വിവാദമായി ബട്‍ലറുടെ പുറത്താകല്‍, വിജയം പിടിച്ചെടുത്ത് കിംഗ്സ് ഇലവന്‍ പഞ്ചാബ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ജോസ് ബട്‍ലറുടെ വെടിക്കെട്ട് പ്രകടനത്തിനു അശ്വിന്‍ മടങ്ങിപ്പോക്ക് നല്‍കിയതിന്റെ ആനുകൂല്യത്തില്‍ വിജയം പിടിച്ചെടുത്ത് കിംഗ്സ് ഇലവന്‍ പഞ്ചാബ്. വിവാദ സംഭവത്തിനു ശേഷം തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സും എതിരാളികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി കൊടുത്തു. 185 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന് 9 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് മാത്രമേ നേടാനായുള്ളു.

ഒന്നാം വിക്കറ്റില്‍ അജിങ്ക്യ രഹാനെയും ജോസ് ബട്‍ലറും രാജസ്ഥാനു സ്വപ്നം തുല്യമായ തുടക്കമാണ് നല്‍കിയത്. 8.1 ഓവറില്‍ 78 റണ്‍സ് നേടിയ കൂട്ടുകെട്ടില്‍ അജിങ്ക്യ രഹാനെയാണ് ആദ്യം മടങ്ങിയത്. 27 റണ്‍സ് നേടിയ രഹാനെയെ അശ്വിന്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. അശ്വിനെ കരുതലോടെ നേരിട്ട ജോസ് ബട്‍ലര്‍ എന്നാല്‍ മറ്റു ബൗളര്‍മാരെ തുടര്‍ന്നും ആക്രമിക്കുകയായിരുന്നു. 43 പന്തില്‍ നിന്ന് 69 റണ്‍സ് നേടിയാണ് ജോസ് ബട്‍ലറുടെ മടക്കം. 10 ഫോറും 2 സിക്സുമാണ് ജോസ് ബട്‍ലര്‍ തന്റെ ഇന്നിംഗ്സില്‍ നേടിയത്.

എന്നാല്‍ തന്റെ അവസാന ഓവറില്‍ ജോസ് ബട്‍ലറെ പുറത്താക്കുവാന്‍ അശ്വിന്‍ തിരഞ്ഞെടുത്ത വഴി കളിയിലെ ഏറ്റവും വലിയ വഴിത്തിരിവും വിവാദവും ആയി മാറുകയായിരുന്നു. ക്രീസില്‍ നിന്ന് ബൗളിംഗ് പൂര്‍ത്തിയാക്കുന്നതിനു മുമ്പ് പുറത്ത് കടന്നതിനു അശ്വിന്‍ ‘മങ്കാട്’ രൂപത്തില്‍ പുറത്താക്കി വിവാദത്തിനു തിരികൊളുത്തുകയായിരുന്നു. പിന്നീട് ഗതി നഷ്ടമായ രാജസ്ഥാന്‍ റോയല്‍സിനു അതേ വേഗത്തില്‍ സ്കോര്‍ മുന്നോട്ട് കൊണ്ടു പോകുവാന്‍ സാധിച്ചില്ല.

മെല്ലെയെങ്കിലും നിലയുറപ്പിച്ച് സഞ്ജുവും സ്മിത്തും രാജസ്ഥാന്‍ ഇന്നിംഗ്സിനു മെല്ലെ വേഗത പകരുകയായിരുന്നു. യഥാസമയം ബൗണ്ടറി കണ്ടെത്തി ഇരുവരും അവസാന നാലോവറിലേക്ക് മത്സരം കടന്നപ്പോള്‍ ലക്ഷ്യം 39 റണ്‍സാക്കി മാറ്റുകയായിരുന്നു. എന്നാല്‍ സ്മിത്തിനെയും(19) സഞ്ജു സാംസണെയും(30) പുറത്താക്കി സാം കറന്‍ വീണ്ടും മത്സരം പഞ്ചാബിന്റെ പക്ഷത്തേക്ക് തിരിച്ചു. വെറും നാല് റണ്‍സാണ് സാം കറന്‍ ഓവറില്‍ വിട്ട് നല്‍കിയത്. ഓവറുകളുടെ വ്യത്യാസത്തില്‍ രണ്ട് പുതുമുഖ താരങ്ങള്‍ ക്രീസില്‍ വന്നതും രാജസ്ഥാനു കാര്യങ്ങള്‍ കടുപ്പമാക്കി.

മുജീബ് ഉര്‍ റഹ്മാന്‍ എറിഞ്ഞ ഓവറില്‍ ബെന്‍ സ്റ്റോക്സ് സിക്സര്‍ നേടിയെങ്കിലും അടുത്ത പന്തില്‍ താരവും പുറത്തായി. അതേ ഓവറില്‍ തന്നെ രാഹുല്‍ ത്രിപാഠിയും പുറത്തായതോടെ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാമ്പില്‍ നിരാശ പടര്‍ന്നു.