അടിമുടി മാറ്റവുമായി മുംബൈ, കൊല്‍ക്കത്തയ്ക്ക് ജയം അന്യം

- Advertisement -

6 മാറ്റങ്ങളുമായി ഇറങ്ങിയ മുംബൈയ്ക്കെതിരെ വിജയം സ്വന്തമാക്കാനാകാതെ കൊല്‍ക്കത്ത പതറിയപ്പോള്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ച് മുംബൈ. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത കൊല്‍ക്കത്തയ്ക്കെതിരെ രോഹിതിന്റെ മുംബൈ ഇറങ്ങിയത് ഏറെ മാറ്റങ്ങളോടു കൂടിയാണ്. തന്റെ ടീമിന്റെ ബെഞ്ച് സ്ട്രെംഗ്ത് പരിശോധിക്കുവാന്‍ ഈ അവസരം ഉപയോഗിക്കുന്നു എന്ന് പറഞ്ഞ രോഹിത് നേതൃത്വത്തില്‍ ഇറങ്ങിയ മുംബൈ ആദ്യം ബാറ്റ് ചെയ്ത് മുംബൈ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടുകയായിരുന്നു.

സിമ്മണ്‍സിനെ മൂന്നാം ഓവറില്‍ പൂജ്യത്തിനു നഷ്ടമായെങ്കിലും സൗരഭ് തിവാരിയും(52) രോഹിത് ശര്‍മ്മയും(27) ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ നേടിയ 57 റണ്‍സ് മുംബൈയ്ക്ക് മികച്ച അടിത്തറ നല്‍കി. ടൂര്‍ണ്ണമെന്റില്‍ ആദ്യമായി അവസരം ലഭിച്ച സൗരഭ് തിവാരിയും പരിക്കില്‍ നിന്ന് മടങ്ങിയെത്തിയ അംബാട്ടി റായിഡുവും(63) തിളങ്ങിയപ്പോള്‍ മുംബൈ കൂറ്റന്‍ സ്കോര്‍ ഉറപ്പിയ്ക്കുകയായിരുന്നു. എന്നാല്‍ അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി കൊല്‍ക്കത്ത റണ്‍സുകള്‍ നിയന്ത്രിച്ചു. അങ്കിത് രാജ്പുത് 3 ഓവറില്‍ 14 റണ്‍സ് നേടി ഒരു വിക്കറ്റ് വീഴ്ത്തി കൊല്‍ക്കത്തയ്ക്കായി മികവ് പുലര്‍ത്തി. ട്രെന്റ് ബൗള്‍ട്ട് രണ്ട് വിക്കറ്റും കുല്‍ദീപ് ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് മാത്രമേ നേടാനായുള്ളു. ക്രിസ് ലിന്‍(26), ഗൗതം ഗംഭീര്‍(21), ഗ്രാന്‍ഡോം(29) എന്നിവര്‍ക്ക് പുറമേ 7 പന്തില്‍ 20 റണ്‍സ് നേടി യൂസഫ് പത്താനും ശ്രമിച്ചു നോക്കിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി മുംബൈ പിടിമുറുക്കി 9 റണ്‍സിനു വിജയം സ്വന്തമാക്കി. മുംബൈയ്ക്കായി സൗത്തി, വിനയ് കുമാര്‍, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ 2 വിക്കറ്റ് വീഴ്ത്തി. അംബാട്ടി റായിഡു ആണ് മാന്‍ ഓഫ് ദി മാച്ച്.

Advertisement