മറ്റു ബാറ്റ്സ്മാന്മാര്‍ കൈവിട്ടുവെങ്കിലും സണ്‍റൈസേഴ്സിനെ മുന്നില്‍ നിന്ന് നയിച്ച് കെയിന്‍ വില്യംസണ്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

കെയിന്‍ വില്യംസണ്‍ 43 പന്തില്‍ നിന്ന് നേടിയ 70 റണ്‍സിന്റെ ബലത്തില്‍ സണ്‍റൈസേഴ്സിനു റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 175 റണ്‍സ്. മറ്റു ബാറ്റ്സ്മാന്മാര്‍ പരാജയപ്പെട്ടപ്പോളും കെയിന്‍ വില്യംസണാണ് ടീമിനെ തകരാതെ 175 റണ്‍സിലേക്ക് നയിച്ചത്. 5 ഫോറും 4 സിക്സുമാണ് താരം നേടിയത്. ഏഴ് വിക്കറ്റുകളാണ് സണ്‍റൈസേഴ്സിനു നഷ്ടമായത്.

ഒന്നാം വിക്കറ്റില്‍ മാര്‍ട്ടിന്‍ ഗപ്ടിലും വൃദ്ധിമന്‍ സാഹയും ചേര്‍ന്ന് 4.3 ഓവറില്‍ ടീമിനെ 46 റണ്‍സിലേക്ക് നയിച്ചുവെങ്കിലും 11 പന്തില്‍ 20 റണ്‍സ് നേടിയ സാഹയെ പുറത്താക്കി ചഹാല്‍ ആദ്യ ബ്രേക്ക് ത്രൂ ടീമിനു നല്‍കി. 23 പന്തില്‍ 30 റണ്‍സ് നേടിയ മാര്‍ട്ടിന്‍ ഗപ്ടിലിന്റെ വിക്കറ്റാണ് സണ്‍റൈസേഴ്സിനു രണ്ടാമത് നഷ്ടമായത്. അതേ ഓവറില്‍ മനീഷ് പാണ്ടേയെയും വാഷിംഗ്ടണ്‍ സുന്ദര്‍ പുറത്താക്കി. മികച്ചൊരു ക്യാച്ച് പൂര്‍ത്തിയാക്കിയ ഷിമ്രണ്‍ ഹെറ്റ്മ്യറാണ് വിക്കറ്റ് നേടുവാന്‍ സഹായിച്ചത്.

പിന്നീട് മത്സരത്തില്‍ സണ്‍റൈസേഴ്സ് തിരിച്ചുവരുന്ന കാഴ്ചയാണ് കണ്ടത്. വിജയ് ശങ്കറും കെയിന്‍ വില്യംസണും ചേര്‍ന്ന് 45 റണ്‍സ് നാലാം വിക്കറ്റില്‍ നേടിയെങ്കിലും സുന്ദറിനെ തുടര്‍ച്ചയായ മൂന്നാം സിക്സിനു പായിക്കുവാന്‍ ശ്രമിച്ച വിജയ് ശങ്കര്‍ 18 പന്തില്‍ 27 റണ്‍സ് നേടി പുറത്താകുകയായിരുന്നു. വാഷിംഗ്ടണ്‍ സുന്ദറിന്റെ മൂന്നാമത്തെ വിക്കറ്റായിരുന്നു ഇത്.

കെയിന്‍ വില്യംസണ്‍ ഒരു വശത്ത് യഥേഷ്ടം റണ്‍സ് കണ്ടെത്തിയപ്പോള്‍ മറുവശത്ത് യൂസഫ് പത്താനും മുഹമ്മദ് നബിയും റഷീദ് ഖാനും ആരും തന്നെ സ്കോറര്‍മാരെ ബുദ്ധിമുട്ടിക്കാതെ മടങ്ങുകയായിരുന്നു. ഉമേഷ് യാദവ് എറിഞ്ഞ അവസാന ഓവറില്‍ 28 റണ്‍സാണ് കെയിന്‍ വില്യംസണും ഭുവനേശ്വര്‍ കുമാറും ചേര്‍ന്ന് നേടിയത്. ഇതില്‍ കെയിന്‍ വില്യംസണ്‍ രണ്ട് വീതം സിക്സും ഫോറും നേടിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ അവസാന പന്തില്‍ ബൗണ്ടറി നേടി.

തന്റെ ആദ്യ മൂന്നോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങിയ ഉമേഷ് യാദവിന്റെ സ്പെല്‍ മോശമാക്കുക കൂടിയാണ് വില്യംസണ്‍ തന്റെ വെടിക്കെട്ടിലൂടെ ചെയ്തത്. വാഷിംഗ്ടണ്‍ സുന്ദര്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ നവ്ദീപ് സൈനി രണ്ടും യൂസുവേന്ദ്ര ചഹാലും കുല്‍വന്ത് ഖെജ്രോലിയ എന്നിവര്‍ ഓരോ വിക്കറ്റും നേടി.