കിങ്‌സ് ഇലവൻ പഞ്ചാബും രാജസ്ഥാൻ റോയൽസും ഇന്ന് പരിശീലനം തുടങ്ങും

ഇന്ത്യൻ പ്രീമിയർ ലീഗിനായി യു.എ.ഇയിലെത്തിയ കിങ്‌സ് ഇലവൻ പഞ്ചാബ്, രാജസ്ഥാൻ റോയൽസ് തുടങ്ങിയ ടീമുകൾ ഇന്ന് പരിശീലനം തുടങ്ങും. യു.എ.ഇയിൽ എത്തിയതിന് ശേഷമുള്ള 6 ദിവസത്തെ നിർബന്ധിത ക്വറന്റൈൻ പൂർത്തിയാക്കിയതിന് ശേഷമാണ് ടീമുകൾ ഇന്ന് പരിശീലനത്തിന് ഇറങ്ങുക.

യു.എ.ഇയിൽ എത്തിയതിന് ശേഷം 1, 3, 6 ദിവസങ്ങളിൽ ബി.സി.സി.ഐ നിർദേശിച്ച പ്രകാരം കൊറോണ വൈറസ് ടെസ്റ്റ് നടത്തുകയും എല്ലാവരും ടീം അംഗങ്ങൾ മുഴുവൻ നെഗറ്റീവ് ആവുകയും ചെയ്തിരുന്നു. തുടർന്നാണ് ടീമുകൾ പരിശീലനത്തിന് ഇറങ്ങുന്നത്. നിലവിൽ യു.എ.ഇയിലെ ചൂട് കാരണം ടീമുകൾ വൈകുന്നേരമാവും പരിശീലനത്തിന് ഇറങ്ങുക.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, ചെന്നൈ സൂപ്പർ കിങ്‌സ്, മുംബൈ ഇന്ത്യൻസ് എന്നിവരുടെ ക്വറന്റൈൻ നാളെ കഴിയും. സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെ യു.എ.ഇയിലെ മൂന്ന് വേദികളിൽ വെച്ചാണ് ഇത്തവണ ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കുന്നത്.