വെടിക്കെട്ട് തുടക്കത്തിനു ശേഷം സണ്‍റൈസേഴ്സിനെ പിടിച്ചുകെട്ടി കൊല്‍ക്കത്ത, പ്രസീദ് കൃഷ്ണയ്ക്ക് 4 വിക്കറ്റ്

- Advertisement -

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെ പിടിച്ചുകെട്ടി കൊല്‍ക്കത്ത. ഹൈദ്രാബാദ് ടോപ് ഓര്‍ഡര്‍ യഥേഷ്ടം റണ്‍സ് കണ്ടെത്തിയപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ബൗളര്‍മാര്‍ മികച്ച തിരിച്ചുവരവ് നടത്തുകയായിരുന്നു. ഒരു ഘട്ടത്തില്‍ 200നു മുകളില്‍ സ്കോര്‍ സണ്‍റൈസേഴ്സ് നേടുമെന്ന് കരുതിയെങ്കിലും തുടരെ വിക്കറ്റുകള്‍ വീഴ്ത്തി കൊല്‍ക്കത്ത മികച്ച തിരിച്ചുവരവ് നടത്തുകയായിരുന്നു.

ശിഖര്‍ ധവാന്‍ അര്‍ദ്ധ ശതകം നേടിയപ്പോള്‍ ശ്രീവത്സ് ഗോസ്വാമിയും കെയിന്‍ വില്യംസണും അതിവേഗം സ്കോറിംഗ് നടത്തി ഹൈദ്രാബാദിനെ നയിച്ചു. 20 ഓവറില്‍ 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ 172 റണ്‍സാണ് ആതിഥേയര്‍ നേടിയത്. അവസാന ഓവറിലെ 3 വിക്കറ്റ് ഉള്‍പ്പെടെ നാല് വിക്കറ്റ് നേടിയ പ്രസീദ് കൃഷ്ണയുടെ ബൗളിംഗ് പ്രകടനമാണ് കൊല്‍ക്കത്തയുടെ തിരിച്ചുവരവ് സാധ്യമാക്കിയത്.

ശ്രീവത്സ് ഗോസ്വാമിയ്ക്ക് ഓപ്പണിംഗില്‍ അവസരം നല്‍കിയാണ് സണ്‍റൈസേഴ്സ് ഇന്നത്തെ മത്സരത്തിനിറങ്ങിയത്. ആന്‍ഡ്രേ റസ്സലിനെതിരെ കടന്നാക്രമണം നടത്തി ഗോസ്വാമി മത്സരത്തില്‍ തന്റെ സാന്നിധ്യം അറിയിക്കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ ശിഖര്‍ ധവാനുമായി ചേര്‍ന്ന് 79 റണ്‍സാണ് 8.4 ഓവറില്‍ ശ്രീവത്സ് ഗോസ്വാമി നേടിയത്. കുല്‍ദീപ് യാദവിനാണ് ശ്രീവത്സ് ഗോസ്വാമിയുടെ വിക്കറ്റ്. 35 റണ്‍സാണ് താരം നേടിയത്.

എന്നാല്‍ 12ാം ഓവറിനു ശേഷം മത്സരത്തിലേക്ക് തുടരെ വിക്കറ്റുകള്‍ വീഴ്ത്തി കൊല്‍ക്കത്ത ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. അടുത്ത അഞ്ച് ഓവറുകളില്‍ കെയിന്‍ വില്യംസണ്‍, ശിഖര്‍ ധവാന്‍, യൂസഫ് പത്താന്‍ എന്നിവരെ പുറത്താക്കുകയായിരുന്നു കൊല്‍ക്കത്ത ബൗളര്‍മാര്‍.

ഗോസ്വാമിയ്ക്ക് പകരം ക്രീസിലെത്തിയ സണ്‍റൈസേഴ്സ് നായകന്‍ കെയിന്‍ വില്യംസണ്‍ കൂടുതല്‍ ആക്രമണോത്സുകത പ്രകടിപ്പിച്ചപ്പോള്‍ 17 പന്തില്‍ 3 സിക്സ് സഹിതം 36 റണ്‍സ് നേടി പുറത്താകുകയായിരുന്നു. രണ്ട് ഓവറുകള്‍ക്ക് ശേഷം 50 റണ്‍സ് നേടിയ ധവാനെ പ്രസിദ് വിക്കറ്റിനു മുന്നില്‍ കുടുക്കി.

പ്രസിദ് നാല് വിക്കറ്റും ആന്‍ഡ്രേ റസ്സല്‍, സുനില്‍ നരൈന്‍, കുല്‍ദീപ് യാദവ്, ജേവണ്‍ സീറെല്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement