ടൈറ്റില്‍ സ്പോണ്‍സര്‍ ഇല്ലാതെ കിംഗ്സ് ഇലവന്‍ പഞ്ചാബ്

രണ്ട് ദിവസത്തിനുള്ളില്‍ ഐപിഎല്‍ ആരംഭിക്കുവാനിരിക്കെ ടൈറ്റില്‍ സ്പോണ്‍സര്‍ ഇല്ലാതെ കിംഗ്സ് ഇലവന്‍ പഞ്ചാബ്. രാജസ്ഥാന്‍ റോയല്‍സിനെതിരെ ഐപിഎലില്‍ തങ്ങളുടെ ഉദ്ഘാടന മത്സരം മാര്‍ച്ച് 25നു കളിക്കാനിരിക്കെ കിംഗ്സ് ഇലവന്‍ പഞ്ചാബിനു ഒരു സ്പോണ്‍സറെ കണ്ടെത്തുവാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ സീസണില്‍ കെന്റ് ആര്‍ഒ ആയിരുന്നു ടീമിന്റെ മുഖ്യ സ്പോണ്‍സറെങ്കിലും ഇത്തവണ കരാര്‍ പുതുക്കേണ്ടതില്ലെന്നാണ് ബ്രാന്‍ഡ് എടുത്ത തീരുമാനം.

ടൈറ്റില്‍ സ്പോണ്‍സര്‍ ലഭിക്കാത്തതിനാല്‍ അതിനുള്ള സ്പോണ്‍സര്‍ തുക കുറയ്ക്കുവാന്‍ ഫ്രാഞ്ചൈസി തയ്യാറായെങ്കിലും ഇതുവരെ സ്പോണ്‍സറെ ടീമിനു ലഭിയ്ക്കാനായില്ല. മുംബൈയോ ചെന്നൈയോ വാങ്ങുന്ന തുകയെക്കാള്‍ 50%ത്തിലധികം കുറച്ചാണ് പഞ്ചാബ് തങ്ങളുടെ ടൈറ്റില്‍ സ്പോണ്‍സറാകുവാനുള്ള തുക നിശ്ചയിച്ചിരിക്കുന്നത്. ചെന്നൈയെ മുത്തൂറ്റ് ഫിനാന്‍സ് സ്പോണ്‍സര്‍ ചെയ്യുമ്പോള്‍ സാംസംഗ് ആണ് മുംബൈയുടെ ടൈറ്റില്‍ സ്പോണ്‍സര്‍.

പഞ്ചാബിനു ഈ പ്രതിസന്ധി വലിയ നഷ്ടമാകും വരുത്തുക എന്നതാണ് ലഭിയ്ക്കുന്ന വിവരം.

Previous articleസര്‍ റിച്ചാര്‍ഡ് ഹാഡ്‍ലി മെഡല്‍ നേടി കെയിന്‍ വില്യംസണ്‍, ടെസ്റ്റ് താരവും
Next articleഐ ലീഗ് ക്ലബുകളുമായി ചർച്ചക്ക് തയ്യാർ എന്ന് എ ഐ എഫ് എഫ്