താന്‍ സച്ചിനെ ആദ്യം കണ്ടപ്പോള്‍ അദ്ദേഹം സംസാരിച്ചതൊന്നും കേള്‍ക്കാന്‍ സാധിച്ചില്ല, അത്രയ്ക്കും താന്‍ മതി മറന്നു പോയിരുന്നു – ഇഷാന്‍ കിഷന്‍

- Advertisement -

താന്‍ ആദ്യമായി സച്ചിനെ കണ്ടപ്പോള്‍ അദ്ദേഹത്തെ കണ്ട് മതി മറന്നുപോയെന്ന് പറഞ്ഞ് ഇഷാന്‍ കിഷന്‍. അന്ന് അദ്ദേഹം തന്നോട് പറഞ്ഞതൊന്നും താന്‍ കേട്ടില്ലെന്നും താനിങ്ങനെ മതിമറന്ന് നിന്നു പോയെന്നും ജാര്‍ഖണ്ഡില്‍ നിന്നുള്ള യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ വ്യക്തമാക്കി. തനിക്ക് ആദ്യം അവസരം കിട്ടിയത് ഗുജറാത്ത് ലയണ്‍സിലാണെങ്കിലും അതിന് ശേഷം ഐപിഎല്‍ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സ് തന്നെ സ്വന്തമാക്കുകയായിരുവെന്നും അതിന് ശേഷം തനിക്ക് ഒട്ടേറെ അവസരങ്ങള്‍ ലഭിച്ചുവെന്നും ഇഷാന്‍ കിഷന്‍ പറഞ്ഞു.

മുംബൈ ഇന്ത്യന്‍സിന്റെ പരിശീലനം കാണുവാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വന്നപ്പോളാണ് താന്‍ അദ്ദേഹത്തെ ആദ്യമായി കാണുന്നത്. താന്‍ ടീമിലെത്തി അധികം വൈകുന്നതിന് മുമ്പാണ് ഇത് സംഭവിക്കുന്നത്. സച്ചിന്‍ എത്തുമ്പോള്‍ താന്‍ രോഹിത് ശര്‍മ്മയോട് സംസാരിക്കുകയായിരുന്നു. താന്‍ സച്ചിനെ ഏറെ ആരാധിക്കുന്നുണ്ടെന്നും കാണുവാന്‍ ഏറെ കൊതിച്ച വ്യക്തിയാണെന്നും രോഹിത്തിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം പോയി സംസാരിക്കുവാന്‍ പറയുകയായിരുന്നു.

എന്നാല്‍ സച്ചിന്‍ തങ്ങളുടെ അടുത്തേക്ക് വന്നുവെന്നും പുതുമുഖ താരമായ തന്നോടും സംസാരിച്ചുവെന്നും ഇഷാന്‍ വ്യക്തമാക്കി. എന്നാല്‍ താന്‍ അന്ന് സച്ചിന്‍ പറഞ്ഞതൊന്നും കേട്ടില്ലെന്നും അദ്ദേഹം സംസാരിക്കുന്നത് നോക്കി മതി മറന്ന് ഇരിക്കുകയായിരുന്നുവെന്നും ഇഷാന്‍ കിഷന്‍ പറഞ്ഞു.

Advertisement