ചാമ്പ്യന്മാരെ മറികടന്ന് കൊല്‍ക്കത്ത

സണ്‍റൈസേഴ്സ് ഹൈദ്രബാദിനെയും മഴയെയും മറികടന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ടാം യോഗ്യത മത്സരത്തിലേക്ക്. ഹൈദ്രാബാദിനെ 128 റണ്‍സിനു വരിഞ്ഞു കെട്ടി മത്സരത്തില്‍ വ്യക്തമായ ആധിപത്യമായി കൊല്‍ക്കത്ത ഇടവേളയ്ക്ക് പിരിയുമ്പോളാണ് മഴ വില്ലനായി രംഗപ്രവേശനം ചെയ്യുന്നത്. കളി നടക്കുന്നില്ലെങ്കില്‍ പോയിന്റ് പട്ടികയില്‍ മുന്നിലുള്ള സണ്‍റൈസേഴ്സിനെ വിജയി ആയി പ്രഖ്യാപിക്കുമെന്നതാണ് ഐപിഎല്‍ നിയമം. എന്നാല്‍ ഗൗതം ഗംഭീറിന്റെയും സംഘത്തിന്റെയും പ്രാര്‍ത്ഥനയെന്നവണ്ണം മഴ മാറി നിന്നപ്പോള്‍ 6 ഓവര്‍ മത്സരം സാധ്യമാവുകയായിരുന്നു.

6 ഓവറില്‍ വിജയിക്കുവാന്‍ വേണ്ടത് 48 റണ്‍സ്. 10 വിക്കറ്റിന്റെ ആനുകൂല്യമുള്ള കൊല്‍ക്കത്തയ്ക്ക് തന്നെ ഏവരും വിജയസാധ്യത കല്‍പിച്ചു. ക്രിസ് ലിന്നിനോടൊപ്പം ഓപ്പണ്‍ ചെയ്യാനെത്തിയത് റോബിന്‍ ഉത്തപ്പ, പന്തുമായി ഭുവനേശ്വര്‍ കുമാര്‍. ഭുവനേശ്വറിനെ സിക്സര്‍ പറത്തിയ ക്രിസ് ലിന്നിനെ(6) തൊട്ടടുത്ത പന്തില്‍ തന്നെ പുറത്താക്കി ഭുവി സണ്‍റൈസേഴ്സിനു പ്രതീക്ഷ നല്‍കി. അടുത്ത പന്തില്‍ യൂസഫ് പത്താനെ റണ്ണൗട്ട് ആക്കി ഭുവി കൊല്‍ക്കത്തയ്ക്ക് രണ്ടാം പ്രഹരവും നല്‍കി. അവസാന പന്തില്‍ ഗൗതം ഗംഭീര്‍ ബൗണ്ടറി നേടിയപ്പോള്‍ വിജയപ്രതീക്ഷ മാറി മറിഞ്ഞു.

ക്രിസ് ജോര്‍ദന്‍ എറിഞ്ഞ രണ്ടാം ഓവറില്‍ കൂറ്റനടിക്ക് ശ്രമിച്ച് ഉത്തപ്പ മടങ്ങിയപ്പോള്‍ കൊല്‍ക്കത്തയുടെ നിര പരുങ്ങലിലായി. 12/3 എന്ന നിലയില്‍ നിന്ന് കൊല്‍ക്കത്ത നായകന്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്ന കാഴ്ചയാണ് തുടര്‍ന്ന് ചിന്നസ്വാമി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഇശാങ്ക് ജഗ്ഗിയുമായി ചേര്‍ന്ന് ഗംഭീര്‍ നാലാം വിക്കറ്റില്‍ 36 റണ്‍സ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. വിജയം കൈവരിക്കുമ്പോള്‍ ഗംഭീര്‍ 32 റണ്‍സും ഇശാങ്ക് ജഗ്ഗി 5 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു.

നഥാന്‍ കൗള്‍ട്ടര്‍-നൈല്‍ ആണ് മാന്‍ ഓഫ് ദി മാച്ച്. മേയ് 19നു മുംബൈ ആണ് കൊല്‍ക്കത്തയുടെ എതിരാളികള്‍.

സണ്‍റൈസേഴ്സ് ഇന്നിംഗ്സ് ഇവിടെ വായിക്കാം.