
സുനില്‍ നരൈന് 19 പന്തില്‍ നേടിയ 50 റണ്‍സ് തുടക്കം മുതലാക്കി മറ്റു ബാറ്റ്സ്മാന്മാര് സ്കോറിംഗ് മുന്നോട്ട് നയിച്ചപ്പോള്‍ 4 വിക്കറ്റ് ജയം നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ബ്രണ്ടന്‍ മക്കല്ലം(43), എബി ഡി വില്ലിയേഴ്സ്(44) മന്ദീപ് സിംഗ്(37) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടിയെങ്കിലും ലക്ഷ്യം 6 വിക്കറ്റുകളുടെ നഷ്ടത്തില്‍ 7 പന്തുകള്‍ ശേഷിക്കെ കൊല്‍ക്കത്ത മറികടന്നു. സുനില്‍ നരൈന് ആണ് കളിയിലെ താരം.
ക്രിസ് ലിന്നിനെ തുടക്കത്തില്‍ നഷ്ടമായെങ്കിലും സുനില്‍ നരൈന് നല്കിയ വെടിക്കെട്ട് തുടക്കം കൂറ്റന്‍ ലക്ഷ്യം പിന്തുടരാനാവശ്യമായ വേഗത കൊല്‍ക്കത്ത ഇന്നിംഗ്സിനു നല്‍കുകയായിരുന്നു. നരൈന് പുറത്താകുമ്പോള്‍ 5.2 ഓവറില്‍ 65 റണ്‍സായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നേടിയത്. പിന്നീട് നിതീഷ് റാണയും ദിനേശ് കാര്‍ത്തിക്കും റണ്‍റേറ്റ് വരുതിയില്‍ നിര്‍ത്തി സ്കോറിംഗ് തുടര്‍ന്നു.
34 റണ്‍സ് നേടിയ നിതീഷ് റാണയെ പുറത്താക്കി വാഷിംഗ്ടണ്‍ സുന്ദര്‍ ബാംഗ്ലൂരിനു വീണ്ടും പ്രതീക്ഷ നല്‍കുകയായിരുന്നു. അരങ്ങേറ്റക്കാരന്‍ റിങ്കു സിംഗിനെ ക്രിസ് വോക്സ് പുറത്താക്കിയപ്പോള്‍ ലക്ഷ്യം അവസാന നാലോവറില്‍ 30 റണ്‍സ് ആയിരുന്നു. അതുവരെ മികച്ച ബൗളിംഗ് പ്രകടനം നടത്തിയ ഉമേഷ് യാദവിനെ 17ാം ഓവറില്‍ രണ്ട് ബൗണ്ടറിയും ഒരു സിക്സും കടത്തി ആന്‍ഡ്രേ റസ്സല്‍ തന്റെ വരവ് അറിയിച്ചപ്പോള്‍ അവസാന മൂന്നോവറില്‍ കൊല്‍ക്കത്തയ്ക്ക് വെറും 15 റണ്‍സ് മതിയായിരുന്നു വിജയം സ്വന്തമാക്കുവാന്‍.
ആദ്യ മൂന്നോവറില്‍ 12 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് നാലാം ഓവറില്‍ 15 റണ്‍സാണ് വഴങ്ങിയത്. ക്രിസ് വോക്സ് എറിഞ്ഞ 18ാം ഓവറില്‍ 15 റണ്‍സ് നേടിയ ആന്‍ഡ്രേ റസ്സലിനെ നഷ്ടമായെങ്കിലും തൊട്ടടുത്ത പന്തില്‍ ബൗണ്ടറി കടത്തി ദിനേശ് കാര്‍ത്തിക് സ്ഥിതി വീണ്ടും കൊല്‍ക്കത്തയ്ക്ക് അനുകൂലമാക്കി മാറ്റി. തൊട്ടടുത്ത ഓവറില്‍ വിനയ് കുമാറിന്റെ ക്യാച് വാഷിംഗ്ടണ്‍ സുന്ദര്‍ നഷ്ടപ്പെടുത്തുക കൂടി ചെയ്തതോടെ വിജയം കൊല്‍ക്കത്തയ്ക്കൊപ്പം നിന്നു. പുതുതായി സ്ഥാനമേറ്റ നായകന് ദിനേശ് കാര്‍ത്തിക് ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. 35 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുകയായിരുന്നു ദിനേശ് കാര്‍ത്തിക്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial