
സണ്‍റൈസേഴ്സിനെ 118 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ മുംബൈ ഇന്ത്യന്‍സിനു അതേ നാണയത്തില്‍ മറുപടി നല്കി ഹൈദ്രാബാദ് ബൗളര്‍മാര്‍. ബൗളര്‍മാരുടെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തിന്റെ ബലത്തില്‍ മുംബൈയെ 31 റണ്‍സിനു പരാജയപ്പെടുത്തുകയായിരുന്നു സണ്‍റൈസേഴ്സ്. തുടക്കം മുതല്‍ വിക്കറ്റുകള്‍ നഷ്ടമായ മുംബൈയ്ക്ക് റഷീദ് ഖാന്റെയും സിദ്ധാര്‍ത്ഥ് കൗളിന്റെയും മുന്നില്‍ പിടിച്ച് നില്‍ക്കാനാകാതെ വന്നപ്പോള്‍ 18.5 ഓവറില്‍ 87 റണ്‍സിനു ഓള്‍ഔട്ട് ആയി. 4 ഓവറില്‍ 11 റണ്‍സിനു 2 വിക്കറ്റ് നേടിയ റഷീദ് ഖാന് ആണ് കളിയിലെ താരം.
എവിന്‍ ലൂയിസിനെ സന്ദീപ് ശര്‍മ്മ പുറത്താക്കിയപ്പോള്‍ ഇഷാന് കിഷന്റെ വിക്കറ്റ് മുഹമ്മദ് നബിയ്ക്കായിരുന്നു. നായകന് രോഹിത് ശര്‍മ്മയുടെ മടക്കം ഷാകിബിന്റെ ഓവറിലായിരുന്നു. ഒരുവശത്ത് സൂര്യകുമാര്‍ യാദവ് നിലയുറപ്പിച്ചപ്പോള്‍ മറുവശത്ത് വിക്കറ്റ് വീഴ്ച പതിവു കാഴ്ചയായി. സൂര്യകുമാര്‍ യാദവ് ക്രുണാല്‍ പാണ്ഡ്യയുമായി ചേര്‍ന്ന് 40 റണ്‍സ് നാലാം വിക്കറ്റില്‍ നേടി മുംബൈയെ വീണ്ടും ട്രാക്കിലാക്കിയെങ്കിലും റഷീദ് ഖാന് ക്രുണാലിന്റെ അന്തകനായി. 24 റണ്‍സാണ് പാണ്ഡ്യ നേടിയത്. റഷീദ് ഖാന് തന്നെയാണ് കീറണ്‍ പൊള്ളാര്‍ഡിന്റെയും വിക്കറ്റ് നേടിയത്.
34 റണ്‍സുമായി മുംബൈ ക്യാമ്പിന്റെ പ്രതീക്ഷയായ സൂര്യകുമാര്‍ യാദവിനെ പുറത്താക്കി മലയാളി താരം ബേസില്‍ തമ്പി നിര്‍ണ്ണായകമായ ബ്രേക്ക് ത്രൂവാണ് സണ്‍റൈസേഴ്സിനു നല്‍കിയത്. സൂര്യകുമാര്‍ പുറത്തായപ്പോള്‍ 77/6 എന്ന നിലയിലായിരുന്നു മുംബൈയെ പിന്നീടുള്ള മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി സിദ്ധാര്‍ത്ഥ് കൗള്‍ 81/9 എന്ന നിലയിലേക്ക് തള്ളിയിട്ടു. അവസാന വിക്കറ്റായി മുസ്തഫിസുറിനെ പുറത്താക്കി ബേസില്‍ തമ്പി ടീമിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു.
സിദ്ധാര്‍ത്ഥ് കൗള്‍ മൂന്ന് വിക്കറ്റുമായി മുംബൈ വാലറ്റത്തെ തകര്‍ത്തെറിഞ്ഞപ്പോള്‍ റഷീദ് ഖാന് രണ്ട് വിക്കറ്റ് നേടി മധ്യനിരയെ തൂത്തുവാരി. ബേസില്‍ തമ്പിയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു. ഷാകിബ്, മുഹമ്മദ് നബി, സന്ദീപ് ശര്‍മ്മ എന്നിവരും ഓരോ വിക്കറ്റ് നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial