
സണ്‍റൈസേഴ്സിനെതിരെ 5 വിക്കറ്റ് ജയം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ജയമില്ലെങ്കില്‍ 129 റണ്‍സ് നേടിയാല്‍ രാജസ്ഥാന് റോയല്‍സിന്റെ റണ്‍റേറ്റ് മറികടക്കുമായിരുന്ന കൊല്‍ക്കത്ത ജയം തേടി ആദ്യ ഓവറുകളില്‍ തന്നെ അടിച്ച് തകര്‍ക്കുകയായിരുന്നു. ക്രിസ് ലിന്നും റോബിന് ഉത്തപ്പയും സുനില്‍ നരൈനുമെല്ലാം അതിവേഗം സ്കോറിംഗ് നടത്തിയപ്പോള്‍ അവസാന ഓവറില്‍ കൊല്‍ക്കത്ത വിജയം നേടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സിനെ വെടിക്കെട്ട് തുടക്കത്തിനു ശേഷം 172/9 എന്ന സ്കോറില്‍ പിടിച്ചുകെട്ടിയ കൊല്‍ക്കത്ത ബൗളര്‍മാര്‍ക്ക് ഒപ്പം നില്ക്കുന്ന പ്രകടനമാണ് കൊല്‍ക്കത്ത നേടിയത്. ക്രിസ് ലിന് ആണ് കളിയിലെ താരം.
സണ്‍റൈസേഴ്സ് ഹൈദ്രാബാദിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. പ്ലേ ഓഫില്‍ നേരത്തെ തന്നെ സ്ഥാനം ഉറപ്പാക്കിയെങ്കിലും മത്സരം നോക്ക്ഔട്ട് ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഈ തോല്‍വികള്‍ സണ്‍റൈസേഴ്സിന്റെ ആത്മവിശ്വാസത്തെ തകര്‍ക്കും.
3.4 ഓവറില്‍ 52 റണ്‍സ് നേടിയ ഓപ്പണിംഗ് കൂട്ടുകെട്ടില്‍ സുനില്‍ നരൈനാണ് ആദ്യം പുറത്തായത്. 10 പന്തില്‍ 29 റണ്‍സാണ് താരം നേടിയത്. മറുവശത്ത് ക്രിസ് ലിന്നും മികച്ച രീതിയില്‍ ബാറ്റ് വീശി. റോബിന് ഉത്തപ്പയുമായി 67 റണ്‍സ് കൂട്ടുകെട്ട് നേടിയ ക്രിസ് ലിന് പുറത്താകുമ്പോള്‍ 55 റണ്‍സ് നേടിയിരുന്നു.
തുടര്‍ന്ന് റോബിന് ഉത്തപ്പയും ദിനേശ് കാര്‍ത്തിക്കും സണ്‍റൈസേഴ്സ് ബൗളര്‍മാര്‍ക്ക് തിരിച്ചുവരവിനുള്ള അവസരം നല്‍കാതെ മത്സരം സ്വന്തം പക്ഷത്തേക്ക് തിരിച്ചു. വിജയം 24 റണ്‍സ് അകലെ റോബിന് ഉത്തപ്പയെ(45) കാര്‍ലോസ് ബ്രാത്വൈറ്റ് പുറത്താക്കിയെങ്കിലും കൊല്‍ക്കത്തയ്ക്ക് അവസാന മൂന്നോവറില്‍ 18 റണ്‍സായിരുന്നു വിജയലക്ഷ്യം. ആന്‍ഡ്രേ റസ്സലിനെ നഷ്ടമായ കൊല്‍ക്കത്ത ദിനേശ് കാര്‍ത്തിക്കിന്റെ തോളിലേറി അവസാന ഓവറില്‍ 5 റണ്‍സെന്ന ലക്ഷ്യത്തിലേക്കെത്തി.
കാര്‍ലോസ് ബ്രാത്വൈറ്റ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ ബൗണ്ടറി കടത്തി നിതീഷ് റാണ സ്കോറുകള്‍ ഒപ്പമെത്തിച്ചു. എന്നാല്‍ അടുത്ത പന്തില്‍ റാണ പുറത്തായി. രണ്ട് പന്ത് ശേഷിക്കെ ദിനേശ് കാര്‍ത്തിക് ടീമിനെ വിജയത്തിലേക്ക് പ്ലേ ഓഫിലേക്കും എത്തുകയായിരുന്നു.
സിദ്ധാര്‍ത്ഥ് കൗള്‍, കാര്‍ലോസ് ബ്രാത്വൈറ്റ് എന്നിവര്‍ രണ്ടും ഷാകിബ് അല്‍ ഹസന് ഒരു വിക്കറ്റും സണ്‍റൈസേഴ്സിനു വേണ്ടി നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial