വെല്ലുവിളി ഉയര്‍ത്തിയത് കെയിന്‍ വില്യംസണ്‍ മാത്രം, വിജയ വഴിയിലേക്ക് തിരികെ എത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ്

Csk
- Advertisement -

കെയിന്‍ വില്യംസണ്‍ അര്‍ദ്ധ ശതകവുമായി നേരിയ സമ്മര്‍ദ്ദം സൃഷ്ടിച്ചുവെങ്കിലും വീണ്ടും വിജയ വഴിയിലേക്ക് തിരികെ എത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ്. 168 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ സണ്‍റൈസേഴ്സിന് തുടക്കം പിഴച്ചുവെങ്കിലും കെയിന്‍ വില്യംസണ്‍ ഒരറ്റത്ത് പൊരുതി നിന്ന് തന്റെ അര്‍ദ്ധ ശതകം നേടുകയായിരുന്നു.

എന്നാല്‍ ഇന്നിംഗ്സ് അവസാനത്തോടെ വില്യംസണ്‍ മടങ്ങിയപ്പോള്‍ 8 വിക്കറ്റ് നഷ്ടത്തില്‍ സണ്‍റൈസേഴ്സ് 147 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു. 20 റണ്‍സിന്റെ വിജയം ആണ് ചെന്നൈ ഇന്ന് നേടിയത്.

Kane Williamson

ഡേവിഡ് വാര്‍ണറെയും(9) മികച്ച ഫോമിലാണെന്ന് തോന്നിപ്പിച്ച മനീഷ് പാണ്ടേയെ റണ്ണൗട്ട് രൂപത്തിലും നഷ്ടമായ സണ്‍റൈസേഴ്സ് ഹൈദ്രാബാദ് 4 ഓവറില്‍ 27/2 എന്ന നിലയിലായിരുന്നു. സാം കറന്‍ എറിഞ്ഞ നാലാം ഓവറില്‍ മൂന്ന് പന്തുകളുടെ വ്യത്യാസത്തിലാണ് ഇരുവരെയും സണ്‍റൈസേഴ്സിന് നഷ്ടമായത്.

കെയിന്‍ വില്യംസണ്‍ ജോണി ബൈര്‍സ്റ്റോയുമായി മൂന്നാം വിക്കറ്റില്‍ 32 റണ്‍സും പ്രിയം ഗാര്‍ഗുമായി നാലാം വിക്കറ്റില്‍ 40 റണ്‍സും നേടിയെങ്കിലും റണ്‍റേറ്റ് ഉയര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. ബൈര്‍സ്റ്റോ 23 റണ്‍സും പ്രിയം ഗാര്‍ഗ് 16 റണ്‍സുമാണ് നേടിയത്. ജോണി ബൈര്‍സ്റ്റോയെ രവീന്ദ്ര ജഡേജയെ പുറത്താക്കിയപ്പോള്‍ പ്രിയം ഗാര്‍ഗിനെ കരണ്‍ ശര്‍മ്മയാണ് പുറത്താക്കിയത്.

അവസാന നാലോവറില്‍ 59 റണ്‍സായിരുന്നു സണ്‍റൈസേഴ്സ് നേടേണ്ടിയിരുന്നത്. ബ്രാവോ എറിഞ്ഞ ഓവറലെ ആദ്യ പന്തില്‍ സിക്സര്‍ പറത്തിയ വിജയ് ശങ്കര്‍ എന്നാല്‍ ഓവറിലെ നാലാം പന്തില്‍ പുറത്താകുകയായിരുന്നു. 7 പന്തില്‍ നിന്ന് 12 റണ്‍സാണ് വിജയ് ശങ്കര്‍ നേടിയത്. അടുത്ത പന്തില്‍ കെയിന്‍ വില്യംസണ്‍ ബൗണ്ടറി നേടി തന്റെ അര്‍ദ്ധ ശതകം നേടി. ഓവറില്‍ നിന്ന് 13 റണ്‍സാണ് പിറന്നത്.

ഇതോടെ ലക്ഷ്യം മൂന്നോവറില്‍ 46 റണ്‍സെന്ന നിലയിലേക്ക് മാറി. കരണ്‍ ശര്‍മ്മയെ ആക്രമിക്കുവാന്‍ തീരുമാനിച്ച കെയിന്‍ വില്യംസണിന് ആദ്യ പന്തില്‍ ബൗണ്ടറി നേടുവാനായെങ്കിലും രണ്ടാം പന്തില്‍ ലോംഗ് ഓഫില്‍ ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. 39 പന്തില്‍ 57 റണ്‍സാണ് വില്യംസണ്‍ നേടിയത്. വില്യംസണ്‍ പുറത്തായെങ്കിലും അടുത്ത പന്തില്‍ ലോംഗ് ഓണിലൂടെ സിക്സര്‍ പറത്തിയ റഷീദ് ഖാന്‍ അടുത്ത പന്തില്‍ ബൗണ്ടറിയും നേടി.

ഓവറിലെ അവസാന പന്തില്‍ ഷഹ്ബാസ് നദീമും ബൗണ്ടറി നേടിയപ്പോള്‍ ഓവറില്‍ നിന്ന് 19 റണ്‍സ് പിറന്നു. ലക്ഷ്യം രണ്ടോവറില്‍ 27 റണ്‍സായി മാറിയിരുന്നു. ശര്‍ദ്ധുല്‍ താക്കൂര്‍ എറിഞ്ഞ 19ാം ഓവറില്‍ വെറും അഞ്ച് റണ്‍സ് മാത്രമേ സണ്‍റൈസേഴ്സിന് നേടാനായുള്ളു. റഷീദ് ഖാന്‍ ഓവറിന്റെ അവസാന പന്തില്‍ ഹിറ്റ് വിക്കറ്റായി പുറത്താകുകയും ചെയ്തു. ഇതോടെ അവസാന ഓവറിലെ ലക്ഷ്യം 22 ആയി മാറി.

അവസാന ഓവര്‍ എറിഞ്ഞ ഡ്വെയിന്‍ ബ്രാവോ ഒരു റണ്‍സ് മാത്രം വിട്ട് നല്‍കിയപ്പോള്‍ ചെന്നൈ 20 റണ്‍സ് വിജയം നേടി. ബ്രാവോയും കരണ്‍ ശര്‍മ്മയും രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ സാം കറന്‍, രവീന്ദ്ര ജഡേജ, ശര്‍ദ്ധുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

Advertisement