില്‍ വീണ്ടും സ്പിന്നര്‍മാരിലേക്ക് കൊല്‍ക്കത്ത നായകന് തിരിഞ്ഞപ്പോള്‍ ഓവറിലെ അഞ്ചാം പന്തില്‍ ധോണിയെ ബൗണ്ടറി ലൈനില്‍ ശുഭ്മന്‍ ഗില്ലിന്റെ കൈകളില്‍ കുല്‍ദീപ് എത്തിച്ചുവെങ്കിലും യുവതാരം ധോണിയുടെ ക്യാച്ച് കൈവിട്ട് പന്ത് സിക്സര്‍ പോകുകയായിരുന്നു. 4 സിക്സ് ഉള്‍പ്പെടെ ധോണി 43 റണ്‍സ് നേടി പുറത്താകാതെ നിന്നു.
സുനില്‍ നരൈന് തന്റെ നാലോവറില്‍ 21 റണ്‍സ് മാത്രം വിട്ടു നല്കി 2 വിക്കറ്റുകള്‍ വീഴ്ത്തുകയായിരുന്നു. കുല്‍ദീപ് യാദവ്, പിയൂഷ് ചൗള എന്നിവര്‍ ഓരോ വിക്കറ്റ് നേടി. മിച്ചല്‍ ജോണ്സണ് ആണ് കൊല്‍ക്കത്ത നിരയില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയത്. 4 ഓവറില്‍ 51 റണ്‍സാണ് ജോണ്‍സണെതിരെ ചെന്നൈ നേടിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial