
മുംബൈ ഇന്ത്യന്‍സിനെ പരാജയത്തിലേക്ക് തള്ളിയിട്ട് ജോസ് ബട്ലര്. തന്റെ തുടര്‍ച്ചയായ അഞ്ചാം ഐപിഎല്‍ അര്‍ദ്ധ ശതകം നേടിയ ജോസ് ബട്ലര് വീണ്ടും ബാറ്റിംഗ് മികവ് പുലര്‍ത്തിയപ്പോള്‍ മുംബൈ ഉയര്‍ത്തിയ 169 റണ്‍സ് ലക്ഷ്യത്തെ 18 ഓവറില്‍ 3 വിക്കറ്റുകളുടെ നഷ്ടത്തില്‍ രാജസ്ഥാന് മറികടക്കുകയായിരുന്നു. ജോസ് ബട്ലര് 94 റണ്‍സ് നേടി പുറത്താകാതെ നിന്ന് രാജസ്ഥാനെ 7 വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു. മികച്ച തുടക്കത്തിനു ശേഷം മധ്യ ഓവറുകളില്‍ മത്സരം കൈവിട്ട ശേഷം ഹാര്‍ദ്ദിക് പാണ്ഡ്യയുടെ മികവിലാണ് മുംബൈ 168 റണ്‍സ് എന്ന പൊരുതാവുന്ന സ്കോറിലേക്ക് എത്തിയത്.
ആദ്യ ഓവറില്‍ ഡാര്‍സി ഷോര്‍ട്ട് പുറത്തായ ശേഷം രണ്ടാം വിക്കറ്റില്‍ ജോസ് ബട്ലര്-അജിങ്ക്യ രഹാനെ കൂട്ടുകെട്ട് 95 റണ്‍സാണ് നേടിയത്. ജോസ് ബട്ലര് തന്റെ തുടര്‍ച്ചയായ അഞ്ചാം ഐപിഎല്‍ അര്‍ദ്ധ ശതകം നേടിയപ്പോള്‍ അജിങ്ക്യ രഹാനെ 37 റണ്‍സ് നേടി പുറത്തായി. നിര്‍ണ്ണായകമായ റണ്ണുകള്‍ നേടിയെങ്കിലും രഹാനെയുടെ ഇന്നിംഗ്സിനു വേണ്ടത്ര വേഗത പോരായിരുന്നു. 36 പന്തുകളാണ് രാജസ്ഥാന് നായകന് ഇതിനായി നേരിട്ടത്. 35 പന്തില്‍ നിന്നാണ് ബട്ലര് തന്റെ അര്‍ദ്ധ ശതകം നേടിയത്.
ഹാര്‍ദ്ദിക് പാണ്ഡ്യ 14ാം ഓവറിന്റെ ആദ്യ പന്തില്‍ രഹാനയെ പുറത്താക്കി മുംബൈയ്ക്ക് ബ്രേക്ക് ത്രൂ നല്‍കിയെങ്കിലും ഓവറിലെ അവസാന മൂന്ന് പന്തില്‍ ഒരു സിക്സും ഒരു ബൗണ്ടറിയും സഹിതം 12 റണ്‍സ് നേടി ജോസ് ബട്ലര് തന്റെ ഉദ്ദേശ്യം വ്യക്തമാക്കി. അടുത്ത ഓവറില്‍ ജസ്പ്രീത് ബുംറയെയും ബൗണ്ടറിയും സിക്സും പായിച്ച് ബട്ലര് രാജസ്ഥാന്റെ ലക്ഷ്യം കൈയ്യെത്തും ദൂരത്തെത്തിക്കുകയായിരുന്നു.
സഞ്ജു സാംസണും റണ്‍സ് കണ്ടെത്തിയപ്പോള്‍ രാജസ്ഥാനു അവസാന നാലോവറില്‍ വിജയിക്കുവാന്‍ നേടേണ്ടിയിരുന്നത് 25 റണ്‍സായിരുന്നു. 18ാം ഓവര്‍ എറിഞ്ഞ ഹാര്‍ദ്ദിക് പാണ്ഡ്യയെ തുടരെ രണ്ട് സിക്സുകള്‍ പായിച്ച സഞ്ജു സാംസണ് എന്നാല്‍ ഓവറിലെ അഞ്ചാം പന്തില്‍ ക്യാച്ച് നല്കി പുറത്താകുമ്പോള്‍ രാജസ്ഥാനു ലക്ഷ്യം 4 റണ്‍സ് അകലെയായിരുന്നു. 14 പന്തില്‍ 26 റണ്‍സാണ് സഞ്ജുവിന്റെ സംഭാവന.
അതേ ഓവറില്‍ പാണ്ഡ്യയെ സിക്സര്‍ പറത്തി ജോസ് ബട്ലര് രാജസ്ഥാനു വിജയം സമ്മാനിച്ചു. 53 പന്തില്‍ നിന്ന് 5 സിക്സും 9 ബൗണ്ടറിയുടെയും സഹായത്തോടെയാണ് 94 റണ്‍സ് നേടി ബട്ലര് പുറത്താകാതെ നിന്നത്. വിക്കറ്റ ലഭിച്ചില്ലെങ്കിലും ക്രുണാല്‍ പാണ്ഡ്യ, മിച്ചല്‍ മക്ലെനാഗന് എന്നിവര്‍ മുംബൈയ്ക്കായി ഭേദപ്പെട്ട രീതിയില്‍ പന്തെറിഞ്ഞു. രണ്ട് വിക്കറ്റ് വീഴ്ത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യ 52 റണ്‍സാണ് തന്റെ നാലോവറില്‍ വഴങ്ങിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial